Wednesday, August 27, 2014

ഗാന്ധിയുടെ മുസ്ലീം പ്രേമം ഒരു കാപട്യം


മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. ദലിത് ബന്ധു എഴുതുന്നു...




ദലിത് ബന്ധു



ഗോഡ്‌സെ പ്രതിപാദിക്കുന്നതുപോലെ ഗാന്ധിയുടെ മുസ്ലീം പ്രേമം അത്ര കറകളഞ്ഞതും ആത്മാര്‍ത്ഥതയേറിയ തുമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് തോന്നിയിട്ടില്ല. തോന്നിയിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ എന്ന ചിന്തതന്നെ അവരില്‍ ഉദിക്കുമായിരുന്നില്ല. ജിന്ന ഒരു വര്‍ഗീയവാദി ഒന്നുമായിരുന്നില്ല. അദ്ദേഹത്തെ വര്‍ഗീയവാദിയാ ക്കിയത് ഗാന്ധിയാണ്. അത് ബോധപൂര്‍വമുള്ള ശ്രമമാണ്.

മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. എല്‍ കെ അദ്വാനി പോലും ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത് അദ്ദേഹം തികച്ചും ഒരു സെക്കുലറിസ്റ്റായിരുന്നു എന്നാണ്. അന്ന് അത് പത്രവാര്‍ത്തയാ യിരുന്നു. ജിന്ന മതശാസനകളൊന്നും അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു തനി ഭൗതികവാദിയായിരുന്നു എന്ന് റാഫിക് സക്കറിയ The man who divided India എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ആ ജിന്നയെയാണ് മുസ്ലീം ലീഗില്‍ ചേരുന്നതിന് മുമ്പുപോലും ഒരു മുസ്ലീം സുഹൃത്തായി ഗാന്ധി കണ്ടത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് മലബാറിലെ മുസ്ലീങ്ങള്‍ പാടിയത്;
'തെല്ലു കഴിഞ്ഞാല്‍ ഗാന്ധി പറയും
ഇന്ത്യയില്‍ മാപ്പിള പാടില്ല' എന്നാണ്.

എന്നാല്‍ തമ്മില്‍ കാണുന്നതുവരെ ഗാന്ധി ഡോ. അംബേഡ്കറെ ഒരു ബ്രാഹ്മണനായിട്ടാണ് ചിന്തിച്ചിരുന്നത്. ഇത്രയേറെ കഴിവും അറിവും ധിഷണാശക്തിയുമുള്ള ആള്‍ ബ്രാഹ്മണനായിരിക്കും. ഗാന്ധിക്ക് ഏകപക്ഷീയമായ ചില ധാരണകളെല്ലാം മുന്‍കൂട്ടിത്തന്നെ ഉണ്ടായിരുന്നു. സ്വയം അതിന്റെ പുറകേ ഇഴയാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തു വന്നതിനു ശേഷമാണ് മുസ്ലീങ്ങള്‍ അവരുടെ താത്പര്യം കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി പരിഗണിക്കേ ണ്ടതാണ് എന്ന് ചിന്തിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗാന്ധിയന്‍ സമരം രൂക്ഷമായപ്പോഴാണ് മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശവും രാജ്യവും വേണമെന്ന് അവര്‍ക്കുതന്നെ ബോധ്യപ്പെട്ടത് എന്ന് ലാറി കൊളിന്‍സും ഡൊമനിക് ലാപിയറും ചേര്‍ന്നെഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' (മലയാള വിവര്‍ത്തനം) 14 ആം പതിപ്പ് 119 ആം പേജില്‍ കാണാം. വിജയനഗര രാജാക്കന്മാര്‍ ഭരിച്ചപ്പോഴോ ശിവജി ഭരിച്ചപ്പോഴോ ആ രാജ്യങ്ങളിലുണ്ടാ യിരുന്ന മുസ്ലീങ്ങള്‍ക്ക് പോലും അത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ല. അവര്‍ തനി ഹിന്ദുരാജാക്കന്മാരായിരുന്നു. മുസ്ലീങ്ങളുടെ ശത്രുക്കള്‍ ആയിരുന്നില്ല. ഗാന്ധി കോണ്‍ഗ്രസിന്റെ രാജാവായപ്പോഴാണ് മറിച്ചു ചിന്തിക്കാനിടയായത്.

1906 ല്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു. എങ്കിലും 1920 ല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഏകാധിപതി ആയതിനുശേഷം നടത്തപ്പെട്ട പ്രസ്താവനക ളും പ്രസംഗങ്ങളും പ്രവര്‍ത്തികളും മൂലം 1940 ലാണ് മുസ്ലീം ലീഗ് ആദ്യമായി പാക്കിസ്ഥാന്‍ വാദം അംഗീകരിച്ചത്. മതമൗലികവാദിയും ഹിന്ദുത്വ ചിന്താഗതിക്കരനുമെല്ലാമായ ബാലഗംഗാധര തിലകന്റെ കാലത്ത് മുസ്ലീം ലീഗ് സ്ഥാപിച്ചു എന്നു മാത്രം. തിലകന്റെ ഗണേശ പൂജക്ക് സാധിക്കാത്തത് ഗാന്ധിയുടെ രാമരാജ്യത്തിന് സാധിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഇസ്ലാമില്‍ ചേര്‍ന്ന് സയ്യിദ് ഹുസൈനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ തടഞ്ഞത് മുസ്ലീം പ്രേമി എന്നു പറയുന്ന ഗാന്ധി തന്നെയാണ്. മുസ്ലീം പ്രേമം പറയാനുള്ളതാണ് പ്രവര്‍ത്തിക്കാനുള്ളതല്ല. ഏറെ നാളത്തെ ഗാന്ധിയുടെ നിരന്തര പരിശ്രമഫലമായാണ് എസ് കെ പണ്ഡിറ്റുമായുള്ള വിവാഹത്തിന് അവര്‍ സമ്മതം മൂളിയത്. ഗനിലാല്‍ ഗൗബ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ ഗാന്ധി അദ്ദേഹത്തെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ വേണ്ടി ഏറെ ശ്രമിച്ചു. ഗാന്ധിയുടെ മകന്‍ ഹിരലാല്‍ ഇസ്ലാംമതം അംഗീകരിച്ചപ്പോള്‍ ഗാന്ധി അവനെ വിളിച്ചത് ഭ്രാന്തനെന്നാണ്. അബ്ബാസ് ത്വയ്യബ്ജിയുടെ മകള്‍ ഹനാ ത്വയ്യബ്ജിയെ ശങ്കര്‍ലാല്‍ ബംഗള്‍ വിവാഹം കഴിച്ചപ്പോള്‍ ഗാന്ധി ആ വിവാഹത്തിന് മംഗളങ്ങള്‍ നേര്‍ന്നു. ഇസ്ലാം മതം ഉപേക്ഷിച്ചുകൊണ്ടാണ് ത്വയ്യബ്ജിയുടെ മകള്‍ വിവാഹിതയായത്. ഗാന്ധിയുടെ കപട മുസ്ലീം പ്രേമത്തിന് ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഇനിയും നിരത്താനുണ്ട്.

അതിനാല്‍ ഗോഡ്‌സെ വാദിക്കുന്ന ഗാന്ധിയുടെ മുസ്ലീം പ്രേമം കൊല്ലുന്നതിനു മുമ്പ് പട്ടിയെ പേപ്പട്ടി എന്നു വിളിക്കുന്നതു മാത്രമാണ്. തന്റെ ഉള്ളിലരിപ്പു ഒളിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധ തന്ത്രശാലിയായിരുന്നു ഗാന്ധി എന്നു മാത്രമാണ് അത് കാണിക്കുന്നത്. വെറും പയ്യനായ ഗോഡ്‌സെക്ക് മനസ്സി ലാകുന്നതിലേറെ ചാണക്യനായിരുന്നു അദ്ദേഹം.

ഗോഡ്‌സെ തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത്, ഗാന്ധി ഇന്ത്യയിലെ ജനങ്ങളെ വിഢികളാക്കി എന്നാണ്. യഥാര്‍ത്ഥത്തില്‍ വിഢിയായത് ഗോഡ്‌സെ തന്നെയാണ്. ഗോഡ്‌സെയുടെ അനുയായികള്‍ക്ക് ഗാന്ധിയെ ഇന്ന് അംഗീകരിക്കേണ്ടിവന്നു എന്നതുതന്നെയാണ് അതിന് ഏറ്റവും പ്രധാനമായ തെളിവ്. ്അന്ന് ഗാന്ധി എന്തെല്ലാം പറഞ്ഞിരുന്നുവോ ഇന്ന് അതെല്ലാമണ് അവരുടെ മുദ്രാവാക്യങ്ങള്‍. ഗോഹത്യ നിരോധിക്കണം. മതപരിവര്‍ത്തനം പാടില്ല. ഇന്ത്യയിലെ ദലിതര്‍ ഹിന്ദുക്കളാണ്. ഹിന്ദുമതം ഇന്ത്യുടെ ദേശീയ മതമാണ്. രാമനാണ് ഇന്ത്യയുടെ ആരാധ്യ പുരുഷനും മാതൃകയും. ഗാന്ധിക്ക് രാമരാജ്യം ഗോഡ്‌സെയുടെ അനുയായികള്‍ക്ക് രാമക്ഷേത്രമാണ് ജീവന്മന്ത്രം തുടങ്ങി അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണി ക്കാനുണ്ട്.



ഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അനേകം ദേശീയ നേതാക്കളുടെ പടം കണ്ടു. പുഷ്യമിത്ര സുംഗന്‍ മുതല്‍ ശിവജി വരെയുള്ളവര്‍. പക്ഷെ, ശ്രീരാമന്റെ പടം മാത്രം കണ്ടില്ല. ഗാന്ധിയാണ് ഹിന്ദുത്വവാദികള്‍ക്ക് ശ്രീരാമനെ നല്‍കിയത്. 


ഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അനേകം ദേശീയ നേതാക്കളുടെ പടം കണ്ടു. പുഷ്യമിത്ര സുംഗന്‍ മുതല്‍ ശിവജി വരെയുള്ളവര്‍. പക്ഷെ, ശ്രീരാമന്റെ പടം മാത്രം കണ്ടില്ല. ഗാന്ധിയാണ് ഹിന്ദുത്വവാദികള്‍ക്ക് ശ്രീരാമനെ നല്‍കിയത്. ആര്‍എസ്എസ് 1925 മുതല്‍ തീവ്രപരിശ്രമം നടത്തിയിട്ടും സവര്‍ണ ഹിന്ദുക്കളുടെ ഇടയില്‍ മാത്രം അത് പ്രചരിച്ചു. ഇന്ന് ഹിന്ദുത്വത്തിന് ദലിതരുടെ ഇടയിലുള്ള ശക്തി ബാബ്‌റി മസ്ജിദ് നശീകരണത്തിലും ഗുജറാത്ത് വംശഹത്യയിലും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ദലിത്  പിന്നാക്ക വിഭാഗങ്ങളെ ഹിന്ദുത്വത്തിലേക്ക് ആനയിക്കുന്ന ചിന്തക്ക് രൂപംകൊടുത്തത് തന്നെ ഗാന്ധിയാണ്. ഗാന്ധി മുസ്ലീം പ്രേമിയായി രുന്നില്ല. ഹിന്ദു പ്രേമിതന്നെയാണ്. തെറ്റു പറ്റിയത് ഗോഡ്‌സെക്കാണ്. ഗാന്ധിവധമല്ല ഗോഡ്‌സെയുടെ ഏറ്റവും വലിയ തെറ്റ്, ഗാന്ധിയെ മനസ്സിലാക്കാന്‍ കഴിയാതെപോയി എന്നതാണ് ഗോഡ്‌സെക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. അതുകൊണ്ട് നഷ്ടം സംഭവിച്ചത് മുഴുവന്‍ ഹിന്ദുത്വ വാദികള്‍ക്കുമാണ്. ഗാന്ധിവധംകൊണ്ട് ഗാന്ധിസ്റ്റുകള്‍ക്ക് ഒരു രക്തസാക്ഷി യെ സംഭാവന ചെയ്യാന്‍ ഗോഡ്‌സെക്ക് കഴിഞ്ഞു. ഗോഡ്‌സെ ഗാന്ധിയെ വധിച്ചില്ലായിരുന്നുവെങ്കില്‍ ഗാന്ധി ഇത്രയേറെ പ്രശസ്തനാകു മായിരുന്നില്ല. ഇതിനു മുമ്പേ ഹിന്ദുത്വം അധികാരം പിടിച്ചെടുക്കുമായിരുന്നു. രാജ്യത്തെ ബഹുജനങ്ങള്‍ക്ക് ഹിന്ദുത്വവാദികളോട് ഇത്രയേറെ വെറുപ്പു ണ്ടാകുമായിരു ന്നില്ല. ആര്‍എസ്എസ് കുറച്ചുകാലത്തേക്കെങ്കിലും നിരോധിക്കപ്പെടു മായിരുന്നില്ല. അതെല്ലാം സംഭവിച്ചതുകൊണ്ടാണ് തനി ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരത്തിലെത്താന്‍ അധികകാലം വേണ്ടിവന്നത്.

Thursday, August 21, 2014

ദേശീയഗാനത്തോടുള്ള ആദരവ് എങ്ങനെ?

ദേശീയ ഗാനത്തെ അപമാനിച്ചു എന്ന ആരോപിച്ച് സല്‍മാനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വെച്ചിരരിക്കുന്നു. അപ്പോള്‍ ദേശീയ ഗാനം ആലപിച്ചു എന്ന് പറയുന്ന തീയറ്റര്‍ നടത്തിയിരിക്കുന്ന ദേശീയ ഗാന ത്തെ അപമാനിക്കലിനെതിരെ എന്തുകൊണ്ട് ദേശ സ്‌നേഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആക്രോശങ്ങള്‍ ഉയര്‍ത്തുന്നില്ല എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ദേശീയ ഗാനം ആലപിക്കുന്നതിന് ചില രീതികളുണ്ട്. അത് മറികടന്നുകൊണ്ടാണ് ഇവിടെ ഇചത് ആലപിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഇവിടെ ആലപിക്കപ്പെട്ടിരിക്കുന്നത് റെക്കോര്‍ഡ് പ്ലേയാണ്. അത് ദേശീയ ഗാനമായി കണക്കാക്കാനാവുമോ? ഇതിന്റെ വെളിച്ചത്തില്‍ ഫ്രീ തിങ്കേഴ്‌സ് എന്ന് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു സ്റ്റാറ്റസ് പങ്കുവെയ്ക്കട്ടെ.. ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് റോഹിന്‍ ടി. നാരായണനാണ്.




ദേശത്തോടുള്ള സ്നേഹം, ആദരവ് എന്നിവ പലരും പ്രകടിപ്പിക്കുന്നത് ചിലപ്പോൾ വളരെ സബ്ജക്റ്റീവ് രീതിയിലായിരിക്കാം. ദേശീയഗാനം ആലപിക്കുമ്പോൾ മസിലുപിടിച്ചു നിന്നാൽ ചിലർകത് ദേശഭക്തിയായി. വേറെ ചിലർ രാഷ്ട്രനിമ്മാണത്തിൽ ക്രിയാത്മകമായ പങ്കു ചേരുന്നതിലൂടെ അത് പ്രകടിപ്പിക്കുന്നു. ദേശഭക്തി മീറ്റർ ഒക്കെ ചില ആളുകൾ കൊണ്ടു നടക്കുന്ന കാലമാണ് അത് കൊണ്ടു ഒരു ജഡ്ജ്മെന്റിനു ഞാൻ മുതിരുന്നില്ല  . നിങ്ങൾ തന്നെ തീരുമാനിക്കുക.
വേറെ ചിലകാര്യങ്ങളാണ് ഈ പോസ്റ്റിൽ പറയാനാഗ്രഹിക്കുന്നത്. ദേശീയഗാനത്തെക്കുറിച്ചും അത് ആലപിക്കേണ്ട രീതിയെയും കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്ത് പറയുന്നു എന്ന് നോക്കാം.
52 സെക്കൻഡുകൾകൊണ്ട് പാടിതീർക്കാവുന്ന ഒരു ഫുൾ വേർഷനും 20 സെക്കൻഡുകൾ കൊണ്ടു പാടി തീർക്കാവുന്ന ഒരു ഷോർട്ട് വേർഷനുമുണ്ട് നമ്മുടെ ദേശീയഗാനത്തിന്.
ദേശീയ ഗാനത്തിന്റെ orchestral playing നും സമൂഹ ആലാപനത്തിനും രണ്ടു തരം code of conduct ആണുള്ളത്.


അതായത് ഒരു നിശാ ക്ലബ്ബിൽ ദേശീയഗാനം play ചെയ്തതിനുശേഷം ആളുകൾ ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്നു പറയുന്നതിൽ കഥയില്ല. ദേശീയഗാനം play ചെയ്യുന്നത് അതർഹിക്കുന്ന സ്ഥലങ്ങളിലാണ്. സിനിമാശാലകളൊക്കെ ദേശീയഗാനം പാടിയ്ക്കാൻ പറ്റിയ സ്ഥലങ്ങളാണെന്നു എന്തായാലും ഞാൻ കരുതുന്നില്ല.
ഇനി ചില പൊതു നിർദ്ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.


orchestral playing അനുവദിക്കപ്പെട്ടിട്ടുള്ള ചടങ്ങുകൾ strictly ceremonial ആണ്.
സിവിൽ, മിലിറ്ററി അനുമോദന ചടങ്ങുകൾ, ഗവർണർമാർ, പ്രസിഡന്റ് എന്നിവർ നാഷ്ണൽ സെല്യൂട്ട് സ്വികരിക്കുമ്പോൾ, പരേഡുകൾ നടക്കുമ്പോൾ, പ്രസിഡന്റ് ദേശത്തെ അഭിസംബോധന ചെയ്യുമ്പോൾ, രാഷ്ട്രത്തിന്റെയോ, സംസ്ഥാനങ്ങളുടെയോ ഔദ്യോഗിക ചടങ്ങുകളിൽ, ദേശീയ പതാക ഉയർത്തുമ്പോൾ എന്നിവയാണ് ഇത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ സാധാരണയായി ദേശീയഗാനം play ചെയ്യാറില്ലെങ്കിലും ചില സന്ദർഭങ്ങളിൽ ആവാം എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.
(മിലിറ്ററി ? ) മെസ്സുകളിൽ drinks നുമുൻപ് വേണമെങ്കിൽ short version play ചെയ്യാമെന്നും കാണുന്നു.


ദേശീയഗാനം ആലപിക്കുമ്പോൾ പൗരന്മാർ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കേണ്ടതാകുന്നു. എന്നാൽ വല്ല ഡോക്യുമെന്ററിയുടെയോ, അല്ലെങ്കിൽ സിനിമയുടെയോ ഭാഗമായാണ് ദേശീയഗാനം ആലപിക്കുന്നതെങ്കിൽ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല

ഇനി ചില സിവിലിയൻ ചടങ്ങുകളിൽ ദേശീയഗാനം play ചെയ്യുന്നതോടൊപ്പം വേണമെങ്കിൽ സമൂഹ ആലാപനവും ആവാം. അത്തരം ചടങ്ങുകളിൽ proper decorum ഉണ്ടെങ്കിൽ മാത്രമേ അത് ചെയ്യാവൂ എന്നും നിർദ്ദേശിക്കപ്പെടുന്നുണ്ട്.
അതായത് ഒരു നിശാ ക്ലബ്ബിൽ ദേശീയഗാനം play ചെയ്തതിനുശേഷം ആളുകൾ ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്നു പറയുന്നതിൽ കഥയില്ല. ദേശീയഗാനം play ചെയ്യുന്നത് അതർഹിക്കുന്ന സ്ഥലങ്ങളിലാണ്. സിനിമാശാലകളൊക്കെ ദേശീയഗാനം പാടിയ്ക്കാൻ പറ്റിയ സ്ഥലങ്ങളാണെന്നു എന്തായാലും ഞാൻ കരുതുന്നില്ല.
ഇനി ചില പൊതു നിർദ്ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.
1) ദേശീയഗാനം ആലപിക്കുമ്പോൾ പൗരന്മാർ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കേണ്ടതാകുന്നു. എന്നാൽ വല്ല ഡോക്യുമെന്ററിയുടെയോ, അല്ലെങ്കിൽ സിനിമയുടെയോ ഭാഗമായാണ് ദേശീയഗാനം ആലപിക്കുന്നതെങ്കിൽ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല
2) ദേശീയ പതാകപോലെ ദേശീയഗാനത്തെയും എങ്ങനെ ആദരിക്കണം ബഹുമാനിക്കണം എന്നതൊക്കെ പൗരന്മാരുടെ ഉത്തമ ബോധ്യത്തിനു വിടുന്നുവെങ്കിലും വകതിരിവില്ലാതെ അനവസരങ്ങളിൽ ദേശീയഗാനം ആലപിയ്ക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു.
മുഴുവൻ നിർദേശങ്ങളും ദേ ഇവിടെ വായിക്കാം
(http://mha.nic.in/sites/upload_files/mha/files/pdf/NationalAnthem(E).pdf)
അപ്പോ പറഞ്ഞു വന്നത്.. ദേശഭക്തി കൂട്ടാനുള്ള ഒരു വയാഗ്രയല്ല ദേശീയഗാനം. അനവസരങ്ങളിൽ അത് പാടുകയും എഴുന്നേറ്റു നിൽക്കാത്തവർക്കെതിരേ ഉദ്ധരിച്ച ജിംഗോയിസ്റ്റ് ദേശീയത എടുത്ത് വീശുന്നതും വളരെ പരിഹാസ്യമാണ് ദേ താഴെക്കാണുന്ന ചിത്രം പോലെ:

Saturday, July 5, 2014

എഡിറ്റോറിയലില്‍ നിറയുന്ന സാംഘി ദേശാഭിമാനം

 വൃന്ദാ കാരാട്ടും ഇടതുബുദ്ധിജീവികളില്‍ ചിലരും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ട ഐ.ബി. റിപ്പോര്‍ടിന്റെ യഥാര്‍ഥ താത്പര്യം ചൂണ്ടിക്കാട്ടിയിട്ടും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ മുഖപത്രം റിപ്പോര്‍ടിനെ മുഖവിലയ്‌ക്കെടുത്തത് വലതുനേതൃത്വത്തിന്റെ പാര്‍ട്ടിയിലുള്ള അപ്രമാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. വി.കെ. ബാബു എഴുതുന്നു.







ഒപ്പിനിയന്‍ | വി.കെ. ബാബു

  
'സമസ്ത വികസന പ്രവര്‍ത്തനങ്ങളേയും മരവിപ്പിച്ചു നിര്‍ത്തി രാജ്യത്തെ പിന്നോക്കാവസ്ഥയില്‍ എന്നന്നേക്കുമായി തളച്ചിടാന്‍ വിദേശത്തുനിന്ന് അച്ചാരം വാങ്ങി കേരളത്തിലടക്കം ചില പരിസ്ഥിതി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഐ.ബി. റിപ്പോര്‍ട്.' പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് എഴുതപ്പെട്ട ഒരു എഡിറ്റോറിയലിലെ ദേശസ്‌നേഹം തുളുമ്പുന്ന വാക്യങ്ങളാണിത്. എഡിറ്റോറിയല്‍ ജന്മഭൂമി പത്രത്തിലോ കേസരിയിലോ പ്രത്യക്ഷപ്പെട്ടതല്ല. 'പരിസ്ഥിതി സംരക്ഷണവും വികസനവും'  എന്ന തലവാചകത്തില്‍ ദേശാഭിമാനം വിജൃംഭിതമായത്  26.05.2014 ലെ ദേശാഭിമാനിയിലാണ്.

'പരിസ്ഥിതിയുടെ പേരുപറഞ്ഞ് ഏതു വികസനപദ്ധതിയും മുടക്കാന്‍ സമൂഹത്തില്‍ ഇടപെടുന്ന ചിലര്‍ ഉണ്ടോ എന്ന സംശയം കേരളത്തില്‍ നേരത്തെ തന്നെ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പതാകയുമായി നടക്കുന്ന ചില വ്യാജ സംഘടനകള്‍ക്കും കപട വ്യക്തിത്വങ്ങള്‍ക്കും വിദേശഫണ്ട് ലഭിക്കുന്നതായുള്ള സൂചനകളും നേരത്തെ തന്നെ വന്നിരുന്നു. അങ്ങനെയുള്ള സംഘടനകള്‍  ഉണ്ട് എന്നത് ഐ.ബി. റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.'  എഡിറ്റോറിയല്‍ കത്തിക്കയറുന്നത് ഇങ്ങനെ.

കേന്ദ്രത്തിലെ സംഘപരിവാര്‍ ഭരണകൂടം സ്ഥാപിത താല്‍പര്യത്തോടെ ലീക്ക് ചെയ്ത് പുറത്തുവിട്ട ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടാണ് തൊഴിലാളിവര്‍ഗ ജിഹ്വ നല്ല അവസരം എന്ന നിലയില്‍ പരിഗണിച്ച് ഇഷ്ടമില്ലാത്തവരെയെല്ലാം അടിക്കാനുള്ള വ്യവസ്ഥാപിതത്വത്തിന്റെ  വടിയാക്കി ഉപയോഗിച്ചിരിക്കുന്നത്.


ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയും കൂടംകുളം ആണവനിലയത്തിന്റേയും ഒക്കെ കാര്യത്തിലെന്നപോലെ സി പി ഐ എം നിക്ഷിപ്തതാത്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കും ഒപ്പം ആണെന്ന് അടിവരയിടുന്നുണ്ട് എഡിറ്റോറിയല്‍.




എഡിറ്റോറിയലിലാകട്ടെ ഈ റിപ്പോര്‍ട് ചോര്‍ന്നുകിട്ടിയതിനെപ്പറ്റിയോ ഭരണകൂടം ചോര്‍ത്തിക്കൊടുത്തത് ആകാനുള്ള സാധ്യതയെപ്പറ്റിയോ ഒരക്ഷരവും ഇല്ല. നിരുപദ്രകരമായ ഒരു കാര്യം എന്ന നിലയിലാണ് പത്രം ഇതിനെ കാണുന്നത്. സര്‍ക്കാറിന്റെ തന്ത്രങ്ങളെക്കുറിച്ച് സാധാരണയായി വാചാലമാകുന്ന പത്രം ഇക്കാര്യത്തില്‍ വ്യവസ്ഥാപിത വ്യാഖ്യാനങ്ങളെ പൂര്‍ണ്ണവിശ്വാസത്തിലെടുക്കുകയാണ് ചെയ്യുന്നത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയും കൂടംകുളം ആണവനിലയത്തിന്റേയും ഒക്കെ കാര്യത്തിലെന്നപോലെ സി പി ഐ എം നിക്ഷിപ്തതാത്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കും ഒപ്പം ആണെന്ന് അടിവരയിടുന്നുണ്ട് എഡിറ്റോറിയല്‍. എതിര്‍പ്പുകളെ ഇല്ലാതാക്കി ആഗോളധനകാര്യസ്ഥാപനങ്ങള്‍ക്ക് നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ പശ്ചാത്തലമൊരുക്കുന്നതിന്റെ മുന്നോടിയാണ് ഐ.ബി. റിപ്പോര്‍ട്ടെന്ന് ഇടതുപക്ഷമനോഭാവമുള്ളവര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ വിഷമമില്ലെന്നിരിക്കെയാണ് ദേശാഭിമാനി നഗ്‌നമായി വേട്ടക്കാര്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ടിനെതിരെ എല്ലാ  ബ്രാന്‍ഡിലുമുള്ള നിക്ഷിപ്ത താത്പര്യക്കാരെ സമാഹരിക്കുന്നതില്‍ നിസ്തുലമായി പ്രവര്‍ത്തിച്ച സി.പി.ഐ.എം നിലപാട് കൂടുതല്‍ തെളിമയോടെ വ്യക്തമാക്കിയിരിക്കുകയാണ് ഇതിലൂടെ.

തൂക്കമൊപ്പിക്കാന്‍ പരിസ്ഥിതി സംഘടനകളില്‍ ചില നല്ല സംഘടനകളുണ്ട് എന്നെല്ലാം തട്ടിയിട്ടുണ്ട് എഡിറ്റോറിയലില്‍. വൃന്ദാ കാരാട്ടും ഇടതുബുദ്ധിജീവികളില്‍ ചിലരും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ട ഐ.ബി. റിപ്പോര്‍ടിന്റെ യഥാര്‍ഥ താത്പര്യം ചൂണ്ടിക്കാട്ടിയിട്ടും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ മുഖപത്രം റിപ്പോര്‍ടിനെ മുഖവിലയ്‌ക്കെടുത്തത് വലതുനേതൃത്വത്തിന്റെ പാര്‍ട്ടിയിലുള്ള അപ്രമാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്.

വിദേശമൂലധന താത്പര്യത്താല്‍ പ്രേരിതമായ വികസനപദ്ധതികളുടെ ഇരകളാകുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളെയാണ് ഐ.ബി. റിപ്പോര്‍ട്ട് ലക്ഷ്യം വെയ്ക്കുന്നത് എന്ന് വ്യക്തമായിരിക്കേ റിപ്പോര്‍ടിന്റെ ഗുണവും ദോഷവും കാണുന്നു എന്ന വ്യാജേന ദേശാഭിമാനി നടത്തുന്ന മൂലധനസേവ കാണാതെ പോകുമെന്ന മൗഢ്യം പത്രാധിപര്‍ക്കുണ്ടാകാം. വിപരീതസ്വരങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകള്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രം മനസ്സിലാകുന്ന 'ഇരവാദികള്‍' ഇത് പ്രത്യക്ഷപ്പെട്ടത് ദേശാഭിമാനിയില്‍ ആയതുകൊണ്ട് മൗനത്തിലുമാകും. അതുകൊണ്ടുമാത്രം ജനങ്ങളെ കബളിപ്പിക്കാനാകും എന്ന് വ്യാമോഹിക്കാന്‍ എഡിറ്റോറിയല്‍ രചയിതാവിനുള്ള സ്വാതന്ത്ര്യത്തെ വകവച്ചുകൊടുക്കാം.

രാജ്യത്തെ കോര്‍പ്പറേറ്റ് രാജിലേക്ക് നയിക്കാനുള്ള വെമ്പലില്‍, വര്‍ഷങ്ങളായി അനുമതിക്കായി കാത്തുകിടക്കുന്ന മെഗാ പ്രൊജക്ടുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള നിലമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു റിപ്പോര്‍ട് എന്ന് കാണാനുള്ള ഇടതുബോധം ഇല്ലാത്തവരാണോ ദേശാഭിമാനിയുടെ ചുമതലക്കാര്‍? പരിസിഥിതി/ദളിത്/ഭൂപ്രശ്‌നം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോട് സംവാദാത്മകമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടവര്‍ ഭരണകൂടത്തിന്റെ ഭാഷ്യങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നതിലെ വലതുപക്ഷവല്‍കരണം ഭീതിപ്പെടുത്തുന്ന ഒന്നാണ്.പ്രതിരോധപ്രസ്ഥാനങ്ങളെ ഭരണകൂടത്തിന്റേയോ  സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റേയോ ഉപകരണങ്ങള്‍ ഉപയോഗ്ച്ച് നേരിടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലാത്ത അവസ്ഥയില്‍ പാര്‍ട്ടി എത്തി എന്നാണ് ഇതു കാണിക്കുന്നത്.

വിവിധ ദല്ലാള്‍ സാമ്പത്തികശക്തികളുമായുള്ള ചങ്ങാത്തമായിരിക്കും പുരോഗമനസ്വഭാവമുള്ള സംഘടനകളുമായുണ്ടായിരുന്ന ബന്ധത്തേക്കാള്‍ ലാഭകരം എന്നു വലതുനേതൃത്വത്തിന് തോന്നുന്നുണ്ടാകണം. ഇതിനൊക്കെ പാര്‍ട്ടി പരിപാടി ഉദ്ധരിച്ച് സാധൂകരണം നല്‍കാനും കഴിയും. വന്‍കിടബൂര്‍ഷ്വാ വിഭാഗമൊഴിച്ച് മറ്റെല്ലാവരും ജനകീയജനാധിപത്യമുന്നണിയിലേയ്ക്ക് വരേണ്ടവരാണ് എന്ന് അതില്‍ എഴുതിവച്ചിട്ടുണ്ടല്ലോ.




കൊച്ചി തൃശ്ശൂര്‍ കേന്ദ്രമാക്കി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന ഒരാളെക്കുറിച്ച് ഉദാഹരിക്കുന്നുണ്ട് കപട പരിസ്ഥിതി പ്രവര്‍ത്തനത്തെ ചൂണ്ടിക്കാനെന്നവണ്ണം ഇതില്‍. എന്നാല്‍ ആളുടെ പേര് പറയാനുള്ള ആര്‍ജവം കാട്ടുന്നില്ല.തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് നിലപാടുകള്‍ എടുക്കാത്ത അഭ്യുദയകാംക്ഷികളായ സംഘടനകളെപ്പോലും ഭരണവര്‍ഗസേവയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ പാര്‍ട്ടിയ്ക്കു മടിയില്ല. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്  പോലും ദേശാഭിമാനിയുടെ എഡിറ്റോറിയലിനെ വിമര്‍ശിക്കേണ്ടിവന്നു.
വിവിധ ദല്ലാള്‍ സാമ്പത്തികശക്തികളുമായുള്ള ചങ്ങാത്തമായിരിക്കും പുരോഗമനസ്വഭാവമുള്ള സംഘടനകളുമായുണ്ടായിരുന്ന ബന്ധത്തേക്കാള്‍ ലാഭകരം എന്നു വലതുനേതൃത്വത്തിന് തോന്നുന്നുണ്ടാകണം. ഇതിനൊക്കെ പാര്‍ട്ടി പരിപാടി ഉദ്ധരിച്ച് സാധൂകരണം നല്‍കാനും കഴിയും. വന്‍കിടബൂര്‍ഷ്വാ വിഭാഗമൊഴിച്ച് മറ്റെല്ലാവരും ജനകീയജനാധിപത്യമുന്നണിയിലേയ്ക്ക് വരേണ്ടവരാണ് എന്ന് അതില്‍ എഴുതിവച്ചിട്ടുണ്ടല്ലോ. സൈദ്ധാന്തികമായും പ്രായോഗികമായും തൊഴിലാളിവര്‍ഗനേതൃത്വം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം അതു നടപ്പാക്കേണ്ടത് എന്നുകൂടി എഴുതിവച്ചിട്ടുണ്ടല്ലോ എന്ന്  ചോദിക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാവില്ല എന്ന് നേതൃത്വത്തിന് തീര്‍ച്ചയുണ്ട്.

പരിസ്ഥിതി വിരുദ്ധവും ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവും ഒക്കെയായ വിജൃംഭിത ദേശീയബോധത്തെ കൂടെ നിര്‍ത്തിയായിരിക്കും സംഘപരിവാര്‍ ഭരണകൂടം കോര്‍പ്പറേറ്റ് അജണ്ടകളും ഫാഷിസ്റ്റ് അജണ്ടകളും നടപ്പാക്കുവാന്‍ പോകുന്നത് എന്നത് വ്യക്തമാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ടികളിലും സംഘടനകളിലും സമാനബോധം അണികളില്‍ പകരാന്‍ നേതൃനിര തയ്യാറാകുന്നത് അവരുടെ ജോലി എളുപ്പമാക്കിത്തീര്‍ക്കും. മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തിന്റെ സര്‍ഗാത്മകപ്രയോഗങ്ങള്‍ക്ക് കെല്‍പ്പില്ലാതിരിക്കുകയും സംഘടനാസംവിധാനം എല്ലാറ്റിനും മുകളിലാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യവസ്ഥാപിതത്വത്തിന് കുടപിടിക്കുന്നതിലേയ്ക്കുമാത്രമേ ഏത് പാര്‍ടിയേയും നയിക്കുകയുള്ളൂ.സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കപ്പെടുക പ്രത്യക്ഷമായി സംഘപരിവാര്‍ പ്രത്യയശാസ്ത്രം സ്വാംശീകരിച്ചിട്ടുള്ള സംഘടനകളിലൂടെ മാത്രമായിരിക്കില്ല.മേലാള വര്‍ഗബോധവും വര്‍ണബോധവും ഉള്‍വഹിക്കുന്ന എല്ലാത്തരം പ്രസ്ഥാനങ്ങളിലൂടെയുമാവാം.

Wednesday, June 18, 2014

അസ്വാഭാവികമായി നമ്മള്‍ എന്തെങ്കിലുമായിരുന്നോ ??



കവിത | സോബിന് മഴവീട്
വര: സ്വാതി ജോര്‍ജ്‌



1
അവന്‍ ഗോമോറ*ക്കാരനായിരുന്നു
ഇരുപത്താറുകാരന്‍ ; ജെസ്റ്റിനോ
ഞാന്‍ പയിസ്സ് ; ഇരുപത്തിനാലുകാരനായ
സോദോം* ദേശക്കാരന്‍

ഒരുക്കങ്ങളില്ലാതെയായിരുന്നു
ഞങ്ങള്‍ തമ്മിലടുത്തത്
ആദ്യത്തെ കാഴ്ച്ച ഞങ്ങള്‍
പ്രണയ ഹൃദയം പങ്കുവച്ചു.
ആദ്യത്തെ വിരല്‍ സ്പര്‍ശം ഞങ്ങള്‍
ഉടലൊരുക്കങ്ങള്‍ കരുതിവച്ചു.
കാലങ്ങളായി ഉള്ളില്‍ നിന്ന്
പ്രവഹിക്കും പോലെ ; എന്തോ ഒരിത്

ഞങ്ങളുടെ ജീവിതം
ഞങ്ങളുടെ തിരഞ്ഞെടുപ്പാകുന്നു.

2
പ്രണയത്തില്‍
നമ്മള്‍വിധിക്കപ്പെടുമെന്ന്
അവര്‍ ആവര്‍ത്തിക്കുന്നു.
നമ്മുടെ ഹൃദയകാമനകളെ
അവര്‍ക്കെങ്ങനെ നിഷേധിക്കാനാകും ??
നമ്മുടെ ആസക്തികളെ
നമ്മുടെ നിര്‍വൃതികളെ
നമ്മുടെ നമ്മുടെ നമ്മുടേതായ
നമ്മുടെയെല്ലാറ്റിനേയും
അവര്‍ക്കെങ്ങനെ ഇല്ലാതാക്കാനാവും

നമ്മള്‍ ഉടല്‍ മാത്രമായിരുന്നില്ലല്ലോ ??


അടുത്ത പേജില്‍ തുടരും
1  2  3

Monday, June 16, 2014

ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും. അജിത് കുമാര്‍ എ.എസ് വിമര്‍ശിക്കുന്നു...



സംവാദം | അജിത്ത് കുമാര്‍ എ.എസ്

മൊഴിമാറ്റം: ഷഫീക്ക് എച്ച്.

അജിത് കുമാര്‍ എ.എസ്: പ്രമുഖ ദളിത് രാഷ്ട്രീയ/സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 3 D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.

2012 ആഗസ്റ്റ് 15ന് റൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചതാണ് 'Don't Give Me Red!' എന്ന ഈ കുറിപ്പ്‌. തെല്‍തുംടെയുടെ വാദമുഖങ്ങളെ വിമര്‍ശിക്കുന്നു ലേഖകന്‍.

നേരിട്ട് കാര്യത്തിലേയ്ക്ക് കടക്കട്ടെ. 2012 ആഗസ്റ്റില്‍ 'It's Not Red Vs Blue' എന്ന തലക്കെട്ടോടുകൂടി ഔട്‌ലുക്ക് പ്രസിദ്ധീകരിച്ച ആനന്ദ് തെല്‍തുംടെയുടെ ലേഖനത്തോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്. പ്രസ്തുതലേഖനത്തോടുള്ള ഒരു സമഗ്രമായ വിമര്‍ശനമൊന്നുമല്ല ഇതെന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും ആനന്ദിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസില്‍ ഉദിച്ച ഏതാനും ചോദ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം.

ക്രിയാത്മകമായൊരു ഇടപെടലിലേയ്ക്ക് ദളിതുകളെയും ഇടതുപക്ഷത്തെയും ക്ഷണിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ആനന്ദ്. അതിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുതന്നെ 'ഇത് ചുവപ്പും നീലയും' തമ്മിലുള്ള സമരമല്ല (It is Not Red Vs Blue) എന്നാണ്. തലക്കെട്ടിനെ കുറിച്ചുള്ള വിശദീകരണം നീങ്ങുന്നത് ഇങ്ങനെയാണ്; 'അംബേദ്ക്കര്‍ ജാതിയെക്കാളും വര്‍ഗത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ആ വഴിക്ക് കാണാന്‍ ഇടതുകള്‍ ശ്രമിക്കുന്നില്ല.' ഇവിടം മുതല്‍ തന്നെയാണ് പ്രശ്‌നം തുടങ്ങുന്നത് അഥവാ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്നെ ആദ്യം ബുദ്ധിമുട്ടിച്ച സംഗതി ഇതാണ്. ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയത്തെ വര്‍ഗത്തിലേയ്ക്ക് ചുരുക്കുന്നതിലൂടെ മാത്രമേ ദളിതുകളും ഇടതുകളും ഒത്തൊരുമിക്കുകയുള്ളു എന്ന് പറയാനല്ലേ ആനന്ദ് ശ്രമിക്കുന്നത്? അതായത് 'മുഖ്യ ഗണ'മായ വര്‍ഗത്തിലേയ്ക്ക് ജാതിയെ വിളക്കിച്ചേര്‍ത്താല്‍ മാത്രമേ അത്തരത്തിലൊരു സഖ്യം സാധ്യമാകു എന്നല്ലേ? അങ്ങനെയാണ് അതിന്റെ അര്‍ത്ഥമെങ്കില്‍, എനിക്ക് തോന്നുന്നു, ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് ഈ ലേഖനം എന്നാണ്. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.



അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളിലേയ്ക്കും കടന്നുപോവുന്ന ആഴത്തിലുള്ള ഒരു വിമര്‍ശനത്തിന് ഞാന്‍ മുതിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാന സമീപനം തന്നെ പ്രശ്‌നമാണ്. ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭിന്നചരിത്രങ്ങളില്‍ അദ്ദേഹം ആകുലപ്പെടുന്നു. അദ്ദേഹം തുടരുന്നു; 'രണ്ടും ഏകദേശം ഒരേ കാലത്താണ് ജന്മം കൊള്ളുന്നത്; ഒരേ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നു; ഒരുപോലെ വളരുകയോ പിളരുകയോ ചെയ്യുന്നു. അവ രണ്ടിനും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയില്ല.'


ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് തെല്‍തുംടെയുടെ ലേഖനം. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.


ഇവിടെ 'അവ രണ്ടും ഒരേ പ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെ'ന്ന് വാദിക്കുന്നതില്‍ എനിക്ക് സംശയമുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്ന വാദത്തിന്റെ തുടര്‍ച്ചയായി ഈ വാദമുഖത്തെ കാണുകയാണെങ്കില്‍, അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകളും ഉന്നയിക്കുന്നത്,അതുകൊണ്ട് ദളിത് പ്രസഥാനം അനാവശ്യമാണ് എന്നല്ലേ അതിനര്‍ത്ഥം? ഈ പ്രസ്ഥാനങ്ങളുടെ 'ഭിന്നത'യുടെ ചരിത്രം അത്രമാത്രം ലളിതമായിരുന്നുവോ? അങ്ങനെയല്ല എന്നുതന്നെയാണ് ഉത്തരം. ഈ ഭിന്നത കേവലം പ്രത്യയശാസ്ത്രപരമായതു മാത്രമല്ല, മറിച്ച് അധികാരബന്ധങ്ങളുടെതുകൂടിയാണ്. കേരളവും ബംഗാളും തന്നെ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ദളിത് പ്രസ്ഥാനവും ഒരേ പ്രശ്‌നങ്ങളല്ല സംസാരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്നുവെങ്കിലും മറ്റ് ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നും ഒട്ടും ഭിന്നരായിരുന്നില്ല അവര്‍. ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. ജാത്യാധിപത്യപ്രശ്‌നത്തിലേയ്ക്ക് കേന്ദ്രീകരിക്കും വിധം സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ഒരു അടിസ്ഥാന വഴിതിരിയല്‍ ഉണ്ടാകണമെന്ന് ദലിത് പ്രസ്ഥാനം ആഗ്രഹിക്കുന്നു. ഹിന്ദുത്വ ശക്തികളും മുഖ്യധാര ഇടതു രാഷ്ട്രീയവും വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ജാതീയമായ സവിശേഷാധികാരം (caste privileges) ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ഇടത് ലിബറല്‍ മതേതരവാദികളാണ് അധീശ 'മലയാളി'കള്‍.

അംബേദ്ക്കര്‍ എപ്രകാരമാണ് തെല്‍തുംടെയുടെ ലേഖനത്തില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത് എന്ന് തെളിയിക്കാനായി 'മര്‍ദ്ദിത വര്‍ഗം' (depressed class) എന്ന പദത്തെ ഉപയോഗിക്കുന്ന തെല്‍തുംടെയുടെ രീതിയോടുള്ള എന്റെ വിയോജിപ്പും രേഖപ്പെടുത്തട്ടെ. നിരുത്തരവാദപരമായ ഒരു രീതിയാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം മര്‍ദ്ദിത വര്‍ഗങ്ങള്‍ എന്നത് അംബേദ്ക്കര്‍ ഉപയോഗിച്ച പദപ്രയോഗമല്ല; മറിച്ച് 1935ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് കടന്നു വരുന്നതുവരെ 'പട്ടിക ജാതി' എന്നതിനു പകരം ഉപയോഗിച്ചുവന്ന ഭരണനിര്‍വ്വഹണപരമായ ഒരു സംവര്‍ഗമാണ്.


ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. 


അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായ 'ജോണ്‍ ഡേവി' സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ അംബേദ്ക്കര്‍ ഒരുപക്ഷെ മാര്‍ക്‌സിസ്റ്റായിത്തീരുമായിരുന്നുവെന്നും തെല്‍തുംടെ അഭിപ്രായപ്പെടുന്നു. അംബേദ്ക്കറുടെ സംഭാവനകളെ അപമാനിക്കലാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കരണം മാര്‍ക്‌സിസം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ചോയിസ് ആണെന്നാണ് ആ വാദത്തിലൂടെ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും.


ആനന്ദ് തെല്‍തുംടെയുടെ ലേഖനം :

ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. പ്രമുഖ മാര്‍ക്‌സിസ്റ്റ് പണ്ഡിതനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംടെ എഴുതുന്നു..





സംവാദം | ആനന്ദ് തെല്‍തുംടെ
മൊഴിമാറ്റം | ഷഫീക്ക് എച്ച്.

ആനന്ദ് തെല്‍തുംടെ: എഴുത്തുകാരന്‍, പൗരവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍. മാര്‍ക്‌സിസവും ജാതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആനുകാലികങ്ങലില്‍ എഴുതിവരുന്നു. Khairlanji, Hindutva and Dalistഎന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.

വിരോധാഭാസങ്ങളുടെ നാടാണ് ഇന്ത്യ. എന്നാല്‍ ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും ഭിന്ന ചരിത്രങ്ങളുടെയത്ര ആനുഷംഗികമല്ല ഈ വിരോധാഭാസങ്ങളൊന്നും. രണ്ടും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് ജന്മം കൊണ്ടത്; ഓരേ വിഷയങ്ങളില്‍ തന്നെയാണ് അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ തന്നെയാണ് വളരുകയോ പിളരുകയോ ചെയ്തിട്ടുള്ളത്. ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രതീക്ഷാരഹിതമായാണ് ഇന്നത്തെ കാലഘട്ടത്തെ നോക്കിക്കാണുന്നത്. എന്നാല്‍ രണ്ടും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാത്ത സ്ഥിതിയുമുണ്ട്. ഈ സമീപനഗര്‍ത്തത്തില്‍ ചുറ്റിത്തിരിയുന്ന അധിക്ഷേപങ്ങളിലധികവും അംബേദ്ക്കറിന്റെ മേല്‍ ചാര്‍ത്തപ്പെട്ടവയാണ്; കേവലം കമ്മ്യൂണിസ്റ്റുകളെയും മാര്‍ക്‌സിസത്തെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചതുകൊണ്ടുമാത്രം. അവയൊക്കെത്തന്നെ നിസ്സാരങ്ങളളായ തെറ്റുകള്‍ മാത്രമായിരുന്നു.

അംബേദ്ക്കര്‍ ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. കൊളംബിയയിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെയും ഫേബിയന്‍ സ്വാധീനത്തിന്‍ കീഴിലാണ് അംബേദ്ക്കറിന്റെ ധൈഷണികധാര വികാസം പ്രാപിക്കുന്നത്. തന്റെ മൊത്തം ബൗദ്ധിക ഉണര്‍വ്വിനും കടപ്പെട്ടയാളെന്ന നലയില്‍ അംബേദ്ക്കര്‍ ബഹുമാനിച്ചിരുന്ന ജോണ്‍ ഡേവി ഒരു അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനക്കരനായിരുന്നു. സോഷ്യലിസം വിപ്ലവത്തിലൂടെയല്ല, മറിച്ച് പരിണാമത്തിലൂടെ (evolution) കൊണ്ടുവരാനാവുമെന്നാണ് ഫേബിയന്മാര്‍ വിശ്വസിക്കുന്നത്. ഇത്തരം സ്വാധീനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മാര്‍ക്‌സിനോട് വിയോജിക്കുമ്പോള്‍ തന്നെ അംബേദ്ക്കര്‍ മാര്‍ക്‌സിസത്തെ സഗൗരവമായി പരിഗണിക്കുമായിരുന്നുവെന്ന് മാത്രമല്ല ജീവിതത്തിലുടനീളം തന്റെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനുള്ള അളവുകോലായി ഉപയോഗിക്കുകകൂടി ചെയ്യുമായിരുന്നു.



മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. എന്നാല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും കുത്തക അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍  ഇറക്കുമതി ചെയ്ത 'അച്ചുകളെ'യാണ്  ഉപയോഗിച്ചത്. മാത്രവുമല്ല ജാതികളെ 'ഉപരിഘടന'യെന്ന നിലയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഒരു രീതിയില്‍, ജാതി വിരുദ്ധ സമരങ്ങള്‍ തങ്ങളുടെ വിഷയമേയല്ല എന്ന് കാണുകയായിരുന്നു അവര്‍. വര്‍ഗം എന്ന വാക്കിനെ വേദവാക്യം പോലെ 'പവിത്രത'മായി കാണുന്ന ഒരു ബ്രാഹ്മണിക ഭൂതബാധ അവരില്‍പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.

ദളിതര്‍ക്കെതിരായ വിവേചന പ്രശ്‌നത്തെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിച്ചതിന് നല്ലൊരുദാഹരണമായിരുന്നു ബോംബെയിലെ തുണിമില്‍ സംഭവം. നല്ല ശമ്പളമുള്ള വകുപ്പുകളില്‍ ദളിതരെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അസ്പൃശ്യതയുടെ വിവിധ പ്രയോഗങ്ങള്‍ അവിടെ വളരെ കൂടുതലാണെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കമ്മ്യൂണിസ്റ്റ്കള്‍ക്ക് ഗിര്‍നി കാംഗാര്‍ യൂണിയന്‍ എന്ന യൂണിയന്‍ ഉണ്ടായിരുന്നിട്ടും അംബേദ്ക്കറിന് ചെവികൊടുത്തില്ല. അവസാനം 1928ല്‍ അവരുടെ സമരത്തിന് തടസ്സം വരിത്തേണ്ടിവരുമെന്ന് അദ്ദേഹം ഭീഷണിമുഴക്കിയപ്പോള്‍ മാത്രമാണ് മനസ്സില്ലാമനസ്സോടെ ആ തെറ്റ് പരിഹരിക്കാന്‍ അവര്‍ തയ്യാറായത്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല.


1937ലെ പ്രവിശ്യാ അസംബ്ലിയിലേയ്ക്കുള്ള ഒരുക്കം തുടങ്ങിയപ്പോള്‍ 1936 ആഗസ്റ്റില്‍ അദ്ദേഹം തന്റെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടിക്ക് (ഐ.എല്‍.പി.) തുടക്കം കുറിച്ചു. അദ്ദേഹം അതൊരു 'തൊഴിലാളിവര്‍ഗ' പാര്‍ട്ടിയായാണ് പ്രഖ്യാപിച്ചത്. അതിന്റെ മാനിഫെസ്റ്റോയില്‍ നിരവധി ജനപക്ഷ വാഗ്ദാനങ്ങള്‍ പറയുന്നുണ്ട്. അതേസമയം അതില്‍ ഒരിടത്തു മാത്രമേ 'ജാതി' എന്ന് ഉപയോഗിച്ചിട്ടുള്ളു. ക്രിസ്റ്റഫീ ജാഫ്രിലോട്ടിനെ പോലുള്ള പണ്ഡിതന്മാര്‍ ഐ.എല്‍.പി.യെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അന്ന് കമ്മ്യൂണിസ്റ്റുകള്‍ ഒന്നുകില്‍ അണ്ടര്‍ഗ്രൗണ്ടിലോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെ കുടക്കീഴിലോ ആയിരുന്നു.

1930കളാണ് അംബേദ്ക്കറിന്റെ നല്ലകാലം എന്നു പറയാം. 1935ല്‍ അദ്ദേഹം മുംബൈ കങ്കാര്‍ സംഘ് രൂപീകരിച്ചു. അതില്‍ ഐ.എല്‍.പി.ക്കൊപ്പം സംഭവിച്ചപോലെ, ജാതിയും വര്‍ഗവും തമ്മില്‍ ലയിക്കുന്നതിനെപറ്റി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. വിയോജിപ്പുകളെ പരിഗണിക്കാതെ കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുകൊണ്ട് 1938ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിനെതിരെ അദ്ദേഹം സമരം ചെയ്യുകയുണ്ടായി. 1942ലെ ക്രിപ്‌സ് മിഷന്‍, ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഐ.എല്‍പി.യെ മാറ്റിനിര്‍ത്തിയപ്പോള്‍ അംബേദ്ക്കര്‍ അത് പിരിച്ചുവിടുകയും ജാതിയിലധിഷ്ഠിതമായ, പട്ടികജാതി ഫെഡറേഷന്‍ രൂപീകരിക്കുകയും ചെയ്തു. വൈസ്രോയിയുടെ  എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍പ്പോലും അദ്ദേഹം തന്റെ ഇടതു ചായ്‌വ് ഉപേക്ഷിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കമായി ഭവിച്ച ഒരു സോഷ്യലിസ്റ്റ് സാമ്പദ്ഘടനയുടെ ബ്ലൂപ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് ആന്‍ മൈനോരിറ്റീസ് എന്ന കൃതിയിലെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് പാരമ്യത്തിലെത്തുന്നുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നായാണ് അദ്ദേഹത്തിന്റെ ഈ പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. 1952ലെ തിരഞ്ഞെടുപ്പില്‍ 'വോട്ടുകള്‍ പാഴാക്കിയാലും അംബേദ്ക്കറിന് കൊടുക്കരുതെന്ന' ഹീനമായ ആഹ്വാനം ചെയ്യാന്‍ ഡാങ്കെ തിടുക്കം കാണിച്ചത് ഈ സമീപനത്തില്‍ നിന്നാണ്. അതിന്റെ ഫലമായി അദ്ദേഹം പരാജയപ്പെടുകയുണ്ടായി.

തെല്‍തുംടെയുടെ ഈ ലേഖനത്തിലെ വാദമുഖങ്ങള്‍ക്ക് അജിത് കുമാര്‍ എ.എസിന്റെ മറുപടി. ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല


ബുദ്ധമതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തെയും നിരാശബാധിതനായ ഒരു വ്യക്തിത്വത്തിന്റെ ആത്മീയവാഞ്ജയായോ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ മറ്റൊരു തെളിവായോ ഒക്കെ ഉപരിപ്ലവമായാണ് അവര്‍ മനസിലാക്കിയത്. മിക്ക പണ്ഡിതന്മാരും ഈ അതിവായനയെ തള്ളിക്കളഞ്ഞുവെങ്കിലും ഇതായിരുന്നു മാര്‍ക്‌സിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ അവസാന പരാമര്‍ശമെന്ന് പറയേണ്ടിയിരിക്കുന്നു. മരിക്കുന്നതിനം രണ്ടാഴ്ച മുമ്പ് അദ്ദേഹം മാര്‍ക്‌സിസത്തെയും ബുദ്ധമതത്തെയും താരതമ്യം ചെയ്തുകൊണ്ട് ഹിംസയും സര്‍വ്വാധിപത്യവും ഒഴിവാക്കിയുള്ള മാര്‍ക്‌സിസത്തെ അംഗീകരിക്കുന്ന തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നു. ദുഖകരമെന്ന് പറയട്ടെ അന്ധമായി മാര്‍ക്‌സിനെ പുല്‍കുകയും അംബേദ്ക്കറിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുന്നു.


2012 ആഗസ്റ്റ് 20 ന് ഔട്ട്‌ലുക്ക് "It’s Not Red Vs Blue"എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. കാലികമായ ഒരു സംവാദത്തിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. -Editor




Friday, June 13, 2014

മാര്‍ക്‌സ കണ്ട പ്രകൃതി


 രാസവിനിമയ വിള്ളലിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു സിദ്ധാന്തംകൂടിയാണ്. ജീവന്റെ നിലനില്‍പ്പിനുളള സാഹചര്യങ്ങളോട് മനുഷ്യസമൂഹത്തിനും, മനുഷ്യസമൂഹത്തിനുള്ള നിരന്തരാശ്രയത്വമായി മാര്‍ക്‌സ് മനസിലാക്കിയ ഒന്നില്‍ (പ്രകൃതിയില്‍) സംഭവിച്ചിട്ടുള്ള തകര്‍ച്ചയെകുറിച്ചുള്ള ഒരു സിദ്ധാന്തംകൂടിയാണിത്. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഇത് മുതലാളിത്ത ചരക്കുല്‍പ്പാദനവുമായി ബന്ധപ്പെട്ട ഒരു അലംഘനീയവൈരുദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി-സമനൂഹ രാസവിനിമയത്തിന്റെ സൈദ്ധാന്തിക വിശാലതയില്‍ മാത്രമേ ഇതിന്റെ പൂര്‍ണ പ്രയോഗത്തെ മനസിലാക്കാനും സാധിക്കൂ... മന്ത്‌ലി റിവ്യുവിന്റെ എഡിറ്റര്‍, ജോണ്‍ ബല്ലാമി ഫോസ്റ്ററിന്റെ ലേഖനം..







പാരിസ്ഥിതിക ദര്‍ശനം | ജോണ്‍ ബല്ലാമി ഫോസ്റ്റര്‍
മൊഴിമാറ്റം| ഷഫീക്ക്‌ എച്ച്.
കടപ്പാട്: വിദ്യാര്‍ത്ഥി മാസിക



ജോണ്‍ ബല്ലാമി ഫോസ്റ്റര്‍ യൂജിനിലെ റൈഗണ്‍ സര്‍വ്വകലാശാലയിലെ സോഷ്യോളജി പ്രഫസറും മന്ത്‌ലി റിവ്യ മാസികയുടെ എഡിറ്ററുമാണ്. മാര്‍ക്‌സിസറ്റ് ധനതത്വശാസ്ത്രം, രാഷ്ട്രീയം, പരിസ്ഥിതി മുതലായ വിഷയങ്ങളില്‍ എഴുതി വരുന്നു.


വിവര്‍ത്തക കുറിപ്പ്‌: "Metabolic Rift" എന്ന സംജ്ഞയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വന്ന മാറ്റത്ത സൂചിപ്പിക്കാനായി മാര്‍ക്‌സ്  ഉപയോഗപ്പെടുത്തിയിട്ടുള്ളത് എന്നാണ് ജോണ്‍ ബല്ലാമി ഫോസ്റ്റര്‍ വിശദീകരിക്കുന്നത്. മാര്‍ക്‌സിസം പ്രകൃതിയെകുറിച്ച് ഒന്നും പറഞ്ഞിട്ടേയില്ല അല്ലെങ്കില്‍ എല്ലാ പറഞ്ഞുകഴിഞ്ഞിട്ടുണ്ട് എന്ന വാദമുഖങ്ങളെ ബല്ലാമിയുടെ ഈ ലേഖനത്തിലൂടെ തള്ളിക്കളയുന്നു. Metabolic Rift എന്ന സംജ്ഞയെ എങ്ങനെ മലയാളത്തിലേക്ക് മൊഴിമാറ്റണം എന്നത് വളരെയധികം ഞങ്ങളെ ബുദ്ധിമുട്ടിച്ച പ്രശ്‌നമായിരുന്നു. രസപരിണാമം, ചയാപചയം, ഉപചയം മുതലായ വാക്കുകള്‍ നിഘണ്ടുവിലുണ്ടെങ്കിലും സൈദ്ധാന്തികമായി ഈ സങ്കല്‍പം മുന്നോട്ട് വെയ്ക്കുന്ന അര്‍ത്ഥതലം അവയ്ക്കില്ല. അങ്ങനെയാണ് 'രാസവിനിമയം' എന്ന പദം പ്രസ്തുത ഇംഗ്ലീഷ് സംജ്ഞയ്ക്ക് പകരമായി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. പ്രകൃതിയുമായുള്ള മനുഷ്യന്റെ സാര്‍വ്വതോന്മുഖമായ കൊടുക്കല്‍ വാങ്ങലും അതിന്റെ പരിണാമചരിത്രവും കൂടി ഈ വാക്കിന് കല്‍പ്പിക്കേണ്ടിയിരിക്കുന്നു.



കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി വീണ്ടും സജീവചര്‍ച്ചകളിലേക്കു കടന്നുവന്ന, രാസവിനിമയത്തിലെ വിള്ളലിനെ പറ്റിയുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം പ്രകൃതിയും വര്‍ത്തമാനകാല മുതലാളിത്തസമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശക്തമായ വിമര്‍ശനം മുന്നോട്ടു വയ്ക്കുമെന്ന് ധാരാളം ഇടതുപക്ഷക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ പരിണതിയെന്നോണം പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും തമ്മിലുള്ള അതിര്‍വരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് കുറേക്കൂടി ഏകീകൃതമായ പാരിസ്ഥിതിക ലോകവീക്ഷണം വികസിച്ചുകൊണ്ടുമിരിക്കുന്നു. മാത്രവുമല്ല, മൂലധനം കുന്നുകൂടുന്നതിലെ (Accumulation of Capital) വൈരുദ്ധ്യങ്ങള്‍ പാരിസ്ഥിതിക പ്രതിസന്ധികളിലേക്കും പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും നീങ്ങുന്നതിന്റെ മൂര്‍ത്തമായ വഴികളെക്കുറിച്ചു മനസ്സിലാക്കാനും ഇത് സഹായകമാണ്.

ഇതൊക്കെയാണെങ്കിലും മാര്‍ക്‌സിന്റെ പാരിസ്ഥിതിക വാദമുഖങ്ങളെ വീണ്ടും കണ്ടെത്തുന്നത് പുതിയ പ്രശ്‌നങ്ങളെയും വിമര്‍ശനങ്ങളെയും തുറന്നുവിടുന്നു. 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത' എന്ന വിഷയവുമായി ബന്ധമുള്ള പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയമെന്ന (Metabolism of Nature and Society) മാര്‍ക്‌സിന്റെ വിശകലനത്തെ മാര്‍ക്‌സിസത്തിനുള്ളിലെ തെറ്റായ ഒരു പ്രവണതയായി സാമ്പ്രദായികമായി പരിഗണിക്കപ്പെട്ടത് എങ്ങനെയാണ്? രാസവിനിമയത്തിലെ വിള്ളലിനെ (Metabolic rift എന്നതിന് മൊഴിമാറ്റത്തില്‍ 'രാസവിനിമയ വിള്ളല്‍' എന്നും ഉപയോഗിച്ചിട്ടുണ്ട്) കുറിച്ചുള്ള ഈ സിദ്ധാന്തം - ഒരു കൂട്ടം ഇടതുവിമര്‍ശകര്‍ അടുത്തകാലത്തായി ആരോപിച്ചതുപോലെ - വൈരുദ്ധ്യാത്മകയുക്തിയെ ചോദ്യം ചെയ്തുകൊണ്ട് കേവലമൊരു കാര്‍ട്ടീഷ്യന്‍ ദ്വൈതവാദമായി (dualism) തീരുന്നുണ്ടോ? [1] മറ്റു ചിലര്‍ പറയുന്നതുപോലെ 19-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിന്റെ കൃതികള്‍ ഇന്നത്തെ പാരിസ്ഥിതിക വ്യവസ്ഥകളെ (ecosystem)യും പാരിസ്ഥിതിക സങ്കീര്‍ണ്ണതകളെ (ecological Complexities) യും അവയുമായുള്ള മനുഷ്യന്റെ ബന്ധത്തെയും മനസ്സിലാക്കുന്നതിനും ഗുണകരമായ ഒരു പാരിസ്ഥിതിക വീക്ഷണം നല്‍കുമെന്നു പറയുന്നതു യുക്തിക്കു നിരക്കുന്നതാണോ? ഇന്നത്തെ കൂടുതല്‍ വികസിതമായ ശാസ്ത്ര-സാങ്കേതിക യുഗത്തില്‍ പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയത്തെ കുറിച്ചുള്ള 19-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ (ruminations) 'പഴഞ്ചനായി' ത്തീര്‍ന്നിട്ടുണ്ട് എന്ന വാദമുഖം യുക്തിസഹമാണോ?[2]

തുടര്‍ന്നു വരുന്ന ഈ ചര്‍ച്ചയില്‍ ഇത്തരം ചോദ്യങ്ങള്‍ക്കു സംക്ഷിപ്തമായി മറുപടി പറയാനാണ് ശ്രമിക്കുന്നത്. അതിനായി മാര്‍ക്‌സിന്റെ പാരിസ്ഥിതിക ഭൗതികവാദത്തില്‍ (ecological materialism) സുപ്രധാനമായ ചില കാര്യങ്ങളെ മുന്നോട്ടു വയ്ക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്. ഭൗമവ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന  ഈ വന്‍വിള്ളലിനെ (The great rift) യും ഇതിന്റെ ഫലമായി നിലവിലുള്ള പ്രകൃതി-സമൂഹ രാസവിനിമയത്തില്‍ ഉണ്ടാവുന്ന അഭൂതപൂര്‍ണ്ണമായ പരിവര്‍ത്തനത്തെയും മനസ്സിലാക്കാന്‍ ഇവ സഹായകമാവുമെന്നു കരുതുന്നു.

പ്രകൃതിയിലെ വൈരുദ്ധ്യാത്മകത

മാര്‍ക്‌സിയന്‍ സിദ്ധാന്തത്തിനുള്ളിലെ 'പ്രകൃതിയുടെ വൈരുദ്ധ്യാത്മകത'യെക്കുറിച്ചുള്ള (The Dialectics of Nature) ആശയക്കുഴപ്പത്തിന്റെ ഏറ്റവും നല്ല ഒരു ഉറവിടം ചരിത്രവും വര്‍ഗബോധവും  എന്ന തന്റെ കൃതിയില്‍ ജോര്‍ജ് ലൂക്കാച്ച് നല്‍കിയിട്ടുള്ള പ്രസിദ്ധമായ അടിക്കുറിപ്പാണ്. അതില്‍ വൈരുദ്ധ്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പരാമര്‍ശിക്കുന്നു. ''നാം മനസ്സിലാക്കേണ്ട ഏറ്റവും ആദ്യത്തെ കാര്യം രീതിശാസ്ത്രം ചരിത്രത്തിന്റെയും സമൂഹത്തിന്റെയും മണ്ഡലങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് എന്നതാണ്. വൈരുദ്ധ്യത്തെപ്പറ്റിയുള്ള ഏംഗല്‍സിന്റെ വിശദീകരണത്തില്‍ നിന്നും ഉളവാകുന്ന തെറ്റിദ്ധാരണകളില്‍ നിന്നും വ്യക്തമാകുന്നത്, ഹെഗലിന്റെ തെറ്റായ വഴിയെ പിന്‍തുടര്‍ന്നുകൊണ്ടും ഏംഗല്‍സും രീതിശാസ്ത്രത്തെ പ്രകൃതിയിലേക്കു കൂടി വലിച്ചു നീട്ടി എന്നാണ്. എന്നാല്‍ വൈരുദ്ധ്യവാദത്തിലെ നിര്‍ണായക പ്രമാണങ്ങള്‍ - അതായത് വസ്തുനിഷ്ഠതയും ആത്മനിഷ്ഠതയും തമ്മിലുള്ള പാരസ്പര്യം, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യം, ചിന്തയിലെ മാറ്റങ്ങളുടെ അടിസ്ഥാന കാരണമായി യാഥാര്‍ത്ഥ്യങ്ങളിലുണ്ടാവുന്ന ചരിത്രപരമായ മാറ്റങ്ങളെ കാണുന്നത് മുതലായവ - പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ അറിവില്‍ ഉള്‍പ്പെടാത്തവയാണ്.'' [3]

'പാശ്ചാത്യമാര്‍ക്‌സിസ'ത്തെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യവാദം കേവലം സമൂഹത്തിലും മനുഷ്യചരിത്രത്തിലും മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് [4] എന്നാണ് ഇതിനര്‍ത്ഥം. ഈ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ കൃതിയിലൂടെ വൈരുദ്ധ്യവാദത്തെ നേരിട്ട് പ്രകൃതിയില്‍ പ്രയോഗിക്കുന്ന ഏംഗല്‍സിന്റെ രീതി തെറ്റാണ്.[5] (പല മാര്‍ക്‌സിയന്‍ ശാസ്ത്രജ്ഞരും സൈദ്ധാന്തികരും ഏംഗല്‍സിന്റെ ഈ രീതിയെ പിന്‍തുടര്‍ന്നിരുന്നു.)

ഇതാണ് ഏംഗല്‍സില്‍ നിന്നും മാര്‍ക്‌സിനേയും രണ്ട് - മൂന്ന് ഇന്റര്‍നാഷണലുകളിലെ മാര്‍ക്‌സിസത്തില്‍ നിന്നും പാശ്ചാത്യ മാര്‍ക്‌സിസത്തേയും വേര്‍തിരിക്കുന്ന മുഖ്യവസ്തുതയായി പാശ്ചാത്യമാര്‍ക്‌സിസം തന്നെ അവകാശപ്പെടുന്നത്. പാശ്ചാത്യമാര്‍ക്‌സിസത്തിന്റെ ഈ ആക്ഷേപത്തിനു ഇനിയുമേറെ പ്രാധാന്യം നല്‍കി പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ഭൗതിക പ്രകൃതിയുമായും പ്രകൃതി ശാസ്ത്രവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിന്ന് - ഇതാണ് മാര്‍ക്‌സിയന്‍ ചിന്തകളെ സവിശേഷവല്‍ക്കരിക്കുന്നത് - അകന്നു മാറുന്നതിനുള്ള ആഹ്വാനമായിരുന്നു ഇത്. ഭൗതികവാദ ദര്‍ശനവും ആശയവാദ ദര്‍ശനവും ഒപ്പം പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയെയും കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് 'പാശ്ചാത്യ മാര്‍ക്‌സിസ'ത്തെയും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തേയും വേര്‍തിരിക്കുന്ന സുപ്രധാന ഘടകങ്ങളെന്ന് എല്ലായ്‌പ്പോഴും അംഗീകരിക്കാന്‍ ഒരു വിഭാഗം സാഹിത്യകൃതികള്‍ തയ്യാറാണെന്ന്  Marxism and Hegel  എന്ന തന്റെ കൃതിയില്‍ ലൂസിയോ കൊള്ളെറ്റി നിരീക്ഷിക്കുന്നുണ്ട്. റസെല്‍ യാക്കോബിയുടെ അഭിപ്രായത്തില്‍ 'പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍' അവരുടെ നിര്‍വചനങ്ങള്‍ കൊണ്ട്, മാര്‍ക്‌സിസത്തെ ബാഹ്യപ്രകൃതിയില്‍ നിന്നും പ്രകൃതി ശാസ്ത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും സാമൂഹ്യ-ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ മാത്രമായി തളച്ചിടുകയും ചെയ്യുന്നു.[6]

വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ആശയത്തെ ഏംഗല്‍സാണ് സൃഷ്ടിച്ചതെന്നും രണ്ട് - മൂന്ന് ഇന്റര്‍നാഷണലുകള്‍ ഇതിനെ സ്വീകരിക്കുയായിരുന്നുവെന്നുമാണ് പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകള്‍ ആരോപിക്കുന്നത്. ഈ വൈരുദ്ധ്യാത്മക ഭൗതികവാദം ആത്മനിഷ്ഠ ഘടകങ്ങളുടെ (മനുഷ്യനെന്ന ഏജന്‍സിയുടെ) പങ്കിനെ അപ്രധാനമാക്കിക്കൊണ്ട് മാര്‍ക്‌സിസത്തെ വസ്തുനിഷ്ഠ പ്രകൃതിനിയമമായി പരിവര്‍ത്തനപ്പെടുത്തിയെന്നും ഇത് ഒരു തരം യാന്ത്രിക ഭൗതികവാദത്തിനോ പോസിറ്റിവിസത്തിനോ കാരണമായി എന്നുമുള്ള സ്വന്തം ധാരണകിളില്‍ നിന്നാണ്, പ്രകൃതിയിലെ വൈരുദ്ധ്യവാദമെന്ന ആശയത്തിനെതിരായ നിലപാട് തങ്ങളുടെ കേന്ദ്ര നിലപാടായി പാശ്ചാത്യ മാര്‍ക്‌സിസ്റ്റു പാരമ്പര്യം കണ്ടെടുക്കുന്നത്. ഈ വീക്ഷണത്തോട് അങ്ങേയറ്റം വിയോജിച്ചുകൊണ്ട്, കുറെക്കൂടി ഗുണകരമായ വിധം പ്രകൃതിയിലെ വൈരുദ്ധ്യാത്മകതക്കുവേണ്ടി വാദിച്ച ചരിത്രാധിഷ്ഠിത ഭൗതികവാദികള്‍  ഭൗതികവാദത്തെ നിഷേധിക്കുന്ന, ആശയവാദത്തിലേക്കുള്ള ഒരു വ്യതിചലനമാണ് പാശ്ചാത്യ മാര്‍ക്‌സിസ്റ്റുകളുടെ സമീപനമെന്നു താക്കീതു നല്‍കുകയുണ്ടായി.[7]





 'പാശ്ചാത്യമാര്‍ക്‌സിസ'ത്തെ സംബന്ധിച്ചിടത്തോളം വൈരുദ്ധ്യവാദം കേവലം സമൂഹത്തിലും മനുഷ്യചരിത്രത്തിലും മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് [4] എന്നാണ് ഇതിനര്‍ത്ഥം. ഈ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന തന്റെ കൃതിയിലൂടെ വൈരുദ്ധ്യവാദത്തെ നേരിട്ട് പ്രകൃതിയില്‍ പ്രയോഗിക്കുന്ന ഏംഗല്‍സിന്റെ രീതി തെറ്റാണ്.[5] (പല മാര്‍ക്‌സിയന്‍ ശാസ്ത്രജ്ഞരും സൈദ്ധാന്തികരും ഏംഗല്‍സിന്റെ ഈ രീതിയെ പിന്‍തുടര്‍ന്നിരുന്നു.)




വിരോധാഭാസമെന്നു പറയട്ടെ, ഈ ഒരു സുപ്രധാന വ്യതിചലനം കൊണ്ടുവന്ന ലൂക്കാച്ച് തന്നെ പ്രകൃതിയുടെ വൈരുദ്ധ്യാത്മകത എന്ന ആശയത്തെ പൂര്‍ണ്ണമായും തിരസ്‌കരിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തുവെന്നതാണ്. അങ്ങനെ തിരസ്‌കരിക്കുന്നത് ഏംഗല്‍സിന്റെ മാത്രമല്ല, മാര്‍ക്‌സിന്റെ തന്നെ സദ്‌വിജ്ഞാനീയത്തിന്റെ  (Ontology) അന്തസ്സത്തയെ പ്രഹരിക്കുന്നതിനു തുല്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ''മാറി നില്‍ക്കുന്ന ഒരാള്‍ക്ക് നിരീക്ഷിക്കാവുന്ന ഒരു വൈരുദ്ധ്യാത്മകചലനത്തെ (Dialectics of Movement) ഉള്‍ക്കൊള്ളുന്ന പരിമിതവും കേവലവുമായ വസ്തുനിഷ്ഠവൈരുദ്ധ്യത്തെ, ഹെഗലിനെ പോലെ ചരിത്രവും വര്‍ഗ്ഗബോധവും എന്ന കൃതിയില്‍ പോലും ലൂക്കാച്ച് അംഗീകരിക്കുന്നുണ്ട് എന്നതാണ് സത്യം[8]. പ്രസ്തുത കൃതിയുടെ 1967- ല്‍ ഇറങ്ങിയ പുതിയ പതിപ്പിലെ പ്രസിദ്ധമായ ആമുഖത്തില്‍ തന്റെ മുന്‍കാല നിലപാടുകളെ അദ്ദേഹം തിരുത്തുന്നുമുണ്ട്. പ്രകൃതിയിലെ വൈരുദ്ധ്യാത്മകതയെ കുറിച്ചുള്ള അതിവിമര്‍ശനം മൂലം തന്റെ മുന്‍കാല വാദഗതികള്‍ തെറ്റായിരുന്നുവെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്തെന്നാല്‍, അദ്ദേഹത്തിന്റെ വാക്കുകളില്‍, ''സമൂഹവും പ്രകൃതിയും തമ്മിലുള്ള രാസവിനിമയത്തില്‍ മധ്യസ്ഥം (Mediator) വഹിക്കുന്നത് അധ്വാനമാണെന്ന അടിസ്ഥാന മാര്‍ക്‌സിയന്‍ നിലപാട് ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്.'' പ്രകൃതി സാഹചര്യങ്ങളില്‍ നിന്ന് സ്വയം അടര്‍ത്തിമാറ്റാന്‍ കഴിയാത്ത ''അധ്വാനത്തെ കുറിച്ചുള്ള സദ്‌വിജ്ഞാനീയപരമായ (Ontological) വസ്തുനിഷ്ഠത ഇതില്‍ നിന്നും ചോര്‍ന്നുപോയി എന്നതിന് പ്രത്യേകിച്ച് തെളിവിന്റെ ആവശ്യമില്ലല്ലോ.''[9] തന്റെ വിഖ്യാതമായ അഭിമുഖ സംഭാഷണത്തില്‍ (Conversations) അദ്ദേഹമിത് അതേവര്‍ഷം തന്നെ വിശദീകരിച്ചിട്ടുമുണ്ട്; ''പ്രകൃതിയുമായുള്ള ഒരു രാസവിനിമയബന്ധത്തെ (Metabolism) അടിസ്ഥാനമാക്കിയാണ് മനുഷ്യജീവിതം നിലനില്‍ക്കുന്നത് എന്നതുകൊണ്ട് തന്നെ ഈ രാസവിനിമയത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയില്‍ നാം ആര്‍ജിച്ചെടുക്കുന്ന/മനസ്സിലാക്കുന്ന ചില സത്യങ്ങള്‍ക്ക് പൊതുവായ ഒരു സാധുത (Validity) ഉണ്ട്. ഉദാ: ഗണിതശാസ്ത്രസത്യങ്ങള്‍, ക്ഷേത്രഗണിതസത്യങ്ങള്‍, ഭൗതിക ശാസ്ത്രസത്യങ്ങള്‍ മുതലായവ.''[10]

ചരിത്രവും വര്‍ഗ്ഗബോധവും എന്ന കൃതിക്ക് ശേഷമുള്ള ലൂക്കാച്ചിനെ സംബന്ധിച്ചിടത്തോളം മനുഷ്യനും ബാഹ്യപ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധമായി (Metabolic relation) അധ്വാനവും ഉല്‍പാദനവും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്ന മാര്‍ക്‌സിന്റെ പരികല്‍പനയാണ് വൈരുദ്ധ്യാത്മക ധാരണയുടെ അന്തസത്ത. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മനുഷ്യര്‍ക്ക് പ്രകൃതിയെ വൈരുദ്ധ്യാത്മകമായി മനസ്സിലാക്കാന്‍ സാധിക്കും. കാരണം മനുഷ്യര്‍ പ്രകൃതിയുടെ ഭാഗം തന്നെയാണ്. പ്രകൃതിയുമായുള്ള രാസവിനിമയ ബന്ധത്തിലൂടെയാണ് മനുഷ്യര്‍ക്ക് ഇതു സാദ്ധ്യമാവുന്നത്. പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെന്ന സങ്കല്‍പനത്തിന്റെ രൂക്ഷവിമര്‍ശകരിലൊരാളായിട്ടുപോലും ആല്‍ഫ്രഡ് ഷ്മിഡ്റ്റ് തന്റെ കൃതിയായ Concept of Nature in Marxലൂടെ അംഗീകരിക്കുന്ന ഒരു കാര്യം ''പ്രകൃതിയോടുള്ള മനുഷ്യന്റെ ബന്ധത്തെക്കുറിച്ചുള്ള നവം നവമായ ഒരു ധാരണയെ വെട്ടിത്തുറക്കുന്ന 'മാര്‍ക്‌സിന്റെ രാസവിനിമയം'' (Metabolism) എന്ന സങ്കല്‍പ്പനത്തെ ഉപയോഗിക്കപ്പെടുത്തിക്കൊണ്ടു മാത്രമേ ''പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെക്കുറിച്ച് അര്‍ത്ഥവത്തായി സംസാരിക്കാന്‍ കഴിയൂ''.[11]

ചരിത്രവും വര്‍ഗ്ഗബോധവും എന്ന കൃതിയെഴുതി ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1920 കളുടെ മധ്യത്തോടെ രചിക്കപ്പെട്ടതെന്നു കരുതുന്ന Tailism and the Dialictic എന്ന ലൂക്കാച്ചിന്റെ മറ്റൊരുകൃതിയുടെ കൈയ്യെഴുത്തു പ്രതി സോവിയറ്റ് ആര്‍ക്കൈവില്‍ നിന്നും കണ്ടെത്തുകയുണ്ടായി. സാമൂഹിക - പാരിസ്ഥിതിക രാസ വിനിമയമെന്ന മാര്‍ക്‌സിന്റെ സങ്കല്പനത്തേക്കുറിച്ചുള്ള ലൂക്കാച്ചിന്റെ ധാരണയില്‍ സംഭവിച്ച മാറ്റത്തെ ഈ കൃതി വ്യക്തമാക്കിത്തരുന്നു. ഇത് കാണിക്കുന്നത് അക്കാലത്തുതന്നെ ഈ സങ്കല്പനം വന്‍തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെന്നാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ കൊടുക്കല്‍ വാങ്ങലുകള്‍ അധ്വാനത്തിലൂടെയും ഉല്‍പാദനത്തിലൂടെയുമാണ് സാമൂഹികമായി ക്രമീകരിക്കപ്പെടുന്നത് (Socially Mediated). മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയത്തിന്റെ ഒരു രൂപം എന്ന നിലയില്‍ അധ്വാനപ്രക്രിയയാണ് നിലനില്‍പ്പിന്റെ ചില വസ്തുനിഷ്ഠ സാഹചര്യങ്ങളെ മനസ്സിലാക്കാന്‍ മനുഷ്യനെ - ഉല്‍പാദനത്തിന്റെ ചരിത്രവികാസത്താല്‍ പരിമിതപ്പെടുന്ന വിധമാണെങ്കിലും - മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്നത്. പ്രകൃതിയുടെ പ്രക്രിയകളെ (അവ മനുഷ്യര്‍ക്കു മുന്‍പേ തന്നെയുള്ളതും അവരില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയുമാണ്) കുറിച്ചുള്ള വസ്തുനിഷ്ഠവും ശരിയായതുമായ അറിവ് - പ്രാഥമികമായ തലത്തിലാണെങ്കില്‍ പോലും സ്വായത്തമാക്കാതെ പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയം മനസ്സിലാക്കാന്‍ സാധ്യമല്ല എന്നദ്ദേഹം എഴുതി. മാര്‍ക്‌സിന്റെ വൈരുദ്ധ്യവാദത്തെ കുറിച്ചുള്ള ലൂക്കാച്ചിന്റെ വ്യാഖ്യാനത്തില്‍, ആധുനിക ശാസ്ത്രത്തിന്റെ ഭൗതികാടിത്തറയാവുന്നത് ഉല്‍പ്പാദനോപാദികളിലൂടെയുള്ള രാസവിനിമയപരമായ ''പദാര്‍ത്ഥകൈമാറ്റത്തിന്റെ'' (Exchange of matter) വികാസമാണ്.[12]

സാമൂഹ്യരാസവിനിമയമെന്ന (Social Metabolism)  മാര്‍ക്‌സിന്റെ ആശയത്തിന്റെ കേന്ദ്രത്തിലുള്ള ലൂക്കാച്ചിന്റെ ഊന്നലിനെ അദ്ദേഹത്തിന്റെ സഹായിയും യുവസുഹൃത്തുമായ ഇസ്ത്‌വാന്‍ മെസാറോ തന്റെ കൃതിയായ 'അന്യവല്‍ക്കരണത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്ത'ത്തില്‍  (Marx's Theory of Alienation)  മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. മനുഷ്യവംശവും ഉല്‍പാദനവും പ്രകൃതിയും തമ്മിലുള്ള ത്രികോണബന്ധമാണ് മാര്‍ക്‌സിന്റെ അന്യവല്‍ക്കരണ സിദ്ധാന്തത്തിന്റെ 'ആശയഘടന'. ഒപ്പം മനുഷ്യവംശത്തിനും പ്രകൃതിക്കുമിടയിലെ മധ്യസ്ഥരൂപമെന്ന നിലയില്‍ ഉല്‍പാദനത്തേയും ഇതു പരികല്‍പ്പിക്കുന്നു. ഈ ഒരു രീതിയില്‍ നോക്കുമ്പോള്‍, പ്രകൃതിയിലെ 'സ്വയം മധ്യസ്ഥത' വഹിക്കാന്‍ കഴിവുള്ള ജീവിവര്‍ഗമായി വേണം മനുഷ്യനെ മനസ്സിലാക്കാന്‍. 1971 ല്‍ ഡ്യൂഷര്‍ സമ്മാനത്തിനര്‍ഹമായ ലക്ച്ചറിലൂടെ (Club of Rome - ലെ  'limits to growth' എന്ന പഠനത്തിനും ഒരു വര്‍ഷം മുന്‍പാണ് ഈ ലക്ചര്‍ പ്രസിദ്ധീകരിക്കപ്പെട്ടത്) ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ മാര്‍ക്‌സിയന്‍ വിമര്‍ശനം മുന്നോട്ടുവച്ച ആളായതുകൊണ്ടുതന്നെ മെസാറോയുടെ ഈ നിരീക്ഷണങ്ങളില്‍ അദ്ഭുതപ്പെടാന്‍ നിര്‍വാഹമില്ല. മൂലധനത്തിനുമപ്പുറം (Beyond capital) എന്ന കൃതിയില്‍ അദ്ദേഹത്തിന് ഈ വീക്ഷണത്തെ ഇനിയും വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. മൂലധനത്തിന്റെ അന്യവല്‍ക്കൃതമായ സാമൂഹ്യ രാസവിനിമയത്തെക്കുറിച്ചുള്ള - അതിന്റെ പാരിസ്ഥിതിക പരിണതികളുള്‍പ്പെടെ- സമൂലമായ വിമര്‍ശനത്തിലേക്കാണ് അതു വികസിച്ചത്. ''സാമൂഹ്യരാസവിനിമയ പുനരുല്‍പ്പാദന (Social Metabolic reproduction) ത്തിന്റെ സാഹചര്യങ്ങളുടെ നശീകരണ'' വുമായി ബന്ധപ്പെട്ട് 'മൂലധനത്തിന്റെ പൂര്‍ണമായ പരിമിതികളുടെ സക്രിയത' എന്ന ചര്‍ച്ചയിലാണ് അദ്ദേഹമിതു സാധ്യമാക്കുന്നത്.[13]

വൈരുദ്ധ്യവാദത്തെയും മാര്‍ക്‌സിന്റെ സാമൂഹ്യസദ്‌വിജ്ഞാനത്തെയും (അഥവ സാമൂഹ്യവും പ്രകൃതിപരവുമായ സദ്‌വിജ്ഞാനീയത്തെയും) വിഘടിപ്പിച്ചിരുന്ന മാര്‍ക്‌സിസത്തിനുള്ളില്‍ തന്നെയുള്ള വേര്‍തിരിവുകളെ ഇല്ലാതാക്കാനുള്ള ഒരുവഴിയായാണ്, സാമൂഹ്യ രാസവിനിമയത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വാദമുഖങ്ങളെ ലൂക്കാച്ചും മെസാറോയും കണ്ടത്. പ്രകൃതിയെയും സമൂഹത്തെയും സമന്വയിപ്പിക്കുന്ന, സമൂഹ ചരിത്രത്തെയും പ്രകൃതി ചരിത്രത്തെയും സമന്വയിപ്പിക്കുന്ന, എന്നാലതേസമയം ഒന്നിനെ പൂര്‍ണ്ണമായും മറ്റൊന്നിലേക്ക് ചുരുക്കിക്കളയാത്ത, ഒരു പ്രയോഗാടിസ്ഥാന (Praxis based) സമീപനമാണ് ഇത് നമുക്ക് നല്‍കുന്നത്. ഇന്നത്തെ പാരിസ്ഥിതിക യുഗത്തില്‍ ഇത്തരത്തില്‍ സങ്കീര്‍ണമായ ധാരണ - ഭാഗവും സാകല്യവും തമ്മിലും ആത്മനിഷ്ഠതയും വസ്തുനിഷ്ഠതയും തമ്മിലുമുള്ള ബന്ധങ്ങളെ വൈരുദ്ധ്യാത്മകമായി ചൂഴ്ന്ന് നില്‍ക്കുന്നതുകൊണ്ടാണ് ഇത് സങ്കീര്‍ണമായിത്തീരുന്നത് -  ഏതൊരു യുക്തിസഹമായ പരിവര്‍ത്തനത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ്.


പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയവും മാര്‍ക്‌സും

മാര്‍ക്‌സിന്റെ ചിന്തകളിലെ യഥാര്‍ത്ഥ പാരിസ്ഥിതിക മാനങ്ങളിലേക്ക് ശ്രദ്ധതിരിച്ചാല്‍ മാത്രമേ ഇത് കുറെക്കൂടി പൂര്‍ണാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ. ഒരു ദാര്‍ശനിക പ്രശ്‌നം പരിഹരിക്കാനുള്ള ലളിതമായ ഒരു പരിശ്രമമെന്ന നിലയിലല്ല (എന്തിനേറെ സുപ്രധാനമായ പരിശ്രമമെന്ന നിലയില്‍പ്പോലുമല്ല) മാര്‍ക്‌സ് രാസവിനിമയ സങ്കല്പനത്തെ ഉപയോഗിച്ചത്. മറിച്ച് അദ്ദേഹത്തിന്റെ കാലത്ത് വികസിച്ചുവന്ന പ്രകൃതിശാസ്ത്രത്തില്‍ നിന്നും ഉത്ഭവിച്ച, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ധാരണയില്‍ നിന്നുകൊണ്ട്, രാഷ്ട്രീയധനതത്വശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനങ്ങള്‍ക്ക് ഭൗതികാത്മകമായ ഒരു അടിത്തറ നല്‍കാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തിയത്. ഉപയോഗമൂല്യത്തിന്റെ ഉല്പാദനത്തെയും അധ്വാനപ്രക്രിയയെയും കുറിച്ചുള്ള മാര്‍ക്‌സിന്റെ വിശകലനത്തിന്റെ മര്‍മ്മം ഇതായിരുന്നു. ഈ ഒരു ചട്ടക്കൂടിനുള്ളില്‍ നിന്നാണ് തന്റെ മുഖ്യമായ പാരിസ്ഥിതിക വിമര്‍ശനത്തെ, അതായത് രാസവിനിമയ വിള്ളല്‍ എന്ന ആശയത്തെ മാര്‍ക്‌സ് വികസിപ്പിച്ചെടുത്തത്. അദ്ദേഹത്തിന്റെ ഭാഷയില്‍, ''സാമൂഹ്യരാസവിനിമയത്തിലെ അതായത് ജീവന്റെ പ്രകൃതിദത്ത നിയമങ്ങള്‍ അനുശാസിക്കുന്ന രാസവിനിമയത്തിലെ പരസ്പരാശ്രയ പ്രക്രിയയില്‍ സംഭവിച്ച അപരിഹാര്യമായ ഒരു വിള്ളലാണിത്.''[14]

19-ാം നൂറ്റാണ്ടിലെ വ്യാവസായിക തലത്തിലുള്ള കൃഷിയുടെയും അതിന്റെ ഫലമെന്നോണം കാര്‍ഷിക രസതന്ത്രത്തില്‍ നടന്ന വിപ്ലവങ്ങളുടെയും വിശിഷ്യ, മണ്ണിന്റെ രാസഘടകങ്ങളെ കുറിച്ചുള്ള അറിവില്‍ അക്കാലത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങളുടേയും ഫലമായിരുന്നു ഈ വിമര്‍ശനാത്മക സമീപനം. ബ്രിട്ടനിലെ ഉന്നതതല കൃഷിരീതിയെ (High Farming) ഒറ്റയായെടുത്ത് പഠനവിധേയമാക്കി മുതലാളിത്ത കൃഷിരീതിമൂലം മണ്ണിന്റെ പോഷകാംശത്തില്‍ നഷ്ടം സംഭവിക്കുന്നുണ്ടെന്ന രൂക്ഷവിമര്‍ശനങ്ങളാണ് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജര്‍മ്മന്‍ കാര്‍ഷിക രസതന്ത്ര ശാസ്ത്രജ്ഞനായ ജസ്റ്റസ് വോണ്‍ ലീബിഗുംബ്രിട്ടീഷ് രസതന്ത്രശാസ്ത്രജ്ഞനായ ജയിംസ് എസ്. ഡബ്ലു ജോണ്‍സ്റ്റണും മുന്നോട്ട് വച്ചത്. സാരാംശത്തില്‍ ഈ ശോഷണപ്രക്രിയ ചില രാജ്യങ്ങളിലെ മണ്ണ് മറ്റു ചില രാജ്യങ്ങള്‍ കൊള്ളയടിക്കുന്നതുവരെ എത്തിച്ചേര്‍ന്നു.

ഇനി അമേരിക്കയിലെ ചില പാരിസ്ഥിതിക ചിന്തകരെ പരിശോധിക്കാം. ആദ്യകാല പരിസ്ഥിതി ആസൂത്രകനായിരുന്ന ജോര്‍ജ്ജ് വാറിങ്; കൃഷിയില്‍ സംഭവിക്കുന്ന ഭൂക്കൊള്ളയായിരുന്നു അദ്ദേഹം വിശകലനം ചെയ്തത്. വാറിങ്ങിനാല്‍ സ്വാധീനിക്കപ്പെട്ട ഹെന്റി കെയ്‌റിയെന്ന രാഷ്ട്രീയ ധനതത്വശാസ്ത്രജ്ഞന്‍; മണ്ണിന്റെ പ്രാഥമിക ഘടകങ്ങളുള്‍ക്കൊള്ളുന്ന ഭക്ഷണം, നാര് (Fibre)  എന്നിവ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേയ്ക്ക്, അതായത് വിദൂരങ്ങളിലേക്ക് കടത്തുന്നതിനെക്കുറിച്ചും അതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമാകുന്നതിനെക്കുറിച്ചും (പില്‍ക്കാലത്ത് synthetic  വളങ്ങളെന്ന് അറിയപ്പെട്ട) പ്രകൃതിദത്ത വളങ്ങളിലൂടെ മണ്ണിന്റെ ഈ പ്രാഥമിക ഘടകങ്ങളെ പുനഃസ്ഥാപിക്കുന്നതിന്റെ അനിവാര്യതയെ കുറിച്ചുമാണ് കെയ്‌റി ഊന്നിപ്പറഞ്ഞത്. ലീബിഗാകട്ടെ തന്റെ വിഖ്യാത ഗ്രന്ഥമായ  Organic Chemistry and its Application to Agriculture and Physiology (കാര്‍ഷിക രസതന്ത്രം- Agricultural Chemistry എന്നു പരക്കെ ഇത് അറിയപ്പെടുന്നു.) -യിലൂടെ, നഗര ജനസംഖ്യയില്‍ ഭൂരിപക്ഷവും സംഭാവന ചെയ്യുന്ന സിറ്റികളിലെ ജനസംഖ്യാ വര്‍ദ്ധനവ്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്യം, എന്നീ മണ്ണിന്റെ അവശ്യപോഷകങ്ങളില്‍ ശോഷണം സംഭവിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനാണ് ശ്രമിച്ചത്. ഈ ജനസംഖ്യാ വര്‍ദ്ധനവില്‍ ഇവ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് കാര്‍ഷിക രസതന്ത്രശാസ്ത്രജ്ഞനായ ജെ.ബി.ലാവേസ് (J.B.Lawes) ആകട്ടെ 1842-ല്‍ ഫോസ്‌ഫേറ്റ് സൊല്യുബിള്‍ (Phosphates soluble) ഉണ്ടാക്കാനുള്ള ഒരുപാധി വികസിപ്പിച്ചു എന്നു മാത്രമല്ല സിന്തറ്റിക് വളം വികസിപ്പിച്ചെടുക്കുന്നതിനായി ഒരു ഫാക്ടറിയും സ്ഥാപിച്ചു. അങ്ങനെ 19-ാം നൂറ്റാണ്ടിന്റെ ഭൂരിഭാഗവും മണ്ണില്‍ പോഷകങ്ങള്‍ പുനസ്ഥാപിക്കാനായി പ്രകൃതിദത്ത വളങ്ങളന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്നു.
കാര്‍ഷിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഇക്കാലഘട്ടത്തില്‍ മണ്ണിന്റെ പോഷകങ്ങള്‍ക്ക് സംഭവിക്കുന്ന ശോഷണം പ്രകൃതിദത്ത വളങ്ങള്‍ പിടിച്ചടക്കുന്നതിനായി ബ്രിട്ടനെ നിര്‍ബന്ധിതമാക്കി. ലീബിഗ് ചൂണ്ടിക്കാട്ടിയ പോലെ നെപ്പോളിയന്റെ പോര്‍നിലങ്ങളില്‍ നിന്നും യൂറോപ്യന്‍ ഭൂഗര്‍ഭ കല്ലറകളില്‍ നിന്നും എല്ലുകള്‍ കുഴിച്ചെടുത്ത് കൊണ്ടുപോകും വിധം സ്ഥിതിഗതികളെത്തിച്ചേര്‍ന്നു. പെറുവിലെ തീരപ്രദേശങ്ങളില്‍ നിന്നും ദ്വീപുകളില്‍ നിന്നും ഗുവാനോ (കടല്‍പക്ഷികളുടെ കാഷ്ടം) നേടിയെടുക്കാനുള്ള മത്സരമാണ് കുറേക്കൂടി പ്രധാനപ്പെട്ട മറ്റൊരുകാര്യം.[15] കാര്‍ഷിക രസതന്ത്രത്തിന്റെ 1862-ലെ പതിപ്പിനുള്ള ആമുഖത്തില്‍ ബ്രിട്ടീഷ് മാതൃകയിലുള്ള വ്യാവസായികാടിസ്ഥാനത്തിലുള്ള മുതലാളിത്ത കൃഷിരീതിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ''കര്‍ഷകന്, അവന്‍ ഉല്പാദനം നടത്തുന്ന സാഹചര്യങ്ങളെക്കുറിച്ച് അവശ്യം അറിവ് നല്‍കുന്നതിലും അതുപോലെ അവന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവശോപാധികള്‍ നല്‍കുന്നതിലും നമ്മള്‍ പരാജയപ്പെടുമ്പോള്‍, യുദ്ധങ്ങളും കുടിയേറ്റങ്ങളും ക്ഷാമവും പകര്‍ച്ചവ്യാധികളും മറ്റൊരു സാഹചര്യമായിരിക്കും സൃഷ്ടിക്കുക; ഓരോരുത്തരുടെയും ക്ഷേമങ്ങള്‍ കുഴിച്ചുമൂടപ്പെടുകയും ആത്യന്തികമായി കൃഷിയുടെ തന്നെ തകര്‍ച്ചയിലേയ്ക്കും വഴിതെളിക്കുന്ന ഒരു പുതിയ സന്തുലിതാവസ്ഥയായിരിക്കുമത്'' എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.[16]

മണ്ണിന്റെ ശോഷണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രതിസന്ധിയെ കുറിച്ച് മാര്‍ക്‌സ് വളരെയധികം ആശങ്കാകുലനായിരുന്നു. മൂലധനത്തിന്റെ ആദ്യ വോള്യം പ്രസിദ്ധീകരിക്കുന്നതിനും മുമ്പ്, 1866-ല്‍ തന്നെ മൂലധനത്തിന്റെ മൂന്നാം വോള്യത്തിലെ നിലവാടകയെ  (Ground rent) കുറിച്ചുള്ള വിമര്‍ശനം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എംഗല്‍സിന് മാര്‍ക്‌സ് എഴുതി; ''ജര്‍മ്മനിയിലെ ഏറ്റവും പുതിയ കാര്‍ഷിക രസതന്ത്രത്തില്‍ നടക്കുന്ന പഠനങ്ങളെ, പ്രത്യേകിച്ച് ലീബിഗ്, സ്‌കോണ്‍ബീന്‍ എന്നിവരുടെ പഠനങ്ങളെ, എനിക്ക് ആഴത്തില്‍ ഉഴുതുമറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. ഈ വിഷയത്തില്‍ മറ്റ് സാമ്പത്തിക ശാസ്ത്രജ്ഞരെ മൊത്തമായെടുത്താലും അവര്‍ മുന്നോട്ടുവെച്ച പഠനങ്ങളേക്കാള്‍ പ്രധാനപ്പെട്ടത് ഇവരുടെ പഠനങ്ങളാണ്.''[17] ലീബിഗിന്റെ കാര്‍ഷിക രസതന്ത്രത്തിന്റെ 1862-ലെ ആമുഖം മാര്‍ക്‌സില്‍ വളരെയധികം മതിപ്പുളവാക്കിയിരുന്നു. 1850-കള്‍ മുതല്‍ തന്നെ മാര്‍ക്‌സ്, ലീബിഗിനെ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളെ രാഷ്ട്രീയ ധനതത്വശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനത്തോട് ബന്ധപ്പെടുത്താനും മാര്‍ക്‌സ് പരിശ്രമിച്ചിരുന്നു.

1857-58കാലത്ത് എഴുതപ്പെട്ട ഗ്രുന്തറൈസ് (Grundrisse) മുതല്‍, പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉല്പാദനത്തിലൂടെ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകളെ കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളുടെ കേന്ദ്രബിന്ദുവെന്ന സ്ഥാനം രാസവിനിമയം എന്ന ആശയത്തിന് നല്‍കിയിരുന്നു. സെല്ലുലാര്‍ ബയോളജിയിലും ഫിസിയോളജിയിലും പുതിയ കണ്ടെത്തലുകള്‍ നടത്തുകയും പിന്നീട് രസതന്ത്രത്തില്‍ക്കൂടിയും അവയെ പ്രയോഗിക്കുകയും ചെയ്ത ലിബിഗിനെപ്പോലെയുള്ള ശാസ്ത്രജ്ഞരാണ് 1830-കളില്‍ രാസവിനിമയം (Metabolism/ Stoffwechsel)  എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്. മനുഷ്യവംശവും (Humanity) പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ ബന്ധമെന്ന നിലയിലാണ് അധ്വാനപ്രക്രിയയെ മാര്‍ക്‌സ് നിര്‍വചിച്ചത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങള്‍ക്കും പൊതുവായ, എന്നാല്‍ അതേ സമയം ഉല്‍പ്പാദനത്തിലൂടെ മനുഷ്യ-ചരിത്രപരമായ വ്യതിരിക്തസ്വഭാവം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹ്യ മധ്യസ്ഥരൂപം (Socially mediated form) ആയിരിക്കും ഈ രാസവിനിമയത്തിനുണ്ടായിരിക്കുക.[18]

വ്യാവസായികാടിസ്ഥാനത്തിലുള്ള മുതലാളിത്ത കൃഷിയിലൂടെ മണ്ണിന്റെ ചാക്രിക പ്രക്രിയയില്‍ (soil cycle) സംഭവിക്കുന്ന തകര്‍ച്ച (disruption) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധത്തിലെ ഒരു വിള്ളലായാണ് രൂപമെടുക്കുക എന്ന് മൂലധനത്തില്‍ പ്രഖ്യാപിക്കുന്നത് ഈ ഒരു ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ്. അദ്ദേഹം തുടര്‍ന്നെഴുതി; ''മുതലാളിത്ത ഉല്പാദനം ജനസംഖ്യയെ നഗരങ്ങളിലേക്ക് (great centres) ഒരുമിപ്പിച്ചു. ഇതാകട്ടെ നഗരജനസംഖ്യയെ മുന്‍പില്ലാത്തവിധം വര്‍ദ്ധിപ്പിച്ചു. ഇതില്‍ നിന്ന് രണ്ട് ഫലങ്ങളാണുള്ളത്. ഒരു വശത്ത് ഇത് സമൂഹത്തിന്റെ ചരിത്രപരമായ ചാലകശക്തിയെ കേന്ദ്രീകരിക്കുന്നു. മറുവശത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മെറ്റാബോളിക് ബന്ധത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. അതായത് ആഹാരം വസ്ത്രം മുതലായ രൂപങ്ങളില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന മണ്ണിന്റെ അടിസ്ഥാന ഘടകങ്ങളെ തിരികെ മണ്ണിലെത്തിക്കുന്ന പ്രക്രിയയില്‍ ഇത് വിഘ്‌നം വരുത്തി. അങ്ങനെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെ ദൈര്‍ഘിപ്പിക്കുന്ന സുസ്ഥിര പ്രകൃതി സാഹചര്യത്തിന്റെ പ്രവര്‍ത്തനത്തെയാണ് ഇത് തടസ്സപ്പെടുത്തുന്നത്. പ്രകൃതിയുടെ ഇത്തരം രാസവിനിമയത്തിനുള്ള സാഹചര്യങ്ങളെ തകര്‍ക്കുന്നതുവഴി... ഇവയുടെ പുനഃസ്ഥാപനത്തെ സാമൂഹ്യ ഉല്പാദനത്തിന്റെ റെഗുലേറ്ററി നിയമമാക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മനുഷ്യവംശത്തിന്റെ പൂര്‍ണവികാസത്തിന് അനിവാര്യമായ ഒരു രൂപമെന്ന നിലയിലാണ് ഇത്. മുതലാളിത്ത കൃഷിയിലുണ്ടാകുന്ന എല്ലാ വികസനങ്ങളും തൊഴിലാളികളെ കൊള്ളയടിക്കുക എന്ന കല മാത്രമല്ല മണ്ണിനെതന്നെ കൊള്ളയടിക്കുന്ന ഒരു കലയാണ്. ഒരു നിശ്ചിത കാലത്തേയ്ക്ക് വേണ്ടി മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കാനുള്ള ഏതൊരു പരിശ്രമവും വാസ്തവത്തില്‍ ദീര്‍ഘകാലത്തേക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്ന സ്രോതസ്സുകളെ തന്നെ തകര്‍ക്കുന്നതിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ മുതലാളിത്ത ഉല്പാദന പ്രക്രിയ സാങ്കേതിക വിദ്യയെയും ഒപ്പം ഉല്പാദനത്തിന്റെ സാമൂഹ്യപ്രക്രിയയുടെ ചേരുവകളെയും മാത്രമേ വികസിപ്പിക്കുന്നുള്ളൂ. എല്ലാ സമ്പത്തിന്റെയും യഥാര്‍ത്ഥ ഉറവിടങ്ങളെ- മണ്ണിനെയും തൊഴിലാളികളെയും- കുഴിച്ചുമൂടിക്കൊണ്ടാണ് മുതലാളിത്ത ഉല്പാദനപ്രക്രിയ ഇത് നിര്‍വ്വഹിക്കുന്നതും.''[19]

ലീബിഗിന്റെ ചുവടുപിടിച്ച്, പ്രകൃതിയും സമൂഹവും തമ്മിലുള്ള ഈ രാസവിനിമയത്തില്‍ സംഭവിച്ച വിള്ളലിന്റെ ആഗോളസ്വഭാവത്തെ മാര്‍ക്‌സ് എടുത്തുകാട്ടി. ഉദാഹരണമായി അദ്ദേഹം വാദിച്ചത്, ''ഒന്നര നൂറ്റാണ്ടായിട്ട് അയര്‍ലന്റിന്റെ മണ്ണ് ഇംഗ്ലണ്ട് പരോക്ഷമായി കയറ്റുമതി ചെയ്തു. എന്നാല്‍ മണ്ണില്‍ നിന്നും ഊറ്റിയെടുത്ത അതിന്റെ ഘടകങ്ങളെ തിരികെ മണ്ണില്‍ പുനഃസ്ഥാപിക്കാനുള്ള ഉപാധികള്‍ പോലും അവിടുത്തെ കര്‍ഷകര്‍ക്ക് നല്‍കിയതുമില്ല.''[20] പരിസ്ഥിതിക്കുവേണ്ടിയുള്ള ആഹ്വാനവുമായി അതായത് ''മനുഷ്യരുടെ വരും തലമുറയുടെ ശ്രേണിക്ക് ആവശ്യമായ സുസ്ഥിരമായ ജീവിതസാഹചര്യങ്ങളുടെ പൂര്‍ണ്ണ'' സംരക്ഷണത്തിനുള്ള ആഹ്വാനവുമായി മാര്‍ക്‌സ് തന്റെ അപഗ്രഥനങ്ങളെ കൂട്ടിയിണക്കുകയായിരുന്നു. സോഷ്യലിസത്തിലെ ഉല്പാദനത്തിന്റെ സ്വഭാവസവിശേഷതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമഗ്രമായ വിശദീകരണത്തില്‍ അദ്ദേഹം പ്രഖ്യാപിക്കുന്നത് ഇപ്രകാരമാണ്. ''സാമൂഹ്യ വല്‍ക്കരിക്കപ്പെട്ട മനുഷ്യന്‍ അഥവാ സഹ ഉല്പാദകന്‍ (Associated Producers), പ്രകൃതിയുമായുള്ള മനുഷ്യ രാസവിനിമയത്തെ  (Human metabolism) യുക്തിയുക്തമായ വിധത്തില്‍ തങ്ങളുടെ കൂട്ടായ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു... ഊര്‍ജ്ജത്തിന്റെ ഏറ്റവും കുറഞ്ഞ ഉപയോഗത്തിലൂടെയും തങ്ങളുടെ മനുഷ്യസ്വഭാവത്തിന് ഗുണകരവും അനുയോജ്യവുമായ സാഹചര്യങ്ങളിലുമാണ് ഇത് സാദ്ധ്യമാകുന്നത്. ഇതാണ് ഈ മണ്ഡലത്തിലെ സ്വാതന്ത്ര്യം എന്നുപറയുന്നത്.''[21]

ഗ്രഹാതിരുകള്‍ (Planetary Boundaries) , കാര്‍ബണ്‍ രാസവിനിമയം, മണ്ണ് ശോഷണം, വളോല്‍പ്പാദനം, സമുദ്രരാസവിനിമയം, മത്സ്യസമ്പത്തിന്റെ ചൂഷണം, വനനശീകരണം, കാട്ടുതീ നിയന്ത്രണം, ജലചംക്രമണം, പര്‍വ്വതനശീകരണം, കന്നുകാലി വളര്‍ത്തല്‍ മാനേജ്‌മെന്റ്, വന്‍കിട കമ്പനികള്‍ ആഗോളതലത്തില്‍ ഭൂമി വാങ്ങിക്കുട്ടുന്നത്,  നഗരവും ഗ്രാമവും തമ്മിലുള്ള വൈരുദ്ധ്യം, മുതലായ വിശാലമായ മേഖലകളില്‍ വികസിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്ത വൈരുദ്ധ്യങ്ങളെ അപഗ്രഥിക്കാന്‍ രാസവിനിമയ വിള്ളലെന്ന മാര്‍ക്‌സിന്റെ ആശയം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി പാരിസ്ഥിതിക ഗവേഷകര്‍ പ്രയോജനപ്പെടുത്തിവരുന്നു.[22]

എന്നാല്‍ അതേസമയം തന്നെ ഒരുപറ്റം ഇടത് വിമര്‍ശകരില്‍ നിന്ന് ഇതിനോടുള്ള സൈദ്ധാന്തിക എതിര്‍പ്പുകളും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. രാസവിനിമയ വിള്ളലെന്ന ആശയം 'കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തിലേക്ക്' ചുരുങ്ങിപ്പോകുന്നു എന്നതാണ് ഇത്തരം വിമര്‍ശനങ്ങളില്‍ ഒന്ന്. പ്രകൃതിയേയും സമൂഹത്തേയും ഭിന്നങ്ങളായ രണ്ട് അസ്ഥിത്വങ്ങളായാണ്[23] ഈ വീക്ഷണം പ്രതിഷ്ഠിക്കുന്നതത്രേ. ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിമര്‍ശനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയ വിള്ളലെന്ന വീക്ഷണം ഒട്ടും തന്നെ 'പ്രതിഫലനാത്മകമല്ല' (Non-reflexive) എന്നതാണ്. കാരണം ഇത് ജൈവഭൗതിക പരിസ്ഥിതിയുടെ (biophysical environment) വൈരുദ്ധ്യാത്മക വ്യുല്‍ക്രമത്തെ നിഷേധിക്കുന്നു എന്നാണവരുടെ അഭിപ്രായം.[24] ഇനിയും മറ്റു ചിലര്‍ പറയുന്നത്, രാസവിനിമയ വിള്ളല്‍ എന്ന ആശയം വാസ്തവത്തില്‍ 'ജ്ഞാനസിദ്ധാന്തപരമായ പിളര്‍പ്പി'നെയാണ് (epistemic rift), അഥവാ മാര്‍ക്‌സിന്റെ തന്നെ മൂല്യസിദ്ധാന്തത്തെ പ്രതികൂലമായി ബാധിക്കുന്ന, വിമര്‍ശനങ്ങളില്‍ പാരിസ്ഥിതിക ബന്ധങ്ങളെ തരംതാഴ്ത്തുന്ന വിധം അദ്ദേഹത്തെ തന്നെ ബാധിക്കുന്ന ദ്വൈത ലോകവീക്ഷണത്തെയാണത്രെ പുനരുല്‍പ്പാദിപ്പിക്കുന്നത്. [25]

ഇവിടെ എടുത്തുപറയേണ്ട സംഗതി, പതിവായി വ്യഖ്യാനിക്കപ്പെടുന്നതുപോലെ, രാസവിനിമയ വിള്ളലിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തം പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു സിദ്ധാന്തം കൂടിയാണ്. ജീവന്റെ നിലനില്‍പ്പിനുള്ള സാഹചര്യങ്ങളോട് മനുഷ്യസമൂഹത്തിനും ഈ മനുഷ്യസമൂഹത്തിനുള്ള നിരന്തരാശ്രയത്വമായി മാര്‍ക്‌സ് മനസ്സിലാക്കിയ ഒന്നില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ചയെക്കുറിച്ചുള്ള സിദ്ധാന്തം കൂടിയാണിത്. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ ഇത് മുതലാളിത്ത ചരക്കുല്പാദനവുമായി ബന്ധപ്പെട്ട ഒരു അലംഘീനീയ (insurmountable) വൈരുദ്ധ്യത്തെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി-സമൂഹരാസവിനിമയത്തിന്റെ സൈദ്ധാന്തിക വിശാലതയില്‍ മാത്രമേ ഇതിന്റെ പൂര്‍ണ്ണ പ്രയോഗത്തെ മനസ്സിലാക്കാനും സാധിക്കൂ.

മനുഷ്യസമൂഹം ജന്മംകൊണ്ട, അവരെ അനിവാര്യമായും നിലനിര്‍ത്തുന്ന വിശാലമായ പ്രകൃതിമണ്ഡലത്തെ സൂചിപ്പിക്കാനായാണ് മാര്‍ക്‌സ് 'പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയം' (Universal Metabolism of Nature) എന്ന ആശയം മുന്നോട്ടുവെച്ചത്. മനുഷ്യന്റെ നിലനില്‍പ്പിനും ഈ 'പ്രാപഞ്ചിക രാസവിനിമയ'ത്തിനുമിടയില്‍ മധ്യവര്‍ത്തിത്വം വഹിക്കുന്നത് ഉല്പാദനമാണ്. എന്നാലതേസമയം മനുഷ്യസമൂഹവും ഉല്പാദനവും ബൃഹത്തായ ഭൗമരാസവിനിമയത്തിന് (larger earthly Metabolism) ഉള്ളിലും അതുപോലെ അതിനെ ആശ്രയിച്ചും നില്‍ക്കുന്നതാണ്. ഈ ഭൗമരാസവിനിമയത്തെ പിന്‍പറ്റിയാണ് മനുഷ്യജീവിതം തന്നെ പ്രത്യക്ഷപ്പെട്ടത്. ''പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയപരമായ പാരസ്പര്യമായും മനുഷ്യജീവിതത്തിനുള്ള പ്രകൃതി സാഹചര്യമായു''മൊക്കെയാണ് മാര്‍ക്‌സ് ഇതിനെ വിശദീകരിച്ചത്. 'പ്രകൃതിയുടെ ഈ പ്രാപഞ്ചിക രാസവിനിമയ'ത്തില്‍ നിന്നാണ് മനുഷ്യവംശം സ്വന്തം ഉല്പാദനത്തിലൂടെ പ്രകൃതിദത്ത ഭൗതിക ഉപയോഗമൂല്യങ്ങളെ (Natural material use values) 'സ്വീകരിക്കു'കയോ (withdraws) 'ചൂഷണം' (extract) ചെയ്യുകയോ ചെയ്യുന്നത്. അതേസമയം 'ഒരു പുതിയ (സാമൂഹ്യ) രൂപീകരണത്തിന്റെ ഘടകങ്ങളെ'ന്ന നിലയില്‍ ഈ പ്രകൃതി സാഹചര്യങ്ങളിലേക്ക് '(പുതു)ജീവിതത്തെ ആവാഹിച്ചുകൊണ്ട്' ഒരു രണ്ടാം പ്രകൃതിയെ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരു മുതലാളിത്ത ചരക്കുല്പാദന സമ്പദ്ഘടനയില്‍ ഈ രണ്ടാം പ്രകൃതി അന്യവല്‍ക്കൃതമായ ഒരു രൂപമാണ് ആര്‍ജ്ജിക്കുന്നത്. ഉപയോഗമൂല്യത്തെക്കാള്‍ വിനിമയമൂല്യം ആധിപത്യം വഹിക്കുന്ന ഈ അന്യവല്‍ക്കൃത രൂപമാര്‍ജ്ജിക്കുന്നതിലൂടെയാണ് പ്രാപഞ്ചിക രാസവിനിമയ വിള്ളലിലേക്ക് നീങ്ങുന്നത്. [26]

പ്രകൃതി - സമൂഹബന്ധത്തെക്കുറിച്ചുള്ള വൈരുദ്ധ്യാത്മക ഭൗതികവാദ ധാരണയുടെ അടിസ്ഥാനചട്ടക്കൂടാണ് ഈ വീക്ഷണമെന്ന് ഞാന്‍ കരുതുന്നു. മാര്‍ക്‌സിന്റെ കാലത്ത് ഏറ്റവും വികസിച്ചുവന്നിരുന്ന (തെര്‍മോ ഡൈനാമിക് ഉള്‍പ്പെടെയുള്ള) ശാസ്ത്രങ്ങളുമായി ഏറ്റവും അടുത്തുനില്‍ക്കുന്നതു മാത്രമല്ല, ഇന്നത്തെ വികസിത പാരിസ്ഥിതിക ധാരണകളുമായി ഇണങ്ങുന്നതു കൂടിയാണ്.[27] ഇത്തരമൊരു വീക്ഷണത്തില്‍ ദ്വൈതവാദപരമായതോ പ്രതിഫലനാത്മകമല്ലാത്തതും ആയ ഒന്നും തന്നെയില്ല. മാര്‍ക്‌സിന്റെ ഭൗതികാത്മക വൈരുദ്ധ്യവാദത്തില്‍ സമൂഹമോ (ആത്മം/ബോധം) പ്രകൃതിയോ (വസ്തു-the object) പൂര്‍ണ്ണമായും ഒന്നു മറ്റൊന്നിലേക്ക് സ്വാംശീകരിക്കപ്പെടുന്നില്ല. അങ്ങനെ പരിപൂര്‍ണ്ണ ആശയവാദത്തിന്റെയും യാന്ത്രിക ശാസ്ത്രവാദത്തിന്റെയും (Mechanistic Science) കെണികളെ ഇത് അകറ്റിനിര്‍ത്തുന്നു.[28] മനുഷ്യന്‍ പ്രകൃതിയെ ഉല്പാദനത്തിലൂടെ പരിവര്‍ത്തനപ്പെടുത്തുന്നുണ്ട്. എന്നാലത് അവര്‍ ആഗ്രഹിക്കുന്ന തരത്തിലല്ല. മറിച്ച് ജീവിതബലതന്ത്രങ്ങളെയും (dynamics) ഭൗതിക നിലനില്‍പ്പിനെയും ആശ്രയിച്ചുകൊണ്ടും ഭൂതകാലത്തില്‍ നിന്നും (പ്രകൃതിയുടെയും സമൂഹത്തിന്റെയും ചരിത്രത്തില്‍ നിന്നും) സിദ്ധമായ സാഹചര്യങ്ങള്‍ക്കു കീഴിലാണവര്‍ അത് ചെയ്യുന്നത്.


വിശകലന സൗകര്യത്തിനുവേണ്ടി ഒരു സാകല്യത്തിനുള്ളിലെ (totality) ഒരു 'മാത്ര'യെ (Moment) (അഥവാ ഒരു മധ്യവര്‍ത്തിത്ത്വത്തെ) താല്‍ക്കാലികമായി വേര്‍തിരിച്ചുകൊണ്ടുള്ള അമൂര്‍ത്തീകരണത്തെ (Abstraction)  പ്രയോജനപ്പെടുത്താതെ ലോകത്തെ അര്‍ത്ഥവത്തായി വിശകലനം ചെയ്യാന്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിനു കഴിയില്ല. ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ് മാര്‍ക്‌സിന്റെ പാരിസ്ഥിതിക വീക്ഷണത്തിന്റെ ചട്ടക്കൂടിനോട് വിയോജിക്കുന്നവര്‍ 'രാസവിനിമയ വിള്ളല്‍' എന്ന അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ കാര്‍ട്ടീഷ്യന്‍ ദ്വൈതവാദത്തിന്റെ ഒരു വകഭേദമായി കാണുന്നത്.[29] മൊത്തം ബലതന്ത്രത്തില്‍ നിന്ന് ഇങ്ങനെ വേര്‍പെടുമ്പോള്‍ ആദ്യ കാഴ്ചയില്‍ ഈ വീക്ഷണം ഏകപക്ഷീയമോ യാന്ത്രികമോ ദ്വൈതവാദപരമോ സങ്കുചിതമോ ആയി തോന്നിയേക്കാം. 'മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രാസവിനിമയപരമായ പാരസ്പര്യത്തെ'ക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വീക്ഷണം പരിശോധിക്കുകയാണെങ്കില്‍ അതൊരിക്കലും പ്രകൃതിക്ക് പുറത്തോ പ്രകൃതിയില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമോ ആയി 'മനുഷ്യനെ' (മനുഷ്യത്വത്തെ) കാണുന്നില്ല എന്നു മാത്രമല്ല മനുഷ്യരില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമോ (മനുഷ്യനാല്‍ ബാധിക്കപ്പെടാത്തതോ)  ആയാണു പ്രകൃതി ഇന്നു നിലനില്‍ക്കുന്നതെന്നും കരുതുന്നില്ല. വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ചരിത്രപശ്ചാത്തലത്തില്‍ ഈ പാരസ്പര്യത്തെ യുക്തിസഹമായി സാദ്ധ്യമാക്കുന്ന അത്തരം സവിശേഷമായ മധ്യസ്ഥങ്ങളെ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കുന്നതിലൂടെ ബൃഹത്തായതും മൂര്‍ത്തമായതുമായ ഒരു സാകല്യത്തെ മനസ്സിലാക്കലാണ് അത്തരം അമൂര്‍ത്ത വല്‍ക്കരണത്തിന്റെ ലക്ഷ്യം.[30] മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം മനുഷ്യ-പ്രകൃതി രാസവിനിമയത്തിന്റെ ഒരുല്‍പ്പന്നമാണ്, അതായത് പ്രകൃതിലോകവുമായുള്ള നമ്മുടെ ഉല്‍പാദന ബന്ധത്തിന്റെ ഫലമാണ് പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ അറിവ്.

ലോകത്തെക്കുറിച്ചുള്ള ദ്വൈതവാദപരവും പ്രതിഫലനാത്മകമല്ലാത്തതുമായ സമീപനങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതാണ് പ്രകൃതി-സമൂഹ രാസവിനിമയത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ അപഗ്രഥനം. അതാവട്ടെ, വിശാലവും മൂര്‍ത്തവുമായ സാകല്യത്തെ മനസ്സിലാക്കാനുള്ള അങ്ങേയറ്റം വൈരുദ്ധ്യാത്മകമായ ഒരു സമീപനരീതിയാണ്. പ്രകൃതിയുമായുള്ള രാസവിനിമയബന്ധത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പരികല്പനയും അതുമായി ബന്ധപ്പെട്ട 'സാര്‍വ്വജനീനതയും' യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയ്ക്ക് ഒരു തരം ബാഹ്യസാഹചര്യ ശ്രൃംഖല അഥവാ ഒരു അതിര് (boundary) നിര്‍മ്മിക്കുന്നുണ്ടെന്ന 2011-ലെ ഡേവിഡ് ഹാര്‍വിയുടെ ലൂഷര്‍ പ്രൈസ് ലക്ചറിലെ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. ഈ അതിരിലാണ് രാഷ്ട്രീയ ധനതത്വശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ വിമര്‍ശനത്തിലെ 'ഭിന്നമാത്രകളെ'യെല്ലാം (different moment) കാര്യക്ഷമമായി പരസ്പരം കണ്ണി ചേര്‍ക്കുന്നത്. ബൃഹത്തായ ഈ അതിരിനെക്കുറിച്ചുള്ള പ്രശ്‌നങ്ങളെ മാര്‍ക്‌സ് കയ്യൊഴിയുകയും ലോകസമ്പദ്ഘടനയെക്കുറിച്ചും പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങളിലേക്കും മാത്രമായി പില്‍ക്കാലത്ത് മാര്‍ക്‌സ് മാറുന്നുവെന്ന് ഹാര്‍വി പറയുന്നതും സത്യമാണ്.[31] ചില കാര്യങ്ങളില്‍ മാര്‍ക്‌സിന്റെ വിശാലമായ പാരിസ്ഥിതിക വീക്ഷണം തീര്‍ച്ചയായും വ്യതിരിക്തമല്ലാതായിത്തീരുന്നുണ്ടെന്ന് മാത്രമല്ല അമൂര്‍ത്തമായിത്തീര്‍ന്നുകൊണ്ട് മൂര്‍ത്തമായ സാകല്യത്തിന്റെ (totality) തലത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതെപോകുന്നുമുണ്ട്. ഇതിനു കാരണം പ്രകൃതി-സമൂഹ വൈരുദ്ധ്യത്തിന്റെ വികാസപരിണാമവുമായി ബന്ധപ്പെട്ട ചരിത്ര മധ്യസ്ഥ കര്‍തൃത്വങ്ങളെക്കുറിച്ച് (historic mediations) സവിശേഷമായ ചര്‍ച്ചകള്‍ സാധ്യമാവണമെങ്കില്‍ അസംഖ്യം ശാസ്ത്രകൃതികള്‍ അന്നദ്ദേഹത്തിന് വായിക്കേണ്ടതുണ്ടായിരുന്നു.

എന്നിട്ടും ഈ ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയില്ല. മാര്‍ക്‌സിന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും ഭൂമിയുടെ ചരിത്രത്തില്‍ വന്‍വിനാശങ്ങള്‍ക്കു വഴി തെളിച്ച പൂര്‍വ്വകാല ഭൗമയുഗങ്ങളിലെ കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട ഐസോതെര്‍മുകളിലെ (isotherms=ഭൂമിയിലെ ഉഷ്ണമേഖലകള്‍) വ്യതിയാനങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കിയിരുന്നുവെന്നും കാണാന്‍ കഴിയും. ഇന്നത്തെ ആഗോളതാപനത്തിനു കാരണമാവുകയും ജീവജാലങ്ങളുടെ ജീവന് മുഖ്യഭീഷണിയായിരിക്കുകയും ചെയ്തിരിക്കുന്നത് ഐസോതെര്‍മുകളില്‍ സംഭവിച്ച ഈ വ്യതിയാനമാണെന്നും ഇതു ധ്രുവപ്രദേശങ്ങളിലേക്കു ജീവജാതികളേക്കാള്‍ വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നും പ്രമുഖ അമേരിക്കന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജയിംസ് ഹാന്‍സണ്‍ ചൂണ്ടിക്കാട്ടി.[32] പ്രകൃതിശാസ്ത്രത്തോടുള്ള മാര്‍ക്‌സിന്റെ അതീവ താല്‍പര്യത്തെ കാണിക്കുന്ന മറ്റൊരു റോയല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ജോണ്‍ ടിന്‍ഡാളിന്റെ  ലെക്ചറുകളോടുള്ള മാര്‍ക്‌സിന്റെ ശ്രദ്ധയാണ്.  കാലവസ്ഥയെ പരിപാലിക്കുന്നതില്‍ ഹരിതഗൃഹപ്രഭാവത്തിനുള്ള പങ്കിനെ കുറിച്ചുള്ള ടിന്‍ഡാളിന്റെ ലക്ചറുകളില്‍ മാര്‍ക്‌സ് പങ്കെടുത്തിട്ടുണ്ട് എന്നത് സ്വാഭാവികമാണല്ലോ.[33] ഭൂമിയുടെ കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്നതില്‍  സൗരറേഡിയേഷനും വിവിധതരം വാതകങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് ടിന്‍ഡാള്‍ തന്നെ നടത്തിയ പരീക്ഷണങ്ങളായിരുന്നു ആ ലക്ചറുകള്‍. ഈ രണ്ടു പ്രധാനപ്പെട്ട വിഷയങ്ങളേയും പ്രകൃതിയുടെ പ്രാപഞ്ചിക രാസവിനിമയവും ഉല്‍പ്പാദനത്തിനുള്ളില്‍ സമൂഹവും പ്രകൃതിയും തമ്മില്‍ നടക്കുന്ന സാമൂഹ്യ രാസവിനിമയ കൊടുക്കല്‍ വാങ്ങലുകളും മാര്‍ക്‌സ് ഗൗരവപൂര്‍വ്വം പരിഗണിച്ചിരുന്നുവെന്ന് പ്രകൃതി സാഹചര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. മനുഷ്യ തലമുറയുടെ ശ്രൃംഖലക്ക് ഉതകുന്ന ഈ ബന്ധങ്ങളുടെ സുസ്ഥിരതയെ ആശ്രയിച്ചാണു മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഭാവി എന്നു കൃത്യമായും അദ്ദേഹം മനസിലാക്കിയിരുന്നു.[34]



അടുത്ത പേജില്‍ തുടരും
1  2  3

കുറിപ്പുകള്‍

1. Jason W. Moore, 'Transcending the Metabolic Rift',' Journal of Peasant Studies 38, no. 1 (January 2011): 1-2, 8, 11; Mindi Schneider and Philip M. McMichael, 'Deepening, and Repairing, the Metabolic Rift',' Journal of Peasant Studies 37, no. 3 (July 2010): 478, 482; Alexander M. Stoner, ''Sociobiophysicality and the Necessity of Critical Theory',' Critical Sociology, online version (March 19, 2013): 6-7.
2. Schneider and McMichael, 'Deepening, and Repairing, the Metabolic Rift',  481-82. See also Maarten de Kadt and Salvatore Engel-Di Mauro, 'Failed Promise', Capitalism, Nature, Socialism 12, no. 2 (2001): 50-56.
3. Georg Lukács, History and Class Consciousness (London: Merlin Press, 1968), 24.
4. 'പാശ്ചാത്യ മാര്‍ക്‌സിസം' (Western Marxism) എന്ന് ആദ്യമായി പ്രയോഗിച്ചത്, Adventure of the Dialectic  (Evanston, IL: Northwestern University Press, 1973) എന്ന തന്റെ കൃതിയില്‍ മൗറിസ് മെര്‍ളി-പോണ്ടി (Maurice Merleau-Ponty) ആണ്. ലൂക്കാച്ചിന്റെയും (Lukács) കാറല്‍ കോര്‍ഷ് (Karl Korsch), ഫ്രങ്ക് ഫര്‍ട്ട് സ്‌കൂള്‍, അന്റോണിയോ ഗ്രാംഷി മുതല്‍ മിക്ക പാശ്ചാത്യ ദാര്‍ശനിക മാര്‍ക്‌സിസ്റ്റുകളുടേയും കൃതികളില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞുവന്നത് എന്നാണ് കാണാന്‍ കഴിയുന്നത്. ഇതിന്റെ സുപ്രധാന സത്ത എന്നു പറയുന്നത് മേല്‍ സൂചിപ്പിച്ച പോലെ മാര്‍ക്‌സിസത്തിലുള്ള പോസിറ്റിവിസ്റ്റ് സ്വാധീനത്തോട്, വിശിഷ്യ പ്രകൃതിയുടെ വൈരുദ്ധ്യാത്മക സമീപനത്തോടുള്ള നിഷേധമാണ്. See Russell Jacoby, 'Western Marxism,' in Tom Bottomore, ed., A Dictionary of Marxist Thought (Oxford: Blackwell, 1983), 523-26.
5. John L. Stanley, Mainlining Marx (New Brunswick, NJ: Transaction Publishers, 2002), 1–61. എന്ന കൃതിയില്‍ ഇതുമായി ബന്ധപ്പെട്ട് ഏംഗല്‍സിനെ സംരക്ഷിക്കാനുള്ള ഒരു സുപ്രധാന പ്രവണത കാണാനാവും. തങ്ങളുടെ വിഖ്യാതഗ്രന്ഥമായ The Dialectical Biologist എന്ന ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നതു തന്നെ ഇങ്ങനെയാണ്; ''മിക്ക അവസരങ്ങളിലും ഇത് തെറ്റായി മനസ്സിലാക്കിയ, എവിടെയൊക്കെ കണക്കാക്കപ്പെടുന്നുണ്ടോ അവിടങ്ങളിലൊക്കെ ശരിയായി മനസ്സിലാക്കിയ ഫ്രെഡറിക് ഏംഗല്‍സിന്.'' Richard Levins and Richard Lewontin, The Dialectical Biologist (Cambridge, MA: Harvard University Press, 1985), v.
6. Lucio Colletti, Marxism and Hegel (London: Verso, 1973), 191-93; Jacoby, 'Western Marxism', 524. See also Merleau-Ponty, Adventures of the Dialectic, 32; Jean-Paul Sartre, Critique of Dialectical Reason, vol. 1 (London: Verso, 2004), 32; Herbert Marcuse, Reason and Revolution (Boston: Beacon Press, 1960), 314; Alfred Schmidt, The Concept of Nature in Marx (London: New Left Books, 1971), 59-61; Steven Vogel, Against Nature (Albany: State University of New York Press, 1996), 14-19.
7. History and Class consciouness എന്ന ലൂക്കാച്ചിന്റെ ഗ്രന്ഥവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഗ്രാഷ്യ വ്യക്തമായി വാദിക്കുന്നുണ്ട്, പ്രകൃതിയുടെ വൈരുദ്ധ്യാത്മകതയെ പൂര്‍ണ്ണമായി നിഷേധിക്കുന്നത്. 'ആശയവാദ'ത്തിലേക്കോ 'ദ്വൈതവാദ'ത്തിലേക്കോ എത്തിച്ചേരും. മാത്രവുമല്ല ഭൗതികവാദ ലോകവീക്ഷണത്തെ അത് തകര്‍ക്കും. Antonio Gramsci, Selections from the Prison Notebooks (London: Merlin Press, 1971), 448.  ഭൗതിക വാദത്തില്‍ നിന്നുള്ള പാശ്ചാത്യദാര്‍ശനിക മാര്‍ക്‌സിസത്തിന്റെ വഴി പിരിയലിനോടുള്ള കടുത്ത വിമര്‍ശനത്തിനും, പ്രകൃതി സാഹചര്യങ്ങളോടുള്ള പരിഗണനയും മനസ്സിലാകണമെങ്കില്‍ ഈ കൃതി നോക്കുക; Sebastiano Timpanaro, On Materialism (London: Verso, 1975).
8. History and Class Consciousness, 207.
9. Lukács, History and Class Consciousness, xvii.
10. Georg Lukács, Conversations with Lukac (Cambridge, MA: MIT Press, 1974), 43. അതേ ഖണ്ഡികയില്‍ ലൂക്കാച്ച് താഴെ പറയുന്ന ഭാഗം കൂടി സാമൂഹ്യവശത്തെക്കുറിച്ച് വിശദീകരിക്കാനായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ''സമൂഹവും പ്രകൃതിയും തമ്മിലുള്ള രാസവിനിമയ ബന്ധം ഒരു സാമൂഹിക പ്രക്രിയകൂടിയാണ്. അതുകൊണ്ട് ചരിത്രത്തിലെ വര്‍ഗസമരത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന ഒന്നായി ഈ പരികല്പനയെ മനസിലാക്കാന്‍ സാധ്യമാണ്.''
11. Schmidt, The Concept of Nature in Marx, 78–79.
12. Georg Lukács, A Defence of 'History and Class Consciousness': 'Tailism and the Dialectic' (London: Verso, 2003), 96, 106, 113–14, 130–31. ഇന്ദ്രിയങ്ങളിലൂടെയുള്ള ഐന്ദ്രികജ്ഞാനത്തിലൂടെയും യുക്തിസഹമായ അമൂര്‍ത്ത വല്‍ക്കരണത്തിലൂടെയും വിശിഷ്യ (എംഗല്‍സ് ഊന്നിയതുപോലെ) പരീക്ഷണങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ഇത്തരം പ്രക്രിയകളിലൂടെ എപ്പിക്യൂറിയസും, ബേക്കണും ഫൊയര്‍ബാഹും ആധുനികശാസ്ത്രവും ഐന്ദ്രികജ്ഞാനത്തെയും അമൂര്‍ത്തവല്‍ക്കരണത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് മഹത്തായ കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്ങനെയൊക്കെയാണെങ്കിലും പ്രകൃതിയും സാമൂഹ്യ ബന്ധങ്ങളും തമ്മിലുള്ള രാസവിനിമയയബന്ധത്തെ നിരന്തരം പരിവര്‍ത്തനപ്പെടുത്തുന്ന ഉല്‍പാദനബന്ധങ്ങളുടെ വികാസവുമായി തന്നെയാണ് ഇത് ആത്യന്തികമായി ബന്ധപ്പെട്ടിരിക്കുന്നത്. See Lukács, History and Class Consciousness, xix–xx, and A Defence of 'History and Class Consciousness,' 130-32; John Bellamy Foster, Brett Clark, and Richard York, The Ecological Rift (New York: Monthly Review Press, 2010), 229-31.  കുറിപ്പ്: ഈ അധ്യായത്തില്‍ ലൂക്കാച്ചിനെ ഉദ്ദരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ വൈരുദ്ധ്യവാദത്തെ കുറിച്ചുള്ള എന്റെ എല്ലാ വ്യാഖ്യാനങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
13. Istvan Meszaros, Marx's Theory of Alienation (London: Merlin Press, 1970), 99-119, 162-65, 195-200, and Beyond Capital (New York: Monthly Review Press, 1995), 170-77, 872-97. മാര്‍ക്‌സ് ''P'' എന്ന് ഉപയോഗിച്ചിരിക്കുന്നത് പലപ്പോഴും പ്രോര്‍ട്ടി എന്ന് തെറ്റിധരിക്കപ്പെടുന്നതിനാല്‍  Marx's Theory of Alienation എന്ന കൃതിയില്‍ മെസാറോസ്  ഇന്‍ഡസ്ട്രി എന്ന അര്‍ത്ഥത്തില്‍ ''I'' എന്ന അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രി എന്നതിന് അദ്ദേഹം പ്രൊഡക്ഷന്‍ എന്ന് തന്നെയാണ് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്.
14. Karl Marx, Capital, vol. 3 (London: Penguin, 1981), 949.
15. See John Bellamy Foster, Marx's Ecology (New York: Monthly Review Press, 2000), 149-54.
16. Liebig quoted in K. William Kapp, The Social Costs of Private Enterprise (New York: Shocken Books, 1971), 35.
17. Karl Marx and Frederick Engels, Collected Works, vol. 42 (New York: International Publishers, 1975), 227.
18. Foster, Marx's Ecology, 155-62.
19. Karl Marx, Capital, vol. 1 (London: Penguin, 1976), 637-38.
20. Marx, Capital, vol. 1, 860; Brett Clark and John Bellamy Foster, 'Guano: The Global Metabolic Rift and the Fertilizer Trade,' in Alf Hornborg, Brett Clark, and Kenneth Hermele, eds., Ecology and Power (London: Routledge, 2012), 68-82.
21. Marx, Capital, vol. 3, 754, 959.
22. See Ryan Wishart, 'The Metabolic Rift: A Selected Bibliography', October 16, 2013, http://monthlyreview.org/ commentary/metabolic-rift; Foster, Clark, and York, The Ecological Rift; Paul Burkett, Marxism and Ecological Economics (Boston: Brill, 2006).
23. Moore,'Transcending the Metabolic Rift,' 1-2, 8, 11.
24. Stoner, 'Sociobiophysicality and the Necessity of Critical Theory,' 7.  രാസവിനിമയ വിള്ളല്‍ എന്ന ആശയം 'പ്രതിഫലനാത്മകമല്ല' എന്ന് സ്റ്റോര്‌ണെര്‍ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹം തന്റെ വിമര്‍ശനമുന തിരിക്കുന്നത് കൂടുതലും ഈ ലേഖകനിലേയ്ക്കാണ്. അല്ലാതെ മാര്‍ക്‌സിന് നേരെയല്ല . അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ അടിസ്ഥാനം ഇതാണ്; ''രാസവിനിമയത്തിലെ വിള്ളല്‍ എന്ന സിദ്ധാന്തത്തെ മാര്‍ക്‌സിന്റെ മേല്‍ ആരോപിക്കുന്നത് സൂക്ഷിച്ചു വേണം. കാരണം അദ്ദേഹം ഈ പദപ്രയോഗം എവിടെയും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അത്തരമൊരു പദപ്രയോഗവുമായി ബന്ധപ്പെട്ട സിദ്ധാന്തത്തില്‍ എത്തിയിട്ടുമില്ല.'' എന്നിരുന്നാലും മെറ്റബോളിസത്തെ കുറിച്ച് മാര്‍ക്‌സ് (1857-58 കാലത്തുള്ള ഗ്രുന്ദ്‌റൈസ് മുതല്‍ 1879-80 കാലത്തുള്ള Notes on Adolph Wagner വരെയുള്ളവയില്‍) നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെല്ലാം തന്നെ വാസ്തവത്തില്‍ ഇല്ലാത്തതാണെന്നും തെറ്റായി ആരോപിക്കപ്പെട്ടതാണെന്നും സ്റ്റോണ്‍ ചിന്തിക്കുന്നതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ഒരു തെളിവും നമുക്ക് നല്‍കുന്നില്ല (അഡോര്‍നോയെ പരാമര്‍ശിക്കുകമാത്രമെ ചെയ്യുന്നുള്ളു.)
25. Schneider and McMichael, 'Deepening, and Repairing, the Metabolic Rift,' 478-82.  ഷ്‌നെയ്ദറിന്റെയും മാക്മിഖായേലിന്റെയും അഭിപ്രായത്തില്‍ പ്രകൃതിയും സമൂഹവും തമ്മിലുള്ള രാസവിനിമയപരമായ വിള്ളല്‍ കേവലം 'ജ്ഞാനസിദ്ധാന്തപരമായ ഒരു വിള്ള'ലാണ്. ചിന്തയില്‍ മാത്രമാണ് ഇത്തരത്തില്‍ പ്രകൃതിയെയും സമൂഹത്തെയും പിളര്‍ത്തിമാറ്റാന്‍ കഴിയൂ. വൈരുദ്ധ്യാത്മക വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ ഇത് വിവിധതരത്തിലുള്ള ദ്വൈതവാതങ്ങളെയാണ് സൃഷ്ടിക്കുക. ഇങ്ങനെയാണ് അവര്‍ വാദിക്കുന്നത്.  മാര്‍ക്‌സിന്റെ സിദ്ധാന്തത്തെ ഭാഗികമായി കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ അവര്‍ വീക്ഷണം ചെയ്യുന്നത്. മാര്‍ക്‌സ് തുടര്‍ച്ചയായി സമൂഹ-പ്രകൃതി ബന്ധത്തെ കുറിച്ചുള്ള വിലയിരുത്തലില്‍ ഏകപക്ഷീയമാണെന്നും പലപ്പോഴും അത് മൂലധന സിദ്ധാന്തത്തില്‍ പാരിസ്ഥിതിക ബന്ധങ്ങളില്‍ നിന്ന് മൂല്യത്തിന്റെയും പ്രകൃതിയുടെയും അമൂര്‍ത്തവല്‍ക്കരണത്തെ കുറച്ചുകൊണ്ട് രീതിശാസ്ത്രപരമായി ദ്വൈതവാദത്തിലേയ്ക്ക് കൂപ്പുകുത്തുന്നുണ്ടത്രേ. അവര്‍ മനസിലാക്കാത്ത കാര്യം മൂലധനത്തിന്റെ മൂല്യഘടനയുടെ വിമര്‍ശനത്തിലാണ് മാര്‍ക്‌സ് മൂല്യബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ്. അദ്ദേഹത്തിന്റെ പരികല്‍പനയില്‍, പാരിസ്ഥിതിക ബന്ധങ്ങളില്‍ മൂലധനം അതിന്റെ മൂല്യത്തിന്റെ അമൂര്‍ത്തവല്‍ക്കരണത്തിന് പിന്തുണ നല്‍കില്ല. അന്യവല്‍കൃതമായ ഒരു ഉല്‍പാദനരീതി എന്ന നിലയിലുള്ള സ്വഭാവം ആയിരിക്കും അത് പിന്‍പറ്റുക. മുതലാളിത്തത്തിന്‍ കീഴില്‍ മൂല്യത്തെ സമ്പത്തില്‍ നിന്ന് വേര്‍തിരിച്ച് കാണുന്നതിലൂടെ -മൂല്യത്തില്‍ നിന്ന് വിപരീതമായി സമ്പത്തിന്റെ സ്രോതസ്സുകള്‍ അധ്വാനവും ഭൂമിയുമാണ് -  മാര്‍ക്‌സ് അത് മനസ്സിലാക്കിയിരുന്നു എന്ന് വ്യക്തം. See Karl Marx, Critique of the Gotha Programme (New York: International Publishers, 1938), 3.
26. Marx and Frederick Engels, Collected Works, vol. 30, 54-66.
27. Such an analysis of course needs to be integrated with Marx's value-theory-based critique. This was accomplished in Paul Burkett, Marx and Nature (New York: St. Martin's Press, 1999).
28. സമൂഹം ഭൗതികമായാണ് ഉല്‍പാദിപ്പിക്കുന്നത് എന്നതുകൊണ്ട് തന്നെ തീര്‍ച്ചയായും വസ്തുനിഷ്ഠമാണ് - അത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രാസവിനിമയത്തിന്റെ ചരിത്രപരമായ ഒരു പ്രകടിതരൂപമാണ്. See Lukac's, A Defence of 'History and Class Consciousness,' 100-1, 115.
29. ശാസ്ത്രത്തിന്റെയും വിജ്ഞാനത്തിന്റെയും കാര്യത്തില്‍ അമൂര്‍ത്തവല്‍ക്കരണത്തിന്റെ അടിസ്ഥാനമെന്നനിലയിലുള്ള ''ഒറ്റതിരിച്ച് പരിശോധിക്കല്‍'' (isolation) ന്റെ പങ്കിനെ കുറിച്ച് മനസിലാക്കാന്‍ കാണുക, Hyman Levy, The Universe of Science (New York: Century Company, 1933), 31-81, and A Philosophy for a Modern Man (New York: Alfred A. Knopf, 1938), 30-36; Bertell Ollman, Dialectical Investigations (New York: Routledge, 1993), 24-27; Paul Paolucci, Marx's Scientific Dialectics (Chicago: Haymarket Books, 2007), 118-23, 136-42; and Richard Lewontin and Richard Levins, Biology Under the Influence (New York: Monthly Review Press, 2007), 149-66.
30. See Istvsn Maszaros, Lukac's' Concept of Dialectic (London: Merlin Press, 1972), 61-91.2.
31. David Harvey, 'History versus Theory: A Commentary on Marx's Method in Capital,' Historical Materialism 20, no. 2 (2012): 12-14, 36.
32. Karl Marx and Friedrich Engels, MEGA IV, 26 (Berlin: Akademie Verlag, 2011), 214-19. See also Joseph Beete Jukes, The Student's Manual of Geology, third edition (Edinburgh: Adam and Charles Black, 1872), 476-512; James Hansen, Storms of My Grandchildren (New York: Bloomsbury, 2009), 146-47.
33. Michael Hulme, 'On the Origin of 'The Greenhouse Effect': John Tyndall's 1859 Interrogation of Nature', Weather 64, no. 5 (May 2009): 121-23; Daniel Yergin, The Quest (New York: Penguin, 2011), 425-28; Friedrich Lessner, 'Before 1848 and After', in Institute for Marxism-Leninism, ed., Reminiscences of Marx and Engels (Moscow: Foreign Languages Publishing House, n.d.), 161; Y.M. Uranovsky, 'Marxism and Natural Science', in Nikolai Bukharin, et. al., Marxism and Modern Thought (New York: Harcourt, Brace and Co., 1935), 140; Spencer R. Weart, The Discovery of Global Warming (Cambridge, MA: Harvard University Press, 2003), 3-4; W.O. Henderson, The Life of Friedrich Engels, vol. 1 (London: Frank Cass, 1976), 262.
34. ഇതുമായി ബന്ധപ്പെട്ട വളരെ രസകരമായ ഒരു കാര്യം ഭൂഗോളത്തിലെ ജീവിവര്‍ഗങ്ങളെ നശിപ്പിക്കുന്ന ദുരന്തപൂര്‍ണമായ മനുഷ്യ ഇടപെടലിനെ കുറിച്ചുള്ള വിമര്‍ശനത്തിലൂടെ വിശിഷ്യ The Effacement of Nature by Man   എന്ന ലേഖനത്തിലൂടെ മാര്‍ക്‌സിന്റെ സുഹൃത്തായ ലങ്കെസ്റ്റര്‍ ഉയര്‍ന്നു വരികയുണ്ടായി എന്നതാണ്. See E. Ray Lankester, Science From an Easy Chair (New York: Henry Holt, 1913), 373-79.


അടുത്ത പേജില്‍ തുടരും
1  2  3