Showing posts with label Dalit. Show all posts
Showing posts with label Dalit. Show all posts

Wednesday, August 27, 2014

ഗാന്ധിയുടെ മുസ്ലീം പ്രേമം ഒരു കാപട്യം


മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. ദലിത് ബന്ധു എഴുതുന്നു...




ദലിത് ബന്ധു



ഗോഡ്‌സെ പ്രതിപാദിക്കുന്നതുപോലെ ഗാന്ധിയുടെ മുസ്ലീം പ്രേമം അത്ര കറകളഞ്ഞതും ആത്മാര്‍ത്ഥതയേറിയ തുമായി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് തോന്നിയിട്ടില്ല. തോന്നിയിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ എന്ന ചിന്തതന്നെ അവരില്‍ ഉദിക്കുമായിരുന്നില്ല. ജിന്ന ഒരു വര്‍ഗീയവാദി ഒന്നുമായിരുന്നില്ല. അദ്ദേഹത്തെ വര്‍ഗീയവാദിയാ ക്കിയത് ഗാന്ധിയാണ്. അത് ബോധപൂര്‍വമുള്ള ശ്രമമാണ്.

മറ്റുപല കോണ്‍ഗ്രസുകാരോടുമൊപ്പം ഗാന്ധിയെ ആദ്യമായി കാണുവാന്‍ ജിന്ന പോയപ്പോള്‍ ഗാന്ധി അവരെ അഭിസംബോധന ചെയ്തത് My Hindu friends and my Muslim friends എന്നാണ്. ഗാന്ധി ആദിമുതലേ മനുഷ്യനെ കണ്ടിട്ടില്ല, ഹിന്ദുക്കളേയും മുസ്ലീങ്ങളേയുമാണ് കണ്ടത്. എല്‍ കെ അദ്വാനി പോലും ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷം പ്രസ്താവിച്ചത് അദ്ദേഹം തികച്ചും ഒരു സെക്കുലറിസ്റ്റായിരുന്നു എന്നാണ്. അന്ന് അത് പത്രവാര്‍ത്തയാ യിരുന്നു. ജിന്ന മതശാസനകളൊന്നും അനുസരിച്ച് ജീവിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു തനി ഭൗതികവാദിയായിരുന്നു എന്ന് റാഫിക് സക്കറിയ The man who divided India എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ആ ജിന്നയെയാണ് മുസ്ലീം ലീഗില്‍ ചേരുന്നതിന് മുമ്പുപോലും ഒരു മുസ്ലീം സുഹൃത്തായി ഗാന്ധി കണ്ടത്. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് മലബാറിലെ മുസ്ലീങ്ങള്‍ പാടിയത്;
'തെല്ലു കഴിഞ്ഞാല്‍ ഗാന്ധി പറയും
ഇന്ത്യയില്‍ മാപ്പിള പാടില്ല' എന്നാണ്.

എന്നാല്‍ തമ്മില്‍ കാണുന്നതുവരെ ഗാന്ധി ഡോ. അംബേഡ്കറെ ഒരു ബ്രാഹ്മണനായിട്ടാണ് ചിന്തിച്ചിരുന്നത്. ഇത്രയേറെ കഴിവും അറിവും ധിഷണാശക്തിയുമുള്ള ആള്‍ ബ്രാഹ്മണനായിരിക്കും. ഗാന്ധിക്ക് ഏകപക്ഷീയമായ ചില ധാരണകളെല്ലാം മുന്‍കൂട്ടിത്തന്നെ ഉണ്ടായിരുന്നു. സ്വയം അതിന്റെ പുറകേ ഇഴയാനാണ് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തു വന്നതിനു ശേഷമാണ് മുസ്ലീങ്ങള്‍ അവരുടെ താത്പര്യം കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി പരിഗണിക്കേ ണ്ടതാണ് എന്ന് ചിന്തിച്ചത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗാന്ധിയന്‍ സമരം രൂക്ഷമായപ്പോഴാണ് മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശവും രാജ്യവും വേണമെന്ന് അവര്‍ക്കുതന്നെ ബോധ്യപ്പെട്ടത് എന്ന് ലാറി കൊളിന്‍സും ഡൊമനിക് ലാപിയറും ചേര്‍ന്നെഴുതിയ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' (മലയാള വിവര്‍ത്തനം) 14 ആം പതിപ്പ് 119 ആം പേജില്‍ കാണാം. വിജയനഗര രാജാക്കന്മാര്‍ ഭരിച്ചപ്പോഴോ ശിവജി ഭരിച്ചപ്പോഴോ ആ രാജ്യങ്ങളിലുണ്ടാ യിരുന്ന മുസ്ലീങ്ങള്‍ക്ക് പോലും അത്തരം ഒരു ചിന്ത ഉണ്ടായിട്ടില്ല. അവര്‍ തനി ഹിന്ദുരാജാക്കന്മാരായിരുന്നു. മുസ്ലീങ്ങളുടെ ശത്രുക്കള്‍ ആയിരുന്നില്ല. ഗാന്ധി കോണ്‍ഗ്രസിന്റെ രാജാവായപ്പോഴാണ് മറിച്ചു ചിന്തിക്കാനിടയായത്.

1906 ല്‍ മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടു. എങ്കിലും 1920 ല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ഏകാധിപതി ആയതിനുശേഷം നടത്തപ്പെട്ട പ്രസ്താവനക ളും പ്രസംഗങ്ങളും പ്രവര്‍ത്തികളും മൂലം 1940 ലാണ് മുസ്ലീം ലീഗ് ആദ്യമായി പാക്കിസ്ഥാന്‍ വാദം അംഗീകരിച്ചത്. മതമൗലികവാദിയും ഹിന്ദുത്വ ചിന്താഗതിക്കരനുമെല്ലാമായ ബാലഗംഗാധര തിലകന്റെ കാലത്ത് മുസ്ലീം ലീഗ് സ്ഥാപിച്ചു എന്നു മാത്രം. തിലകന്റെ ഗണേശ പൂജക്ക് സാധിക്കാത്തത് ഗാന്ധിയുടെ രാമരാജ്യത്തിന് സാധിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഇസ്ലാമില്‍ ചേര്‍ന്ന് സയ്യിദ് ഹുസൈനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെ തടഞ്ഞത് മുസ്ലീം പ്രേമി എന്നു പറയുന്ന ഗാന്ധി തന്നെയാണ്. മുസ്ലീം പ്രേമം പറയാനുള്ളതാണ് പ്രവര്‍ത്തിക്കാനുള്ളതല്ല. ഏറെ നാളത്തെ ഗാന്ധിയുടെ നിരന്തര പരിശ്രമഫലമായാണ് എസ് കെ പണ്ഡിറ്റുമായുള്ള വിവാഹത്തിന് അവര്‍ സമ്മതം മൂളിയത്. ഗനിലാല്‍ ഗൗബ ഇസ്ലാം മതം സ്വീകരിച്ചപ്പോള്‍ ഗാന്ധി അദ്ദേഹത്തെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ വേണ്ടി ഏറെ ശ്രമിച്ചു. ഗാന്ധിയുടെ മകന്‍ ഹിരലാല്‍ ഇസ്ലാംമതം അംഗീകരിച്ചപ്പോള്‍ ഗാന്ധി അവനെ വിളിച്ചത് ഭ്രാന്തനെന്നാണ്. അബ്ബാസ് ത്വയ്യബ്ജിയുടെ മകള്‍ ഹനാ ത്വയ്യബ്ജിയെ ശങ്കര്‍ലാല്‍ ബംഗള്‍ വിവാഹം കഴിച്ചപ്പോള്‍ ഗാന്ധി ആ വിവാഹത്തിന് മംഗളങ്ങള്‍ നേര്‍ന്നു. ഇസ്ലാം മതം ഉപേക്ഷിച്ചുകൊണ്ടാണ് ത്വയ്യബ്ജിയുടെ മകള്‍ വിവാഹിതയായത്. ഗാന്ധിയുടെ കപട മുസ്ലീം പ്രേമത്തിന് ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഇനിയും നിരത്താനുണ്ട്.

അതിനാല്‍ ഗോഡ്‌സെ വാദിക്കുന്ന ഗാന്ധിയുടെ മുസ്ലീം പ്രേമം കൊല്ലുന്നതിനു മുമ്പ് പട്ടിയെ പേപ്പട്ടി എന്നു വിളിക്കുന്നതു മാത്രമാണ്. തന്റെ ഉള്ളിലരിപ്പു ഒളിക്കാന്‍ കഴിവുള്ള ഒരു വിദഗ്ധ തന്ത്രശാലിയായിരുന്നു ഗാന്ധി എന്നു മാത്രമാണ് അത് കാണിക്കുന്നത്. വെറും പയ്യനായ ഗോഡ്‌സെക്ക് മനസ്സി ലാകുന്നതിലേറെ ചാണക്യനായിരുന്നു അദ്ദേഹം.

ഗോഡ്‌സെ തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നത്, ഗാന്ധി ഇന്ത്യയിലെ ജനങ്ങളെ വിഢികളാക്കി എന്നാണ്. യഥാര്‍ത്ഥത്തില്‍ വിഢിയായത് ഗോഡ്‌സെ തന്നെയാണ്. ഗോഡ്‌സെയുടെ അനുയായികള്‍ക്ക് ഗാന്ധിയെ ഇന്ന് അംഗീകരിക്കേണ്ടിവന്നു എന്നതുതന്നെയാണ് അതിന് ഏറ്റവും പ്രധാനമായ തെളിവ്. ്അന്ന് ഗാന്ധി എന്തെല്ലാം പറഞ്ഞിരുന്നുവോ ഇന്ന് അതെല്ലാമണ് അവരുടെ മുദ്രാവാക്യങ്ങള്‍. ഗോഹത്യ നിരോധിക്കണം. മതപരിവര്‍ത്തനം പാടില്ല. ഇന്ത്യയിലെ ദലിതര്‍ ഹിന്ദുക്കളാണ്. ഹിന്ദുമതം ഇന്ത്യുടെ ദേശീയ മതമാണ്. രാമനാണ് ഇന്ത്യയുടെ ആരാധ്യ പുരുഷനും മാതൃകയും. ഗാന്ധിക്ക് രാമരാജ്യം ഗോഡ്‌സെയുടെ അനുയായികള്‍ക്ക് രാമക്ഷേത്രമാണ് ജീവന്മന്ത്രം തുടങ്ങി അനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണി ക്കാനുണ്ട്.



ഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അനേകം ദേശീയ നേതാക്കളുടെ പടം കണ്ടു. പുഷ്യമിത്ര സുംഗന്‍ മുതല്‍ ശിവജി വരെയുള്ളവര്‍. പക്ഷെ, ശ്രീരാമന്റെ പടം മാത്രം കണ്ടില്ല. ഗാന്ധിയാണ് ഹിന്ദുത്വവാദികള്‍ക്ക് ശ്രീരാമനെ നല്‍കിയത്. 


ഗാന്ധി ഒരിക്കല്‍ ആര്‍എസ്എസ് ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ അനേകം ദേശീയ നേതാക്കളുടെ പടം കണ്ടു. പുഷ്യമിത്ര സുംഗന്‍ മുതല്‍ ശിവജി വരെയുള്ളവര്‍. പക്ഷെ, ശ്രീരാമന്റെ പടം മാത്രം കണ്ടില്ല. ഗാന്ധിയാണ് ഹിന്ദുത്വവാദികള്‍ക്ക് ശ്രീരാമനെ നല്‍കിയത്. ആര്‍എസ്എസ് 1925 മുതല്‍ തീവ്രപരിശ്രമം നടത്തിയിട്ടും സവര്‍ണ ഹിന്ദുക്കളുടെ ഇടയില്‍ മാത്രം അത് പ്രചരിച്ചു. ഇന്ന് ഹിന്ദുത്വത്തിന് ദലിതരുടെ ഇടയിലുള്ള ശക്തി ബാബ്‌റി മസ്ജിദ് നശീകരണത്തിലും ഗുജറാത്ത് വംശഹത്യയിലും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ദലിത്  പിന്നാക്ക വിഭാഗങ്ങളെ ഹിന്ദുത്വത്തിലേക്ക് ആനയിക്കുന്ന ചിന്തക്ക് രൂപംകൊടുത്തത് തന്നെ ഗാന്ധിയാണ്. ഗാന്ധി മുസ്ലീം പ്രേമിയായി രുന്നില്ല. ഹിന്ദു പ്രേമിതന്നെയാണ്. തെറ്റു പറ്റിയത് ഗോഡ്‌സെക്കാണ്. ഗാന്ധിവധമല്ല ഗോഡ്‌സെയുടെ ഏറ്റവും വലിയ തെറ്റ്, ഗാന്ധിയെ മനസ്സിലാക്കാന്‍ കഴിയാതെപോയി എന്നതാണ് ഗോഡ്‌സെക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തം. അതുകൊണ്ട് നഷ്ടം സംഭവിച്ചത് മുഴുവന്‍ ഹിന്ദുത്വ വാദികള്‍ക്കുമാണ്. ഗാന്ധിവധംകൊണ്ട് ഗാന്ധിസ്റ്റുകള്‍ക്ക് ഒരു രക്തസാക്ഷി യെ സംഭാവന ചെയ്യാന്‍ ഗോഡ്‌സെക്ക് കഴിഞ്ഞു. ഗോഡ്‌സെ ഗാന്ധിയെ വധിച്ചില്ലായിരുന്നുവെങ്കില്‍ ഗാന്ധി ഇത്രയേറെ പ്രശസ്തനാകു മായിരുന്നില്ല. ഇതിനു മുമ്പേ ഹിന്ദുത്വം അധികാരം പിടിച്ചെടുക്കുമായിരുന്നു. രാജ്യത്തെ ബഹുജനങ്ങള്‍ക്ക് ഹിന്ദുത്വവാദികളോട് ഇത്രയേറെ വെറുപ്പു ണ്ടാകുമായിരു ന്നില്ല. ആര്‍എസ്എസ് കുറച്ചുകാലത്തേക്കെങ്കിലും നിരോധിക്കപ്പെടു മായിരുന്നില്ല. അതെല്ലാം സംഭവിച്ചതുകൊണ്ടാണ് തനി ഹിന്ദുത്വ ശക്തികള്‍ക്ക് അധികാരത്തിലെത്താന്‍ അധികകാലം വേണ്ടിവന്നത്.

Monday, June 16, 2014

ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും. അജിത് കുമാര്‍ എ.എസ് വിമര്‍ശിക്കുന്നു...



സംവാദം | അജിത്ത് കുമാര്‍ എ.എസ്

മൊഴിമാറ്റം: ഷഫീക്ക് എച്ച്.

അജിത് കുമാര്‍ എ.എസ്: പ്രമുഖ ദളിത് രാഷ്ട്രീയ/സാംസ്‌കാരിക പ്രവര്‍ത്തകന്‍, ഡോക്യുമെന്ററി സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 3 D Stereo Caste എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്.

2012 ആഗസ്റ്റ് 15ന് റൗണ്ട് ടേബിള്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചതാണ് 'Don't Give Me Red!' എന്ന ഈ കുറിപ്പ്‌. തെല്‍തുംടെയുടെ വാദമുഖങ്ങളെ വിമര്‍ശിക്കുന്നു ലേഖകന്‍.

നേരിട്ട് കാര്യത്തിലേയ്ക്ക് കടക്കട്ടെ. 2012 ആഗസ്റ്റില്‍ 'It's Not Red Vs Blue' എന്ന തലക്കെട്ടോടുകൂടി ഔട്‌ലുക്ക് പ്രസിദ്ധീകരിച്ച ആനന്ദ് തെല്‍തുംടെയുടെ ലേഖനത്തോടുള്ള ഒരു പ്രതികരണമാണ് ഈ കുറിപ്പ്. പ്രസ്തുതലേഖനത്തോടുള്ള ഒരു സമഗ്രമായ വിമര്‍ശനമൊന്നുമല്ല ഇതെന്ന് എനിക്കുറപ്പുണ്ട്. എന്നിരുന്നാലും ആനന്ദിന്റെ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസില്‍ ഉദിച്ച ഏതാനും ചോദ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നുവെന്ന് മാത്രം.

ക്രിയാത്മകമായൊരു ഇടപെടലിലേയ്ക്ക് ദളിതുകളെയും ഇടതുപക്ഷത്തെയും ക്ഷണിക്കുകയാണ് പ്രസ്തുത ലേഖനത്തിലൂടെ ആനന്ദ്. അതിന്റെ തലക്കെട്ടു സൂചിപ്പിക്കുന്നതുതന്നെ 'ഇത് ചുവപ്പും നീലയും' തമ്മിലുള്ള സമരമല്ല (It is Not Red Vs Blue) എന്നാണ്. തലക്കെട്ടിനെ കുറിച്ചുള്ള വിശദീകരണം നീങ്ങുന്നത് ഇങ്ങനെയാണ്; 'അംബേദ്ക്കര്‍ ജാതിയെക്കാളും വര്‍ഗത്തെ കുറിച്ചാണ് പറഞ്ഞത്. എന്നാല്‍ ആ വഴിക്ക് കാണാന്‍ ഇടതുകള്‍ ശ്രമിക്കുന്നില്ല.' ഇവിടം മുതല്‍ തന്നെയാണ് പ്രശ്‌നം തുടങ്ങുന്നത് അഥവാ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ എന്നെ ആദ്യം ബുദ്ധിമുട്ടിച്ച സംഗതി ഇതാണ്. ഡോ. അംബേദ്ക്കറുടെ രാഷ്ട്രീയത്തെ വര്‍ഗത്തിലേയ്ക്ക് ചുരുക്കുന്നതിലൂടെ മാത്രമേ ദളിതുകളും ഇടതുകളും ഒത്തൊരുമിക്കുകയുള്ളു എന്ന് പറയാനല്ലേ ആനന്ദ് ശ്രമിക്കുന്നത്? അതായത് 'മുഖ്യ ഗണ'മായ വര്‍ഗത്തിലേയ്ക്ക് ജാതിയെ വിളക്കിച്ചേര്‍ത്താല്‍ മാത്രമേ അത്തരത്തിലൊരു സഖ്യം സാധ്യമാകു എന്നല്ലേ? അങ്ങനെയാണ് അതിന്റെ അര്‍ത്ഥമെങ്കില്‍, എനിക്ക് തോന്നുന്നു, ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് ഈ ലേഖനം എന്നാണ്. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.



അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളിലേയ്ക്കും കടന്നുപോവുന്ന ആഴത്തിലുള്ള ഒരു വിമര്‍ശനത്തിന് ഞാന്‍ മുതിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ അടിസ്ഥാന സമീപനം തന്നെ പ്രശ്‌നമാണ്. ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഭിന്നചരിത്രങ്ങളില്‍ അദ്ദേഹം ആകുലപ്പെടുന്നു. അദ്ദേഹം തുടരുന്നു; 'രണ്ടും ഏകദേശം ഒരേ കാലത്താണ് ജന്മം കൊള്ളുന്നത്; ഒരേ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നു; ഒരുപോലെ വളരുകയോ പിളരുകയോ ചെയ്യുന്നു. അവ രണ്ടിനും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷയില്ല.'


ദളിതര്‍ ജാതിപ്രശ്‌നത്തെ കയ്യൊഴിയുകയും അതിനെ വര്‍ഗത്തിലേയ്ക്ക് ലയിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരാഹ്വാനമാണ് തെല്‍തുംടെയുടെ ലേഖനം. ലേഖനത്തിന്റെ ആദ്യാന്തം എനിക്ക് അനുഭവപ്പെട്ടത് അംബേദ്ക്കര്‍ ജാതിയേക്കാള്‍ വര്‍ഗത്തെകുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ട് ദളിതുകള്‍ മാര്‍ക്‌സിത്തിലേയ്ക്ക് നീങ്ങണമെന്നും അതുപോലെ ഇടതുപക്ഷം അംബേദ്ക്കറെ ഏറ്റെടുക്കണമെന്നുമാണ്.


ഇവിടെ 'അവ രണ്ടും ഒരേ പ്രശ്‌നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെ'ന്ന് വാദിക്കുന്നതില്‍ എനിക്ക് സംശയമുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചാണ് കൂടുതല്‍ സംസാരിച്ചതെന്ന വാദത്തിന്റെ തുടര്‍ച്ചയായി ഈ വാദമുഖത്തെ കാണുകയാണെങ്കില്‍, അതേ പ്രശ്‌നങ്ങള്‍ തന്നെയാണ് കമ്മ്യൂണിസ്റ്റുകളും ഉന്നയിക്കുന്നത്,അതുകൊണ്ട് ദളിത് പ്രസഥാനം അനാവശ്യമാണ് എന്നല്ലേ അതിനര്‍ത്ഥം? ഈ പ്രസ്ഥാനങ്ങളുടെ 'ഭിന്നത'യുടെ ചരിത്രം അത്രമാത്രം ലളിതമായിരുന്നുവോ? അങ്ങനെയല്ല എന്നുതന്നെയാണ് ഉത്തരം. ഈ ഭിന്നത കേവലം പ്രത്യയശാസ്ത്രപരമായതു മാത്രമല്ല, മറിച്ച് അധികാരബന്ധങ്ങളുടെതുകൂടിയാണ്. കേരളവും ബംഗാളും തന്നെ ഇതിന് നല്ല ഉദാഹരണങ്ങളാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ദളിത് പ്രസ്ഥാനവും ഒരേ പ്രശ്‌നങ്ങളല്ല സംസാരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്നുവെങ്കിലും മറ്റ് ഭരണവര്‍ഗ്ഗങ്ങളില്‍ നിന്നും ഒട്ടും ഭിന്നരായിരുന്നില്ല അവര്‍. ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. ജാത്യാധിപത്യപ്രശ്‌നത്തിലേയ്ക്ക് കേന്ദ്രീകരിക്കും വിധം സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ ഒരു അടിസ്ഥാന വഴിതിരിയല്‍ ഉണ്ടാകണമെന്ന് ദലിത് പ്രസ്ഥാനം ആഗ്രഹിക്കുന്നു. ഹിന്ദുത്വ ശക്തികളും മുഖ്യധാര ഇടതു രാഷ്ട്രീയവും വെല്ലുവിളിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ജാതീയമായ സവിശേഷാധികാരം (caste privileges) ഉപേക്ഷിക്കാന്‍ തയ്യാറാവാത്ത ഇടത് ലിബറല്‍ മതേതരവാദികളാണ് അധീശ 'മലയാളി'കള്‍.

അംബേദ്ക്കര്‍ എപ്രകാരമാണ് തെല്‍തുംടെയുടെ ലേഖനത്തില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അംബേദ്ക്കര്‍ വര്‍ഗത്തെ കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത് എന്ന് തെളിയിക്കാനായി 'മര്‍ദ്ദിത വര്‍ഗം' (depressed class) എന്ന പദത്തെ ഉപയോഗിക്കുന്ന തെല്‍തുംടെയുടെ രീതിയോടുള്ള എന്റെ വിയോജിപ്പും രേഖപ്പെടുത്തട്ടെ. നിരുത്തരവാദപരമായ ഒരു രീതിയാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം മര്‍ദ്ദിത വര്‍ഗങ്ങള്‍ എന്നത് അംബേദ്ക്കര്‍ ഉപയോഗിച്ച പദപ്രയോഗമല്ല; മറിച്ച് 1935ല്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് കടന്നു വരുന്നതുവരെ 'പട്ടിക ജാതി' എന്നതിനു പകരം ഉപയോഗിച്ചുവന്ന ഭരണനിര്‍വ്വഹണപരമായ ഒരു സംവര്‍ഗമാണ്.


ദളിതുകളെയും ആദിവാസികളെയും നിശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ആധിപത്യഘടനതന്നെയാണ് (dominant structure) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉപകരണവും. അതുകൊണ്ടുതന്നെ ദളിതുകള്‍ക്ക് രാഷ്ട്രീയപരമായി നേരിടേണ്ടതായ ഒരു ആധിപത്യഘടനതന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും. ചെങ്ങറ ഭൂസമരം കേരളത്തിലെ പ്രമുഖ ഇടതുപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമായും തുറന്നു കാണിച്ചതാണ്. 


അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനത്തിന്റെ വക്താവായ 'ജോണ്‍ ഡേവി' സ്വാധീനിച്ചില്ലായിരുന്നെങ്കില്‍ അംബേദ്ക്കര്‍ ഒരുപക്ഷെ മാര്‍ക്‌സിസ്റ്റായിത്തീരുമായിരുന്നുവെന്നും തെല്‍തുംടെ അഭിപ്രായപ്പെടുന്നു. അംബേദ്ക്കറുടെ സംഭാവനകളെ അപമാനിക്കലാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കരണം മാര്‍ക്‌സിസം ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു ചോയിസ് ആണെന്നാണ് ആ വാദത്തിലൂടെ സമര്‍ദ്ധിക്കാന്‍ ശ്രമിക്കുന്നത്.

അംബേദ്ക്കറെ 'മാര്‍ക്‌സിസ്റ്റാ'ക്കാന്‍ ശ്രമിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ജാതി പ്രശ്‌നത്തെ അഭിസംബോധനചെയ്യാന്‍ തെല്‍തുംഡെ കമ്മ്യൂണിസ്റ്റുകളോട് ആവശ്യപ്പെടുന്നില്ല എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടുപോകുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദളിത്, ആദിവാസി, മുസ്ലീം, ലൈംഗിക ന്യൂനപക്ഷങ്ങളുടെ സമകാലീനമുന്നേറ്റങ്ങള്‍ മാര്‍ക്‌സിസ്റ്റുകളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് ഇതിനു കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ ഗണങ്ങളുമായി ഐക്യപ്പെടാന്‍ മാര്‍ക്‌സിസ്റ്റുകള്‍ സത്യസന്ധമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അഭിസബോധന ചെയ്യാനുള്ള അവരുടെ ഊഴമാണ് ഇത്. അവരാണ് മാറേണ്ടതും.


ആനന്ദ് തെല്‍തുംടെയുടെ ലേഖനം :

ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


ചുവപ്പും നീലയും തമ്മിലുള്ള യുദ്ധമല്ലിത്


മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. പ്രമുഖ മാര്‍ക്‌സിസ്റ്റ് പണ്ഡിതനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംടെ എഴുതുന്നു..





സംവാദം | ആനന്ദ് തെല്‍തുംടെ
മൊഴിമാറ്റം | ഷഫീക്ക് എച്ച്.

ആനന്ദ് തെല്‍തുംടെ: എഴുത്തുകാരന്‍, പൗരവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍. മാര്‍ക്‌സിസവും ജാതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആനുകാലികങ്ങലില്‍ എഴുതിവരുന്നു. Khairlanji, Hindutva and Dalistഎന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.

വിരോധാഭാസങ്ങളുടെ നാടാണ് ഇന്ത്യ. എന്നാല്‍ ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും ഭിന്ന ചരിത്രങ്ങളുടെയത്ര ആനുഷംഗികമല്ല ഈ വിരോധാഭാസങ്ങളൊന്നും. രണ്ടും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് ജന്മം കൊണ്ടത്; ഓരേ വിഷയങ്ങളില്‍ തന്നെയാണ് അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ തന്നെയാണ് വളരുകയോ പിളരുകയോ ചെയ്തിട്ടുള്ളത്. ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രതീക്ഷാരഹിതമായാണ് ഇന്നത്തെ കാലഘട്ടത്തെ നോക്കിക്കാണുന്നത്. എന്നാല്‍ രണ്ടും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാത്ത സ്ഥിതിയുമുണ്ട്. ഈ സമീപനഗര്‍ത്തത്തില്‍ ചുറ്റിത്തിരിയുന്ന അധിക്ഷേപങ്ങളിലധികവും അംബേദ്ക്കറിന്റെ മേല്‍ ചാര്‍ത്തപ്പെട്ടവയാണ്; കേവലം കമ്മ്യൂണിസ്റ്റുകളെയും മാര്‍ക്‌സിസത്തെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചതുകൊണ്ടുമാത്രം. അവയൊക്കെത്തന്നെ നിസ്സാരങ്ങളളായ തെറ്റുകള്‍ മാത്രമായിരുന്നു.

അംബേദ്ക്കര്‍ ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. കൊളംബിയയിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെയും ഫേബിയന്‍ സ്വാധീനത്തിന്‍ കീഴിലാണ് അംബേദ്ക്കറിന്റെ ധൈഷണികധാര വികാസം പ്രാപിക്കുന്നത്. തന്റെ മൊത്തം ബൗദ്ധിക ഉണര്‍വ്വിനും കടപ്പെട്ടയാളെന്ന നലയില്‍ അംബേദ്ക്കര്‍ ബഹുമാനിച്ചിരുന്ന ജോണ്‍ ഡേവി ഒരു അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനക്കരനായിരുന്നു. സോഷ്യലിസം വിപ്ലവത്തിലൂടെയല്ല, മറിച്ച് പരിണാമത്തിലൂടെ (evolution) കൊണ്ടുവരാനാവുമെന്നാണ് ഫേബിയന്മാര്‍ വിശ്വസിക്കുന്നത്. ഇത്തരം സ്വാധീനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മാര്‍ക്‌സിനോട് വിയോജിക്കുമ്പോള്‍ തന്നെ അംബേദ്ക്കര്‍ മാര്‍ക്‌സിസത്തെ സഗൗരവമായി പരിഗണിക്കുമായിരുന്നുവെന്ന് മാത്രമല്ല ജീവിതത്തിലുടനീളം തന്റെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനുള്ള അളവുകോലായി ഉപയോഗിക്കുകകൂടി ചെയ്യുമായിരുന്നു.



മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ  'ഇന്ത്യയിലെ ജാതികള്‍'  എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. എന്നാല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും കുത്തക അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍  ഇറക്കുമതി ചെയ്ത 'അച്ചുകളെ'യാണ്  ഉപയോഗിച്ചത്. മാത്രവുമല്ല ജാതികളെ 'ഉപരിഘടന'യെന്ന നിലയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഒരു രീതിയില്‍, ജാതി വിരുദ്ധ സമരങ്ങള്‍ തങ്ങളുടെ വിഷയമേയല്ല എന്ന് കാണുകയായിരുന്നു അവര്‍. വര്‍ഗം എന്ന വാക്കിനെ വേദവാക്യം പോലെ 'പവിത്രത'മായി കാണുന്ന ഒരു ബ്രാഹ്മണിക ഭൂതബാധ അവരില്‍പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.

ദളിതര്‍ക്കെതിരായ വിവേചന പ്രശ്‌നത്തെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിച്ചതിന് നല്ലൊരുദാഹരണമായിരുന്നു ബോംബെയിലെ തുണിമില്‍ സംഭവം. നല്ല ശമ്പളമുള്ള വകുപ്പുകളില്‍ ദളിതരെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അസ്പൃശ്യതയുടെ വിവിധ പ്രയോഗങ്ങള്‍ അവിടെ വളരെ കൂടുതലാണെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കമ്മ്യൂണിസ്റ്റ്കള്‍ക്ക് ഗിര്‍നി കാംഗാര്‍ യൂണിയന്‍ എന്ന യൂണിയന്‍ ഉണ്ടായിരുന്നിട്ടും അംബേദ്ക്കറിന് ചെവികൊടുത്തില്ല. അവസാനം 1928ല്‍ അവരുടെ സമരത്തിന് തടസ്സം വരിത്തേണ്ടിവരുമെന്ന് അദ്ദേഹം ഭീഷണിമുഴക്കിയപ്പോള്‍ മാത്രമാണ് മനസ്സില്ലാമനസ്സോടെ ആ തെറ്റ് പരിഹരിക്കാന്‍ അവര്‍ തയ്യാറായത്.

ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല.


1937ലെ പ്രവിശ്യാ അസംബ്ലിയിലേയ്ക്കുള്ള ഒരുക്കം തുടങ്ങിയപ്പോള്‍ 1936 ആഗസ്റ്റില്‍ അദ്ദേഹം തന്റെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടിക്ക് (ഐ.എല്‍.പി.) തുടക്കം കുറിച്ചു. അദ്ദേഹം അതൊരു 'തൊഴിലാളിവര്‍ഗ' പാര്‍ട്ടിയായാണ് പ്രഖ്യാപിച്ചത്. അതിന്റെ മാനിഫെസ്റ്റോയില്‍ നിരവധി ജനപക്ഷ വാഗ്ദാനങ്ങള്‍ പറയുന്നുണ്ട്. അതേസമയം അതില്‍ ഒരിടത്തു മാത്രമേ 'ജാതി' എന്ന് ഉപയോഗിച്ചിട്ടുള്ളു. ക്രിസ്റ്റഫീ ജാഫ്രിലോട്ടിനെ പോലുള്ള പണ്ഡിതന്മാര്‍ ഐ.എല്‍.പി.യെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അന്ന് കമ്മ്യൂണിസ്റ്റുകള്‍ ഒന്നുകില്‍ അണ്ടര്‍ഗ്രൗണ്ടിലോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെ കുടക്കീഴിലോ ആയിരുന്നു.

1930കളാണ് അംബേദ്ക്കറിന്റെ നല്ലകാലം എന്നു പറയാം. 1935ല്‍ അദ്ദേഹം മുംബൈ കങ്കാര്‍ സംഘ് രൂപീകരിച്ചു. അതില്‍ ഐ.എല്‍.പി.ക്കൊപ്പം സംഭവിച്ചപോലെ, ജാതിയും വര്‍ഗവും തമ്മില്‍ ലയിക്കുന്നതിനെപറ്റി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. വിയോജിപ്പുകളെ പരിഗണിക്കാതെ കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുകൊണ്ട് 1938ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിനെതിരെ അദ്ദേഹം സമരം ചെയ്യുകയുണ്ടായി. 1942ലെ ക്രിപ്‌സ് മിഷന്‍, ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഐ.എല്‍പി.യെ മാറ്റിനിര്‍ത്തിയപ്പോള്‍ അംബേദ്ക്കര്‍ അത് പിരിച്ചുവിടുകയും ജാതിയിലധിഷ്ഠിതമായ, പട്ടികജാതി ഫെഡറേഷന്‍ രൂപീകരിക്കുകയും ചെയ്തു. വൈസ്രോയിയുടെ  എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍പ്പോലും അദ്ദേഹം തന്റെ ഇടതു ചായ്‌വ് ഉപേക്ഷിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കമായി ഭവിച്ച ഒരു സോഷ്യലിസ്റ്റ് സാമ്പദ്ഘടനയുടെ ബ്ലൂപ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് ആന്‍ മൈനോരിറ്റീസ് എന്ന കൃതിയിലെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് പാരമ്യത്തിലെത്തുന്നുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നായാണ് അദ്ദേഹത്തിന്റെ ഈ പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. 1952ലെ തിരഞ്ഞെടുപ്പില്‍ 'വോട്ടുകള്‍ പാഴാക്കിയാലും അംബേദ്ക്കറിന് കൊടുക്കരുതെന്ന' ഹീനമായ ആഹ്വാനം ചെയ്യാന്‍ ഡാങ്കെ തിടുക്കം കാണിച്ചത് ഈ സമീപനത്തില്‍ നിന്നാണ്. അതിന്റെ ഫലമായി അദ്ദേഹം പരാജയപ്പെടുകയുണ്ടായി.

തെല്‍തുംടെയുടെ ഈ ലേഖനത്തിലെ വാദമുഖങ്ങള്‍ക്ക് അജിത് കുമാര്‍ എ.എസിന്റെ മറുപടി. ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല


ബുദ്ധമതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തെയും നിരാശബാധിതനായ ഒരു വ്യക്തിത്വത്തിന്റെ ആത്മീയവാഞ്ജയായോ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ മറ്റൊരു തെളിവായോ ഒക്കെ ഉപരിപ്ലവമായാണ് അവര്‍ മനസിലാക്കിയത്. മിക്ക പണ്ഡിതന്മാരും ഈ അതിവായനയെ തള്ളിക്കളഞ്ഞുവെങ്കിലും ഇതായിരുന്നു മാര്‍ക്‌സിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ അവസാന പരാമര്‍ശമെന്ന് പറയേണ്ടിയിരിക്കുന്നു. മരിക്കുന്നതിനം രണ്ടാഴ്ച മുമ്പ് അദ്ദേഹം മാര്‍ക്‌സിസത്തെയും ബുദ്ധമതത്തെയും താരതമ്യം ചെയ്തുകൊണ്ട് ഹിംസയും സര്‍വ്വാധിപത്യവും ഒഴിവാക്കിയുള്ള മാര്‍ക്‌സിസത്തെ അംഗീകരിക്കുന്ന തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നു. ദുഖകരമെന്ന് പറയട്ടെ അന്ധമായി മാര്‍ക്‌സിനെ പുല്‍കുകയും അംബേദ്ക്കറിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുന്നു.


2012 ആഗസ്റ്റ് 20 ന് ഔട്ട്‌ലുക്ക് "It’s Not Red Vs Blue"എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. കാലികമായ ഒരു സംവാദത്തിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. -Editor




Tuesday, June 10, 2014

മാര്‍ക്‌സിസവും ജാതിയും


നാടുവാഴിത്തസമൂഹത്തിന്റെ ഉപരിഘടനയായി ജാതിയെ കാണുന്ന സമീപനമാണ് പല മാര്‍ക്‌സിസ്റ്റുകളും സ്വീകരിക്കുന്നത്. നാടുവാഴിത്തവ്യവസ്ഥയുടെ ആധിപത്യത്തില്‍ ഇടിവുകളുണ്ടായിട്ടുള്ള കേരളത്തില്‍ പോലും ജാതിവ്യവസ്ഥ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതും സമകാല അനുഭവമാണ്. നാടുവാഴിത്തവ്യവസ്ഥയ്ക്കു മുന്നേ തന്നെ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ നിലനിന്നിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു താനും. ജാതിയെ ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളോടു മാത്രമായി ചേര്‍ത്തുവച്ചു കാണുന്നതു മാത്രമല്ല പ്രശ്‌നം. ജാതിയെ ഉപരിഘടനയായി കാണുന്നതിനെ തന്നെ പ്രശ്‌നവല്ക്കരിക്കേണ്ടിയിരിക്കുന്നു. വി.വിജയകുമാര്‍ എഴുതുന്നു...




ഒപ്പിനിയന്‍ | വി.വിജയകുമാര്‍


ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായ ജാതിവ്യവസ്ഥയെ ശരിയായ രീതിയില്‍ സംബോധന ചെയ്യാന്‍ ഇന്നേ വരെയുള്ള മാര്‍ക്‌സിസ്റ്റുവിശകലനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ച!  വ്യവസ്ഥാപിതമായ മാര്‍ക്‌സിസ്റ്റുനിലപാടുകളിലെ പരിമിതികളും ജാതിയുടേയും ജാതിവ്യവസ്ഥയുടേയും കീഴാളസമരങ്ങളുടേയും വിശകലനങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കപ്പെടുന്ന യാന്ത്രികസമീപനങ്ങളും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഈ സവിശേഷവ്യവഹാരത്തിന്റെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമിടയില്‍, പരസ്പരം സംവദിക്കാന്‍ വിസമ്മതിക്കുന്ന രീതിയില്‍ വഷളായ ബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയെ വര്‍ഗ്ഗവ്യവസ്ഥയുമായി ബന്ധിപ്പിക്കാനുതകുന്ന പ്രശ്‌നീകരണങ്ങളോടും സിദ്ധാന്തീകരണങ്ങളോടും കീഴാളചിന്തകര്‍ വിമനസ്‌ക്കരാകുന്നുവെന്ന വിമര്‍ശനം മാര്‍ക്‌സിസ്റ്റുകള്‍ ഉയര്‍ത്തുന്നു. ഒരുമിച്ചു നില്‌ക്കേണ്ട വിമോചനശക്തികളെ അകറ്റുകയും പ്രതിലോമശക്തികളെ സഹായിക്കുകയും ചെയ്യുന്ന ഈ അവസ്ഥ മാറ്റിത്തീര്‍ക്കപ്പെടേണ്ടതാണെന്ന് തുടക്കത്തിലേ പറയണം.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭവിഷ്യത്തുകളെ വിശകലനം ചെയ്യുന്ന കാള്‍ മാര്‍ക്‌സിന്റെ ലേഖനത്തില്‍ ജാതിവ്യവസ്ഥയെ കുറിച്ചു രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് പില്‍ക്കാലത്തെ മാര്‍ക്‌സിസ്റ്റു സിദ്ധാന്തീകരണങ്ങളുടെ മുഖ്യ അടിസ്ഥാനമായി നിന്നത്. മാര്‍ക്‌സ് എഴുതി: 'റെയില്‍വേയുടെ ഫലമായി ഉണ്ടാകാന്‍ പോകുന്ന ആധുനികവ്യവസായം ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്ക് അടിസ്ഥാനമായ പരമ്പരാഗത പ്രവൃത്തിവിഭജനത്തെ, ഇന്ത്യന്‍ പുരോഗതിയുടേയും ഇന്ത്യന്‍ സ്വാതന്ത്യത്തിന്റേയും മുന്നില്‍ കിടക്കുന്ന ആ വലിയ തടസ്സങ്ങളെ തട്ടിനീക്കും.'' സ്വയം വികസിക്കേണ്ട ഇന്ത്യയിലെ സാമൂഹികാവസ്ഥയെ ജാതിവ്യത്യാസങ്ങളും അടിമത്തവും മറ്റും ചേര്‍ന്ന് ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വാഭാവിക തലയിലെഴുത്താക്കി മാറ്റിയെന്ന്, മൃഗപ്രായമായ അവസ്ഥകളിലേക്കു നയിച്ചുവെന്ന് മറ്റൊരു ലേഖനത്തില്‍ മാര്‍ക്‌സ് എഴുതിയതിന്റെ തുടര്‍ച്ചയായി ഈ വാക്കുകളെ വായിക്കണം. മാര്‍ക്‌സിന്റെ ഇത്തരം നിരീക്ഷണങ്ങളെല്ലാം തന്നെ ഇന്ത്യയെ കുറിച്ച് അദ്ദേഹത്തിനു ലഭ്യമായിരുന്ന പരിമിതമായ അറിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളേയും സവിശേഷതകളേയും തൊട്ടടുത്തറിയാനുള്ള ഉപകരണങ്ങളൊന്നും മാര്‍ക്‌സിനു ലഭ്യമായിരുന്നില്ല. തനിക്കു ലഭിച്ച പരിമിതമായ വിവരങ്ങളുടെ അടിത്തറയില്‍, മാര്‍ക്‌സ് മുന്നോട്ടുവച്ച സാമാന്യനിരീക്ഷണങ്ങളെ പ്രസ്ഥാനത്തില്‍ മുന്‍കൈ നേടിയ സോവിയറ്റ് മാര്‍ക്‌സിസ്റ്റുകളുടെ നിലപാടുകളുടേയും സമീപനങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നതും സിദ്ധാന്തവല്‍ക്കരിക്കുന്നതുമാണ് പിന്നീടു നാം കാണുന്നത്.

നാടുവാഴിത്തസമൂഹത്തിന്റെ ഉപരിഘടനയായി ജാതിയെ കാണുന്ന സമീപനമാണ് പല മാര്‍ക്‌സിസ്റ്റുകളും സ്വീകരിക്കുന്നത്. നാടുവാഴിത്തവ്യവസ്ഥയുടെ ആധിപത്യത്തില്‍ ഇടിവുകളുണ്ടായിട്ടുള്ള കേരളത്തില്‍ പോലും ജാതിവ്യവസ്ഥ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതും സമകാല അനുഭവമാണ്. നാടുവാഴിത്തവ്യവസ്ഥയ്ക്കു മുന്നേ തന്നെ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ നിലനിന്നിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു താനും. ജാതിയെ ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളോടു മാത്രമായി ചേര്‍ത്തുവച്ചു കാണുന്നതു മാത്രമല്ല പ്രശ്‌നം. ജാതിയെ ഉപരിഘടനയായി കാണുന്നതിനെ തന്നെ പ്രശ്‌നവല്ക്കരിക്കേണ്ടിയിരിക്കുന്നു.  ഉല്പാദനരീതിയോട് പ്രതിപ്രവര്‍ത്തിച്ചു കൊണ്ട് വര്‍ഗ്ഗങ്ങളെ തന്നെ രൂപപ്പെടുത്തുന്ന, ഉല്പാദനബന്ധങ്ങളെ തന്നെ മാറ്റിത്തീര്‍ക്കുന്ന ശക്തിയായി ജാതിവ്യവസ്ഥ പഴയകാലത്തു പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. ജാതിവ്യവസ്ഥയുടെ അതിനിശിതമായ സ്വാധീനം ദളിതര്‍ക്കോ അടിസ്ഥാനജനവിഭാഗങ്ങള്‍ക്കോ മാത്രമല്ല, സമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗജനവിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും തന്നെ ഋണാത്മകമായ ഫലങ്ങളാണ് നല്കിയതെന്നും കാണണം. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ തകര്‍ച്ചക്ക് ജാതിവ്യവസ്ഥ കാരണമായിരുന്നുവെന്ന് ഡോ: പി.സി.റേ കണ്ടെത്തുന്നുണ്ട്. കായികാദ്ധ്വാനം ആവശ്യമുളള ജോലികള്‍ ചെയ്യുന്ന സാങ്കേതികവിദഗ്ദ്ധരുടേയും കരകൗശലവിദഗ്ദ്ധരുടേയും മറ്റും സാമൂഹിക അന്തസ്സിന്റെ മേല്‍ ജാതിവ്യവസ്ഥ വലിയ തോതിലുളള പ്രഹരങ്ങളേല്പിച്ചിരുന്നു. കായികാദ്ധ്വാനത്തിന്റെ അന്തസ്സ് ഇടിഞ്ഞതും തൊഴിലുകള്‍ പാരമ്പര്യമനുസരിച്ച് ചെയ്യേണ്ടവയായി മാറിത്തീര്‍ന്നതും ബൗദ്ധികപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സാമൂഹികവിഭാഗങ്ങളെ കായികാദ്ധ്വാനത്തിന്റെ മേഖലയില്‍ നിന്നും ഒഴിവാക്കുന്നതിലേക്കാണ് നയിച്ചത്. സുശ്രുതസംഹിത അനുസരിച്ച് മൃതശരീരത്തെ കീറിമുറിക്കുന്നതും ആന്തരികാവയവങ്ങളുടെ വിശദമായ നിരീക്ഷണങ്ങള്‍ നടത്തുന്നതും ഒരു ശസ്ത്രക്രിയാവിദ്യാര്‍ത്ഥിയുടെ പഠനത്തിന് അനുപേക്ഷണീയമായിരുന്നു.


വര്‍ഗ്ഗവ്യവസ്ഥയെ രൂപപ്പെടുത്താനുള്ള ജാതിവ്യവസ്ഥയുടെ ശേഷിയെ കാണാതിരിക്കുകയും  സ്വേച്ഛാചലനങ്ങളില്ലാത്ത ഉപരിഘടനയായി അതിനെ കാണുകയും ചെയ്തുവെന്നതു മാത്രമല്ല, ഉപരിഘടനയെ കുറിച്ചുള്ള ഔദ്യോഗികമാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ തന്നെ അത്യന്തം യാന്ത്രികവും മാര്‍ക്‌സിസ്റ്റുവിരുദ്ധവുമായിരുന്നുവെന്നാണ് പറയേണ്ടത്. 



ബുദ്ധിജീവിതത്തില്‍ ഇടപെടുന്ന ഉപരിവര്‍ഗങ്ങള്‍ക്ക് ശവശരീരത്തെ തൊടുന്നതും കീറിമുറിക്കുന്നതും ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ നിഷിദ്ധമായതോടെ, ശസ്ത്രക്രിയാശാസ്ത്രത്തിന്റെ രീതിശാസ്ത്രം തന്നെ നിരോധിക്കപ്പെടുകയായിരുന്നു. വാഗ്ഭടന്റെ കാലത്തിനു ശേഷം അനാട്ടമിയും സര്‍ജ്ജറിയും ഉപയോഗമില്ലാത്തവയായി തീര്‍ന്നുവെന്ന് പി.സി.റേ എഴുതുന്നു.  മാനവികമൂല്യങ്ങള്‍ക്കെതിരായി മാത്രമല്ല, പുരോഗാമിയായ എല്ലാ മൂല്യങ്ങള്‍ക്കുമെതിരെയാണ് ജാതിവ്യവസ്ഥ നിലകൊള്ളുന്നതെന്നാണ് ഈ ചരിത്രം വെളിപ്പെടുത്തുന്നത്. ജാതിവ്യവസ്ഥ വര്‍ഗ്ഗവ്യവസ്ഥയേയും സാമൂഹികാവസ്ഥയേയും എങ്ങനെ സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നതിന് തെളിവായി പി.സി. റേയുടെ വിവരണങ്ങള്‍ മാറിത്തീരുന്നുമുണ്ട്. വര്‍ഗ്ഗവ്യവസ്ഥയെ തന്നെ രൂപപ്പെടുത്താന്‍ കഴിയുന്ന ജാതിവ്യവസ്ഥയെ വര്‍ഗ്ഗവ്യവസ്ഥയിലെ ഏകപക്ഷീയമായ മാറ്റങ്ങള്‍ കൊണ്ട്, അവ എത്ര വിപ്ലവകരമാണെങ്കില്‍ പോലും, ഇല്ലാതാക്കാന്‍ കഴിയുമെന്നു ശഠിക്കുന്നത് ആപത്ക്കരമായ അവിവേകമാണ്. പരസ്പരസ്വാധീനത്തിന്റേയും പരസ്പരപോഷണത്തിന്റേയും അതിസങ്കീര്‍ണ്ണമായ ബന്ധങ്ങളെ ലളിതസമവാക്യങ്ങളില്‍ എഴുതാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതു തന്നെ!  മാര്‍ക്‌സിസ്റ്റുകളുടെ അടിത്തറ - മേല്‍പ്പുര സിദ്ധാന്തത്തിന്റെ സര്‍ഗാത്മകശേഷിയെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും അതിനെ യാന്ത്രികമായി വ്യാഖ്യാനിച്ചവര്‍ക്ക് കഴിയുകയുണ്ടായില്ല.

വര്‍ഗ്ഗവ്യവസ്ഥയെ രൂപപ്പെടുത്താനുള്ള ജാതിവ്യവസ്ഥയുടെ ശേഷിയെ കാണാതിരിക്കുകയും  സ്വേച്ഛാചലനങ്ങളില്ലാത്ത ഉപരിഘടനയായി അതിനെ കാണുകയും ചെയ്തുവെന്നതു മാത്രമല്ല, ഉപരിഘടനയെ കുറിച്ചുള്ള ഔദ്യോഗികമാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ തന്നെ അത്യന്തം യാന്ത്രികവും മാര്‍ക്‌സിസ്റ്റുവിരുദ്ധവുമായിരുന്നുവെന്നാണ് പറയേണ്ടത്. ഉല്പാദനവ്യവസ്ഥയും സാമ്പത്തികഘടകങ്ങളും നിര്‍ണ്ണയിക്കുന്ന അടിത്തറയേയും അതിന്റെ കേവലമായ പ്രതിഫലനമായി ഉപരിഘടനയേയും കാണുന്ന അത്യന്തം ന്യൂനീകൃതവും യാന്ത്രികവുമായ സമീപനങ്ങളിലാണ് ഔദ്യാഗിക മാര്‍ക്‌സിസ്റ്റ് നേതൃത്വം നിലയുറപ്പിച്ചിരുന്നത്. ഭൗതികോല്പാദനത്തെ സവിശേഷമായ ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലയ്ക്കു നോക്കിക്കാണണമെന്ന മാര്‍ക്‌സിന്റെ നിര്‍ദ്ദേശത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തിടത്തോളം സാമ്പത്തികനിര്‍ണ്ണയവാദത്തിലും ഏകപക്ഷീയതകളിലും അത് എത്തിപ്പെട്ടിരുന്നു. ഫ്രാന്‍സ് മെഹ്‌റിങിനും ജോസഫ് ബ്ലോഹിനും മറ്റും എഴുതിയ കത്തുകളില്‍, ഭൗതികവാദപരമായ ചരിത്രവീക്ഷണത്തില്‍ ഉല്പാദനത്തിനും പ്രത്യുല്പാദനത്തിനുമുള്ള നിര്‍ണ്ണായകസ്ഥാനങ്ങളെ കുറിച്ചു പറയുന്ന എംഗല്‍സ്, സാമ്പത്തികഘടകമാണ് ഏക നിര്‍ണ്ണായകഘടകമെന്നു പറയുന്നതിനെ അര്‍ത്ഥശൂന്യമെന്നു വിളിക്കുന്നതും ഉപരിഘടന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ അടിത്തറയെ മാറ്റിത്തീര്‍ക്കുന്നതിനെ കുറിച്ചു പറയുന്നതും കേള്‍ക്കാന്‍ കഴിയാത്തിടത്തോളം ഔദ്യാഗിക മാര്‍ക്‌സിസ്റ്റുകള്‍ ബധിരരായിരുന്നു.

ആധുനികവ്യവസായത്തിന്റെ വളര്‍ച്ചയും അത് കെട്ടഴിച്ചുവിട്ടേക്കാവുന്ന വര്‍ഗ്ഗസമരവും ജാതിവ്യവസ്ഥയ്ക്ക് വലിയ പ്രഹരങ്ങള്‍ ഏല്പിക്കുമെന്ന് മാര്‍ക്‌സ് പ്രതീക്ഷിച്ചിരുന്നു. ബ്രാഹ്മണന്റേയും ദളിതന്റേയും ശരീരങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം നിഷ്‌ക്കര്‍ഷിച്ചിരുന്ന ജാതിമൂല്യങ്ങളെ വിഗണിച്ച്, ദരിദ്രനായ ബ്രാഹ്മണനും ദളിതനും ഒരേ ബോഗിയിലെ ഇരിപ്പിടത്തിലെ യാത്രക്കാരാക്കി മാറ്റാന്‍ (വരേണ്യവല്ക്കരണം ഇതരരൂപങ്ങളില്‍ സ്ഥാപിച്ചുകൊണ്ടു തന്നെ)ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നായി വികസിച്ച ഇന്ത്യന്‍ റെയില്‍വേക്കു കഴിഞ്ഞെങ്കിലും ജാതിവ്യവസ്ഥയുടെ മൂല്യവ്യവസ്ഥ ഏറെയൊന്നും ചോദ്യം ചെയ്യപ്പെടാതെ ഇന്ത്യന്‍ മനസ്സുകളില്‍ ഇപ്പോഴും നിലനില്ക്കുന്നു. ബ്രിട്ടീഷുകാരാണ് നമുക്കു സന്യാസം നല്കിയതെന്ന ശ്രീനാരായണന്റെ വാക്കുകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിന്നപ്പുറം ഇന്ത്യയില്‍ തങ്ങള്‍ സ്ഥാപിച്ച ഭരണയന്ത്രത്തോടും ചൂഷണയന്ത്രത്തോടും ജാതിയന്ത്രത്തെ സമര്‍ത്ഥമായി കൂട്ടിച്ചേര്‍ക്കുകയാണ് അധിനിവേശശക്തികള്‍ ചെയ്തത്. മുതലാളിത്തത്തിന്റെ സാമൂഹികപരിവര്‍ത്തനശേഷികളിലുപരിയായി അധിനിവേശതാല്പര്യങ്ങളാണ് ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണത്തില്‍ പ്രവര്‍ത്തനസജ്ജമായിരുന്നത്. ഇംഗ്ലണ്ടിലെ പ്രഭുത്വത്തോട് ബ്രിട്ടീഷ് മുതലാളിത്തം സ്വീകരിച്ച സമീപനത്തില്‍ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഇന്ത്യയിലെ ഭൂപ്രഭുത്വത്തോടും നാടുവാഴിത്തത്തോടും അതു സ്വീകരിച്ചത്. ഇന്ത്യയിലെ നാടുവാഴിത്തത്തിന്റെ പ്രതിലോമമൂല്യങ്ങളോട് ബ്രിട്ടീഷ് കൊളോണിയലിസം സന്ധിയിലാകുകയും അതിനെ സ്വന്തം താല്പര്യങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുകയും ചെയ്തു. ബ്രിട്ടനിലെ പ്രഭുക്കന്മാരുടെ അഭിജാത അവകാശങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടുചെയ്ത അതേ ആളുകള്‍ തന്നെ, തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കുവേണ്ടിയുളള ഒരു നയത്തിന്റെ ഭാഗമെന്ന നിലയില്‍, അതിനേക്കാള്‍ മോശമായ ഇന്ത്യയിലെ പ്രഭുക്കന്മാരേയും രാജാക്കന്മാരേയും നിലനിര്‍ത്തുന്നതിനുവേണ്ടി വോട്ടുചെയ്ത കാര്യം മാര്‍ക്‌സ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, കൊളോണിയലിസത്തെ 'രക്തമൂറ്റുന്ന പ്രക്രിയ'' എന്നു വിളിച്ചു വിമര്‍ശിക്കുമ്പോഴും മുതലാളിത്തത്തെ കൊളോണിയലിസവുമായി ബന്ധിപ്പിക്കുന്ന വലിയ വിശകലനങ്ങള്‍  മാര്‍ക്‌സില്‍ നിന്നും ഉണ്ടായില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് കൊളോണിയലിസത്തെ മുതലാളിത്തവുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തീകരണങ്ങളിലേക്ക് മാര്‍ക്‌സ് നീങ്ങിയിരുന്നുവെങ്കില്‍ ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹത്തിനു മുഴുകേണ്ടി വരുമായിരുന്നു!


ഉല്പാദനവ്യവസ്ഥയുമായി ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെടുന്നത് തൊഴില്‍വിഭജനത്തിലൂടെയാണ്. ഒരേ ജാതിയില്‍ പിറന്നവര്‍ ഒരേ തൊഴിലുകള്‍ ചെയ്യണം. നിലം ഉഴുകേണ്ടവര്‍, കൊട്ടയും പനമ്പും നെയ്യേണ്ടവര്‍, ലോഹപ്പണി ചെയ്യേണ്ടവര്‍, ക്ഷേത്രങ്ങളില്‍ പൂജ നടത്തേണ്ടവര്‍, തോട്ടിപ്പണി ചെയ്യേണ്ടവര്‍... എല്ലാം നിശിതമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് വിലക്കപ്പെടുന്നു. ജാതികള്‍ തൊഴിലുകളുടെ പേരില്‍ അറിയപ്പെടുന്ന സ്ഥിതി തന്നെ ഇതു സൃഷ്ടിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത  ജാതികള്‍ക്കിടയില്‍ തൊഴില്‍ വിഭജനത്തിലൂടെ ശ്രേണീബന്ധങ്ങള്‍ ഉറപ്പിക്കപ്പെടുന്നുമുണ്ട്. 



പാരമ്പര്യവുമായി, ഉല്പാദനവ്യവസ്ഥയുമായി, പ്രത്യുല്പാദനവ്യവസ്ഥയുമായി, സാമൂഹികവ്യവസ്ഥയിലെ ഇതര വ്യവഹാരങ്ങളുമായി, ഓരോ മനുഷ്യനിലേയും അബോധവിശ്വാസങ്ങളുമായി ദൃഢമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ജാതിവ്യവസ്ഥയെ അതീവ സങ്കീര്‍ണ്ണമായ വ്യവഹാരമാക്കി മാറ്റുന്നത്! ഒരു അധികാരിയുടെ നിര്‍വ്വഹണശേഷിയാണ് ഈ വ്യവസ്ഥയെ സൃഷ്ടിച്ചതെങ്കില്‍, അയാള്‍ അതിബുദ്ധിമാനായ ഒരു കൗശലക്കാരനായിരിക്കണം. ജാതിവ്യവസ്ഥയുടെ നിര്‍ണ്ണായകമായ നിലനില്പ് രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരാള്‍ തന്റെ ജീവിതത്തിലൂടെ നേടിയെടുക്കുന്നതല്ല, അത്. മറിച്ച്, അയാളുടെ/അവളുടെ അച്ഛനും അമ്മയും ഒരു സവിശേഷജാതിയില്‍ പെട്ടവരായതിനാല്‍, അയാള്‍/അവള്‍ ആ ജാതിയില്‍ പെടുന്നു. അയാളുടെ/അവളുടെ അച്ഛനും അമ്മയും സ്വജാതിയില്‍ പെട്ടവരായിരിക്കുന്നത് ജാതിവ്യവസ്ഥയുടെ നിഷ്‌ക്കര്‍ഷകളിലൂടെയാണ്. സ്വജാതിയില്‍ നിന്നുള്ള വിവാഹം ജാതിവ്യവസ്ഥയിലെ മുഖ്യനിഷ്‌ക്കര്‍ഷകളിലൊന്നാണ്. പ്രത്യുല്പാദനവ്യവസ്ഥയിലെ പ്രധാന കണ്ണി എന്ന നിലയ്ക്ക് സ്ത്രീ സവിശേഷമായ നിയന്ത്രണങ്ങള്‍ക്കു വിധേയയാകുന്നു. അവള്‍ കുലസ്ത്രീയും പതിവ്രതയും പവിത്രയും ചാരിത്രവതിയുമായി മാറിത്തീര്‍ന്ന്, സ്വജാതി എന്ന സങ്കല്പനം ഉറപ്പിച്ചെടുക്കുന്നത് ആ ജാതിയ്ക്കുള്ളിലെ ആചാരങ്ങളിലൂടെയും ഇതര ജാതികളോടുള്ള ബന്ധങ്ങളില്‍ പുലര്‍ത്തുന്ന അകലങ്ങളിലൂടെയുമാണ്. സമൂഹത്തിലെ പൊതുവിടങ്ങളില്‍ ജാതിശരീരങ്ങള്‍ എങ്ങനെ വിന്യസിക്കപ്പെടണമെന്നു നിര്‍ബ്ബന്ധിക്കപ്പെടുന്നതു മുതല്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു വരെയുള്ള നിഷ്‌ക്കര്‍ഷകളാണിവ. ഈ നിഷ്‌ക്കര്‍ഷകളിലൂടെ ചിലര്‍ക്ക് പൊതുവിടങ്ങളും പൊതുവഴികളും അപ്രാപ്യമാകുകയും ചിലര്‍ ശവം ഭക്ഷിക്കേണ്ടവരാകുകയും ചെയ്യുന്നു. മുപ്പത് അടി അകലെ നില്‌ക്കേണ്ടവര്‍, അമ്പലങ്ങളില്‍ പ്രവേശനമില്ലാത്തവര്‍, ചത്ത എലിയെ തിന്നേണ്ടവര്‍, ചെറ്റകളും കൂരകളും വാസസ്ഥാനങ്ങളാകുന്നവര്‍... ഇവയൊക്കെ നിര്‍മ്മിക്കപ്പെടുന്നു. കീഴ്ജാതികളോടൊത്തുള്ള പന്തിഭോജനം മാത്രമല്ല, കേരളത്തിലെ നായര്‍മാര്‍ക്കിടയിലെ ഉപജാതികളില്‍ ചിലതില്‍ പെട്ടവര്‍ ഒരുമിച്ചിരുന്നുള്ള ഭോജനം പോലും തടഞ്ഞിരുന്നുവെന്നത്, അടഞ്ഞസമൂഹത്തിലെ  ഘടകങ്ങളില്‍ പോലും എത്രമാത്രം വലിയ വിഭജനങ്ങളാണ് നിലവിലിരുന്നതെന്നു വെളിവാക്കുന്നുണ്ട്. പിതൃദായക്രമവുമായി, പുരുഷാധിപത്യ പ്രത്യയശാസ്ത്രവുമായി ഇതിനുള്ള ബന്ധങ്ങളും സുവ്യക്തമാണ്. റോട്ടി - ബേട്ടി വ്യവഹാറിലൂടെ, അപ്പത്തേയും പെണ്ണിനേയും കുറിച്ചുള്ള വ്യവഹാരങ്ങളിലൂടെ ജാതിവ്യവസ്ഥ ഉറപ്പിക്കപ്പെടുന്നു.
ഉല്പാദനവ്യവസ്ഥയുമായി ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെടുന്നത് തൊഴില്‍വിഭജനത്തിലൂടെയാണ്. ഒരേ ജാതിയില്‍ പിറന്നവര്‍ ഒരേ തൊഴിലുകള്‍ ചെയ്യണം. നിലം ഉഴുകേണ്ടവര്‍, കൊട്ടയും പനമ്പും നെയ്യേണ്ടവര്‍, ലോഹപ്പണി ചെയ്യേണ്ടവര്‍, ക്ഷേത്രങ്ങളില്‍ പൂജ നടത്തേണ്ടവര്‍, തോട്ടിപ്പണി ചെയ്യേണ്ടവര്‍... എല്ലാം നിശിതമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് വിലക്കപ്പെടുന്നു. ജാതികള്‍ തൊഴിലുകളുടെ പേരില്‍ അറിയപ്പെടുന്ന സ്ഥിതി തന്നെ ഇതു സൃഷ്ടിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത  ജാതികള്‍ക്കിടയില്‍ തൊഴില്‍ വിഭജനത്തിലൂടെ ശ്രേണീബന്ധങ്ങള്‍ ഉറപ്പിക്കപ്പെടുന്നുമുണ്ട്. പരമ്പരാഗതമായി കൈമാറപ്പെടുന്ന വിശ്വാസങ്ങളിലൂടെ, മിത്തുകളിലൂടെ, കല്പിതകഥകളിലൂടെ ജാതിവ്യവസ്ഥയ്ക്കുള്ള ന്യായീകരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സാമൂഹികവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളുമായും ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ജഡീകൃതവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയായി ഇതിനെ വ്യാഖ്യാനിക്കരുത്. സ്ഥായിയായ ചില ഘടകങ്ങള്‍ ഉണ്ടെന്നതില്‍ സന്ദേഹങ്ങള്‍ വേണ്ട. പരിണമിക്കുകയും പരിവര്‍ത്തിക്കുകയും ചെയ്യുന്ന ഘടകങ്ങളുമുണ്ടായിരുന്നു.

സവിശേഷമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ നേരിടേണ്ട പ്രശ്‌നമായി ജാതി മാറിത്തീരുന്നതെങ്ങനെയെന്ന് അതിന്റെ സങ്കീര്‍ണ്ണതകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. മുതലാളിത്തത്തിന്റെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയും. സോഷ്യലിസ്റ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കുറെയേറെ ചെയ്യാന്‍ കഴിയും. എന്നാല്‍, ഈ സവിശേഷപ്രശ്‌നത്തിന്റെ നിര്‍ദ്ധാരണത്തിന് അതിന്റെ മൂല്യവ്യവസ്ഥയെ വെല്ലുവിളിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. ഏറ്റവും ആഴത്തിലും പരപ്പിലും ഈ ബോധത്തെ ഉള്‍ക്കൊണ്ട മലയാളികള്‍ ശ്രീനാരായണനും അയ്യങ്കാളിയുമായിരുന്നു. പൊതുവിടങ്ങള്‍ സൃഷ്ടിക്കാനുള്ള അയ്യങ്കാളിയുടെ പരിശ്രമങ്ങള്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഇളക്കാന്‍ പോന്നതായിരുന്നു. വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍ മുതല്‍ ഭൂമിക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള സമരങ്ങള്‍ വരെ അയ്യങ്കാളിയുടെ പ്രസ്ഥാനം ഉണര്‍ത്തിയെടുക്കുന്നുണ്ട്. എല്ലാ സമരമാര്‍ഗ്ഗങ്ങളിലൂടെയും ജാതിവ്യവസ്ഥയുടെ മൂല്യമണ്ഡലത്തെ അട്ടിമറിക്കാന്‍ ശ്രീനാരായണന്‍ ശ്രമിക്കുന്നു. വേദാന്തം മുതല്‍ യൂറോപ്യന്‍ നവോത്ഥാനചിന്തകള്‍ വരെ ഈ ശ്രമത്തിനുള്ള ഉപകരണങ്ങളായി ഗുരുവിന്റെ കൈകളില്‍ മാറിത്തീരുന്നതു നാം കാണുന്നു. 'പുണര്‍ന്നു പെറുമെല്ലാമൊരിനമാം' എന്ന് ഒരു ജീവശാസ്ത്രജ്ഞനെയെന്ന പോലെ ജാതിയെ നിര്‍വ്വചിക്കുകയും 'നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം'' എന്നു പ്രഖ്യാപിക്കുകയും ചെയ്ത ഗുരു, ജാതിവ്യവസ്ഥയുടെ അടിസ്ഥാനങ്ങളെ തന്നെയാണ് ചോദ്യം ചെയ്തത്.  ബ്രാഹ്മണര്‍ക്കു മാത്രം അനുവദനീയമായിരുന്ന കാര്യങ്ങള്‍ കീഴ്ജാതിയിലുള്ളവര്‍ക്കും അപ്രാപ്യമല്ലെന്നു തെളിയിക്കുകയാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും സന്യാസവും പന്തിഭോജനവുമെല്ലാം ജാതിവ്യവസ്ഥക്കെതിരെ ശ്രീനാരായണന്‍ നടത്തിയ സവിശേഷമായ സമരങ്ങളായിരുന്നു. കേരളത്തിന്റെ പിന്നീടുള്ള ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍  അയ്യങ്കാളിയുടേയും ഗുരുവിന്റേയും നവോത്ഥാനപ്രസ്ഥാനങ്ങള്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍, ഇത്തരം സവിശേഷപ്രവര്‍ത്തനങ്ങള്‍ അന്യം നിന്നു പോകുകയും 1959ലെ കുപ്രസിദ്ധമായ വിമോചനസമരത്തോടെ ജാതിമതശക്തികള്‍ കൂടുതല്‍ ശക്തിയോടെ  തിരിച്ചുവരികയും അവ രാഷ്ട്രീയസമ്മര്‍ദ്ദഗ്രൂപ്പുകളായും വോട്ടുബാങ്കുകളായും പരിണമിക്കുകയും ചെയ്തതോടെ, ഒരു കാലത്ത് കേരളസമൂഹം അടക്കിയ ജാതിപ്രേതങ്ങള്‍ കുഴിയില്‍ നിന്നും എഴുന്നേറ്റു വരുന്ന പ്രതിലോമസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കേരളീയസമൂഹത്തിന്റെ ഈ തിരിച്ചു പോക്കു തന്നെ ജാതിപ്രശ്‌നം സവിശേഷമായ നിര്‍ദ്ധാരണങ്ങളെ ആവശ്യപ്പെടുന്നുവെന്നതിന്റെ തെളിവായി മാറിത്തീര്‍ന്നിട്ടുമുണ്ട്.


ജാതിപ്രശ്‌നത്തെ ശരിയായ രൂപത്തില്‍ അഭിസംബോധന ചെയ്യുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം ദലിത് സംഘടനകളുടെ ഐക്യമാണ്. ഏറെ വിഭജിതവും ശകലിതവുമായ ജാതിസ്വത്വങ്ങളിലെ വൈരുദ്ധ്യങ്ങളെ മൂര്‍ച്ഛിപ്പിക്കുന്ന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ട് ജാതിപ്രശ്‌നത്തെ പരിഹരിക്കാനേ കഴിയില്ല.



ജാതിപ്രശ്‌നത്തെ ശരിയായ രൂപത്തില്‍ അഭിസംബോധന ചെയ്യുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം ദലിത് സംഘടനകളുടെ ഐക്യമാണ്. ഏറെ വിഭജിതവും ശകലിതവുമായ ജാതിസ്വത്വങ്ങളിലെ വൈരുദ്ധ്യങ്ങളെ മൂര്‍ച്ഛിപ്പിക്കുന്ന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ട് ജാതിപ്രശ്‌നത്തെ പരിഹരിക്കാനേ കഴിയില്ല. സാംസ്‌ക്കാരികമായ തന്മകളെ അംഗീകരിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ ദളിതര്‍ക്കിടയിലെ ഐക്യബോധം ഉണ്ടാക്കുകയെന്നത് ഏറെ പ്രധാനമാണ്. ദളിതര്‍ മുന്നോട്ടുവെയ്ക്കുന്ന പ്രതിരോധങ്ങള്‍ മാനവികതയെ കുറിച്ചുള്ള വിപ്ലവകരമായ സങ്കല്പനങ്ങളെ മുന്‍നിര്‍ത്തിയുള്ളതായി മാറിത്തീരണം. ബഹിഷ്‌ക്കരണത്തിന്റേയും വര്‍ജ്ജനത്തിന്റേയും പ്രയോഗമായി പ്രത്യക്ഷപ്പെടുകയും യൂറോപ്യന്‍ മനുഷ്യനെ മാത്രം ഉള്‍ക്കൊള്ളുകയും ചെയ്ത യൂറോപ്യന്‍ മാനവവാദത്തില്‍ നിന്നും വ്യതിരിക്തമാകുന്ന പുതിയ മാനവികതാവാദത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.  വംശീയവാദത്തിലധിഷ്ഠിതവും യൂറോകേന്ദ്രിതവുമായ മാനവവാദത്തോടു വിട പറയുന്ന, അധിനിവേശവിരുദ്ധമായ വിമോചനസമരങ്ങളെ പിന്തുണയ്ക്കുന്ന, ഫ്രാന്‍സ് ഫാനനെ പോലുള്ള മഹത്തുക്കള്‍ സ്വപ്നം കണ്ട സമ്പൂര്‍ണ്ണമനുഷ്യനെ കുറിച്ചുള്ള ആശയത്തിലേക്കു നയിക്കുന്ന, പാരിസ്ഥിതികമായ വിവേകങ്ങളെ കൂടി  ഉള്‍ക്കൊള്ളുന്ന മാനവികതാവാദമായിരിക്കണം ഇത്. ദളിത് പ്രതിരോധവാദത്തെ  നയിക്കേണ്ടത് ജാതിയോ സമുദായമോ ആയിരിക്കരുതെന്നും പ്രകൃതിയുടെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ മനുഷ്യനായിരിക്കണമെന്നും ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. ദളിത് പ്രത്യയശാസ്ത്രത്തിന്റെ കേന്ദ്രം സമുദായമല്ല, മനുഷ്യനാണെന്ന് എഴുതിയ (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനം) കെ.എം.സലിംകുമാറിന്റെ സമീപനങ്ങള്‍ ഇക്കാര്യത്തില്‍ ശരിയായ ദിശയിലാണെന്നു പറയാം.

പ്രാന്തവല്‍ക്കൃതരുടെ പ്രശ്‌നങ്ങളെ സവിശേഷമായി ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഉത്തരാധുനികവ്യവഹാരങ്ങള്‍ സഹായകമായെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, കേവലമായി സ്വത്വവാദത്തില്‍ അഭിരമിക്കുന്ന ചില ഉത്തരാധുനികസമീപനങ്ങള്‍ പലപ്പോഴും ഈ വ്യവഹാരങ്ങളില്‍ മുന്നില്‍ നില്ക്കുന്നതു കാണാം. ശകലീകരണങ്ങളേയും വിഭാഗീയതയേയും പ്രോത്സാഹിപ്പിക്കുകയും യോജിച്ചു നില്‌ക്കേണ്ട ശക്തികളെ അകറ്റുകയും ചെയ്യുന്ന ഫലങ്ങളാണ് ഇതു നല്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിനു പകരം അധീശത്വവുമായി സമവായത്തിലെത്തുന്ന, സ്വയം വഞ്ചിക്കുന്ന സമീപനങ്ങളില്‍ ഇത് എത്തിച്ചേരാം.

മാര്‍ക്‌സിസ്റ്റുകളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളില്‍ ജാതിവ്യവസ്ഥക്കെതിരായ, സാമൂഹികനീതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ എങ്ങനെയാണ് കണ്ണിചേര്‍ക്കപ്പെടേണ്ടത് എന്നത് വളരെ പ്രധാനമായ കാര്യമാണ്. ജാതിപ്രശ്‌നത്തെ സവിശേഷമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന്  ഉറപ്പിക്കപ്പെടുന്നത് സത്താവാദപരമായ സമീപനങ്ങളില്‍ നിന്നും വിമുക്തി നേടുന്നതിന്റെ ആദ്യപടിയാണ്. ജാതിപ്രശ്‌നമെന്ന പോലെ സ്ത്രീ, പരിസ്ഥിതി എന്നിങ്ങനെ സവിശേഷമാനങ്ങളുള്ള പ്രമേയങ്ങളെ അംഗീകരിക്കുന്നതിലുടെ, ഏതെങ്കിലും ഒരു അടിസ്ഥാനപ്രമേയത്തിലേക്ക് ഇതര പ്രമേയങ്ങളെ ചുരുക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന വീക്ഷണം തന്നെ ഉപേക്ഷിക്കപ്പെടുന്നു. ഉല്പാദനബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൈവരുന്ന സന്ദര്‍ഭങ്ങളുണ്ടെന്നു തിരിച്ചറിയുന്നതോടൊപ്പം ഉല്പാദനബന്ധങ്ങളേക്കാളുപരിയായി പ്രത്യുല്പാദനബന്ധങ്ങള്‍ക്കോ ജാതിപ്രശ്‌നത്തിനോ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കോ പ്രാധാന്യം കൈവരുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാമെന്നു മനസ്സിലാക്കപ്പെടുകയാണ്.  എല്ലാക്കാലത്തേക്കും യോജിച്ച സിദ്ധാന്തങ്ങളും പ്രയോഗങ്ങളും കൊണ്ടു നിര്‍മ്മിക്കപ്പെട്ട സ്ഥിതമായ ഘടനകളില്‍ അധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ ഉപേക്ഷിക്കപ്പെടണം. അതു നിരന്തരപരിണാമിയും നിരന്തരം നവീകരിക്കുന്നതും നിര്‍ണ്ണയവാദങ്ങളില്‍ നിന്നു വിമുക്തി നേടുന്നതും ആയിത്തീരണം. ജനാധിപത്യപൊതുമണ്ഡലത്തെ സ്വയം പര്യാപ്തമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനു  സഹായകമായ  പ്രവര്‍ത്തനങ്ങളിലായിരിക്കണം മാര്‍ക്‌സിസ്റ്റുകള്‍ ഇടപെടേണ്ടത്.ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനും പൊതുമണ്ഡലത്തിന്റെ വികാസം അനുപേക്ഷണീയമാണ്.


കടപ്പാട്: വിദ്യാര്‍ത്ഥി മാസിക, ജനുവരി, 2014





Monday, June 9, 2014

അംബേദ്കറെ ഇന്ത്യന്‍ മാധ്യമങ്ങള്‍ നിശബ്ദതയില്‍ മുക്കിയതെന്തിന്?


പത്രങ്ങള്‍ അംബേദ്കറുടെ ഭാഗത്ത് നിന്നിരുന്നേയില്ല. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വസ്തുനിഷ്ഠമായോ ആത്മാര്‍ത്ഥമായോ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. വട്ടമേശ സമ്മേളനങ്ങളില്‍ തന്റെ ആള്‍ക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കായി അദ്ദേഹം വാദിക്കുമ്പോഴും അദ്ദേഹത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ചതിയനായിട്ടായിരുന്നു. ഇതിനെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ പ്രശ്‌നങ്ങളുമായി അവര്‍ ഒരിക്കലും കൂട്ടിയോചിപ്പിച്ച് കണ്ടില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വീക്ഷണത്തോടെ ഇവയെ വിശകലനം ചെയ്യാന്‍ അവര്‍ തയ്യാറായതുമില്ല. വ്യക്തമായും ഇവ വര്‍ണ ഹിന്ദു സമീപനത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. മാധ്യമങ്ങള്‍ എങ്ങനെയാണ് നമ്മുടെ രാഷ്ട്രശില്‍പിയെ അന്നും ഇന്നും അവഹേളിക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് രത്‌ന മാല എഴുതുന്നു..




എസ്സേയ്‌സ്‌/രത്‌ന മാല
മൊഴിമാറ്റം/ജിന്‍സി ബാലകൃഷ്ണന്‍, ഷഫീക്ക് എച്ച്.

ഇന്ത്യന്‍ മാധ്യമങ്ങളുടെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടിയാണ്. ഒരു പരിധിവരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന് ലഭിച്ച ജനകീയതയ്ക്കും പദവിയ്ക്കും അവര്‍ കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ പത്രത്തിനോടാണ് (1993, മസുംദര്‍). സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കോണ്‍ഗ്രസുകാരുടെ ചരിത്രമാവുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയിലെ മാധ്യമളുടെ ചരിത്രം കോണ്‍ഗ്രസുകാര്‍ നടത്തിയ പത്രങ്ങളുടെ ചരിത്രമാണ്. അടിച്ചമര്‍ത്തപ്പെട്ട മതവിഭാഗങ്ങളുടെ ചരിത്രം ഇന്ത്യയില്‍ അവഗണിക്കപ്പെടുകയും ഉന്നതകുലജാതരുടേത് ആഘോഷിക്കപ്പെടുകയും ചെയ്തു.

മഹാത്മാഗാന്ധിയെ മികച്ച പത്രപ്രവര്‍ത്തകനായി ആഘോഷിക്കുന്നവര്‍ അംബേദ്കറിന്റെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചോ അദ്ദേഹം പുറത്തിറക്കിയ പത്രങ്ങളെക്കുറിച്ചോ പറയാന്‍ മടിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും മാധ്യമങ്ങളുടെ ചരിത്രത്തെയും കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ പരിശോധിക്കാം. അങ്ങനെ നോക്കുമ്പോള്‍ മാധ്യമ രംഗത്ത് അംബേദ്കര്‍ നല്‍കിയ സംഭാവനകള്‍ നമുക്ക് കാണാനാവും.
അംബേദ്കര്‍ ആരംഭിച്ച പത്രങ്ങള്‍ കണ്ടെത്തുക, മാധ്യമങ്ങള്‍ അംബേദ്കറെ കൈകാര്യം ചെയ്ത രീതി പഠിക്കുക, മാധ്യമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മനസിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ പഠനത്തിനുള്ളത്.

അംബേദ്കറുടെ മാധ്യമപ്രവര്‍ത്തനം

മികച്ച പത്രപ്രവര്‍ത്തകനായിരുന്നു ഡോ. അംബേദ്കര്‍. സ്വന്തം പത്രങ്ങളിലൂടെ അദ്ദേഹം സാമൂഹ്യ വിപ്ലവത്തിനുള്ള പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് വേണ്ടി ഗാന്ധിജി ഹരിജന്‍ തുടങ്ങിയത് 1933ലാണ്. പൂന ഉടമ്പടിക്ക് ശേഷമാണ് അദ്ദേഹം അത് ആരംഭിച്ചത്. തൊട്ടുകൂടാത്തവന് വേണ്ടി ഗാന്ധിജി പത്രം തുടങ്ങിയതിനെ പുകഴ്ത്തിയ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് വേണ്ടി നാല് പത്രങ്ങള്‍ നടത്തിയ അംബേദ്കറുടെ ഉദ്യമങ്ങളെ വിസ്മരിച്ചു. കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരെയും അംബേദ്കറുടെ സമരങ്ങളെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വിസ്മരിച്ചപ്പോള്‍ സ്വന്തം വക്താവായി അദ്ദേഹത്തിനൊരു മാധ്യമത്തിന്റെ ആവശ്യം വന്നു. അടിച്ചമര്‍ത്തപ്പെട്ട ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ മാധ്യമങ്ങള്‍ക്കാകുമെന്ന് അംബേദ്കര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അംബേദ്കറിന്റെ മറാത്തി പത്രങ്ങള്‍ ഒരു പുതിയ രാഷ്ട്രീയവും ധാര്‍മികതയും പരിചയപ്പെടുത്തി. മൂക നായക (വീക്ക്‌ലി), ബഹിഷ്‌കൃത് ഭാരത് (മാസത്തില്‍ രണ്ട്), ജനത ( വീക്ക്‌ലി മാഗസിന്‍) എന്നീ പേരുകളില്‍ ഒരു കൂട്ടം പത്രങ്ങള്‍ അംബേദ്കര്‍ പുറത്തിറക്കി.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെയും ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാധ്യമ ചരിത്രങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്.


സ്വാതന്ത്ര്യസമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ അന്നത്തെ മാധ്യമങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇതേ കാലഘട്ടത്തില്‍ ‘ജനത’ എന്ന പത്രത്തിലൂടെ ദലിതിനെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് പ്രചരിപ്പിക്കാന്‍ അംബേദ്കര്‍ ശ്രമിച്ചു. മുഖ്യധാരാ ‘രാഷ്ട്ര’ത്തില്‍ നിന്നുള്ള ദലിതരുടെ വ്യത്യാസമാണ് അദ്ദേഹം കാണിച്ചത്. ദലിതര്‍ക്ക് വ്യതിരിക്തമായ ഒരു സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടയാളാണ് അംബേദ്കര്‍ (നാരായണന്‍, 2005). ഐക്യരാഷ്ട്ര രൂപീകരണത്തിനായി ദലിതര്‍ ഇഴുകി ചേരണമെന്നതായിരുന്നു ഗാന്ധിയന്‍ അജണ്ട. ജനതയുടെ എഡിറ്റര്‍ ഭാസ്‌കറാവൂ കഡ്രേക്കറായിരുന്നു.
1920 ജനുവരി 31നാണ് അംബേദ്കര്‍ മൂവ് നായക് എന്ന പത്രം ആരംഭിച്ചത്. കൊല്‍ഹാപൂര്‍ മഹാരാജാവിന്റെ സഹായത്തോടെയായിരുന്നു ഇത്. അംബേദ്കര്‍ ഔദ്യോഗികമായി അതിന്റെ എഡിറ്റര്‍ ആയിരുന്നില്ലെങ്കിലും അദ്ദേഹമായിരുന്നു അതിന്റെ എല്ലാം. മൂവ് നായികിന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ട് പോലും കേസരി പത്രം വിസമ്മതിച്ചു. ബാല ഗംഗാതര തിലക് ജീവിച്ചിരിക്കുന്ന കാലത്തായിരുന്നു ഇത് (കീര്‍, 1954). അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ച് എഴുതുന്നത് തൊട്ടുകൂടായ്മയായി കണ്ടവര്‍ അവരുടെ പത്രത്തെക്കുറിച്ച് പരസ്യം നല്‍കുന്നത് പോലും തൊട്ടുകൂടായ്മയായി കണ്ടു.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരുടെയും ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും മാധ്യമ ചരിത്രങ്ങള്‍ തമ്മില്‍ നല്ല സാമ്യമുണ്ട്. 1840ല്‍ ല്‍ കറുത്തവര്‍ഗക്കാര്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ എതിര്‍ത്ത് ദ സണ്‍ പത്രം എഴുതിയ എഡിറ്റോറിയലിനെതിരെ വില്ലിസ് എ. ഹോഡ്ജസ് എന്ന കറുത്തവര്‍ഗക്കാരന്‍ രംഗത്തുവന്നു. എഡിറ്റോറിയലിന് മറുപടി എന്ന നിലയിലാണ് വില്ലിസ് ഇത് എഴുതിയത്. ഇത് നല്‍കാനായി 15 ഡോളറാണ് ആ പത്രം അയാളില്‍ നിന്ന് ഈടാക്കിയത്. മാത്രമല്ല, വില്ലിസ് നല്‍കിയ കുറിപ്പിനെ പരിഷ്‌കരിച്ച പരസ്യം എന്ന രൂപത്തിലായിരുന്നു ഇത് നല്‍കിയത്. ഇതിനെതിരെ വില്ലിസ് പ്രതിഷേധിച്ചു. അപ്പോള്‍ അദ്ദേഹത്തിന് സണ്‍ നല്‍കിയ മറുപടി ഇതായിരുന്നു, ‘ സൂര്യന്‍ ഉദിക്കുന്നത്  വെള്ളക്കാര്‍ക്ക് വേണ്ടിയാണ്, കറുത്തവന് വേണ്ടിയല്ല’. ഇതില്‍ പ്രതിഷേധിച്ച് വില്ലിസ് 1847ല്‍ റാംസ് ഹോണ്‍ എന്ന പത്രം തുടങ്ങി (വില്‍സന്‍ ആന്റ് ഗുത്തീറെസ്, 1985).
സൂര്യന്‍ ഉദിക്കുന്നത്  വെള്ളക്കാര്‍ക്ക് വേണ്ടിയാണ്, കറുത്തവന് വേണ്ടിയല്ല
അംബേദ്കര്‍ കുറച്ചുകാലം അമേരിക്കയില്‍ ജീവിക്കുകയും അവിടെ പഠിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മാധ്യമ മേഖലയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഹിന്ദു ജാതി സ്പര്‍ദ്ധ പ്രതിഫലിക്കുന്നതാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ എന്നറിയാമായുരുന്ന അംബേദ്കര്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പുതിയൊരു പത്രം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ആ പത്രങ്ങള്‍ക്ക് അംബേദ്കര്‍ നല്‍കിയ പേരുകള്‍ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍ വെളിവാക്കുന്നതായിരുന്നു. മൂക നായക്, (ശബ്ദമില്ലാത്തവരുടെ നേതാവ്) ജനത (ജനങ്ങള്‍) , ബഹിഷ്‌കൃത് ഭാരത് (ബഹിഷ്‌കൃത ഭാരതം) എന്നിങ്ങനെയുള്ള പേരുകളെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരുമായി നേരിട്ട് ബന്ധമുള്ള വാക്കുകളായിരുന്നു.

1927 മാര്‍ച്ചില്‍ മിഹാദിലെ ചൗധര്‍ ടാങ്കിലേക്ക് അംബേദ്കറുടെ നേതൃത്വത്തില്‍ ദലിതര്‍ മാര്‍ച്ച് നടത്തി. ടാങ്കില്‍ നിന്ന് വെള്ളം കുടിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആ യാത്ര. ഇതില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന ജാതിയിലുള്ള ഹിന്ദുക്കള്‍ നിരായുധരായ പാവപ്പെട്ടവരെ ആക്രമിച്ചു. ഇന്ത്യ മുഴുവനും ഇത് വന്‍ വാര്‍ത്തയായി. മഹാരാഷ്ട്രയില്‍ പത്രങ്ങള്‍ രണ്ട് ചേരികളായി തിരിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ ധീരമായ നടപടിയായി ഒരു വിഭാഗം അതിനെ കണ്ടു. ചിലര്‍ തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിച്ച തൊട്ടുകൂടാത്ത ഹിന്ദുക്കളുടെ പ്രവൃത്തിയെ പ്രശംസിച്ചു. ഗ്രാമത്തില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ് ചിലര്‍ മുതലക്കണ്ണീരൊഴുക്കി.
ആ സമയത്താണ് തങ്ങളുടെ ആശയങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരു മുഖപത്രം വേണമെന്ന ചിന്ത മുമ്പെത്തെക്കാള്‍ ശക്തമായി അംബേദ്കറുടെ മനസിലുണ്ടായത്. 1927 ഏപ്രില്‍ മൂന്നിന് മുംബൈയില്‍ ബഹിഷ്‌കൃത് ഭാരത് എന്ന മറാത്തി ദൈ്വവാരിക അദ്ദേഹം ആരംഭിച്ചു. ഈ പത്രത്തിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, അദ്ദേഹത്തിന് ഒരു അഭിഭാഷകനായി ചോലി ചെയ്യേണ്ടി വന്നിരുന്നു. കാരണം ജനക്ഷേമത്തിനായി ഒരു പത്രം നടത്തുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതവൃത്തിക്കായി സ്വതന്ത്രമായ ഒരു ജോലികൂടി എല്ലായ്‌പ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു.
 
പത്രങ്ങള്‍ ഓരോ പ്രശ്‌നവും അവതരിപ്പിക്കുന്ന രീതിയും അവയ്ക്ക് കൊടുക്കുന്ന സ്ഥലവും അവര്‍ ഉള്ളടക്കത്തിനായി ഉപയോഗിച്ചിരുന്ന ഭാഷയുമൊക്കെ നോക്കിയാല്‍ നമുക്ക് അവരുടെ പ്രത്യയശാസ്ത്രവും അവരുടെ പക്ഷപാതവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
 


ഇന്ത്യന്‍ മാധ്യമരംഗത്ത് അംബോദ്കറുടെ പ്രതിനിധാനം
അംബേദ്കര്‍ മനസ്സിലാക്കപ്പെട്ടത് ദലിത് നേതാവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.
അംബേദ്കര്‍ ഒരു ദേശീയ നേതാവാണ്. എന്നാല്‍ അദ്ദേഹം ചിത്രീകരിക്കപ്പെട്ടത് ഒരു ദലിത് നേതാവായിട്ടാണ് (വെങ്കിടേഷ് 2006). സാമൂഹ്യ സ്വത്വങ്ങള്‍ നിര്‍മിക്കുന്നതില്‍ മാധ്യമങ്ങള്‍ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. അംബേദ്കര്‍ മനസ്സിലാക്കപ്പെട്ടത് ദലിത് നേതാവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. സാമൂഹ്യ നീതിക്കായി അദ്ദേഹം തന്റെ പോരാട്ടം തുടങ്ങിയതു മുതല്‍ അദ്ദേഹത്തിന്റെ 100-ാം ജന്‍മവാര്‍ഷികമാചരിക്കുന്ന ഇപ്പോള്‍ വരെയും മാധ്യമങ്ങളില്‍ നിന്നും വളരെ കുറച്ച് ശ്രദ്ധ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

വളരെ ഉയര്‍ന്ന ഒരു പദവിയിലേയ്ക്ക് ബ്രാഹ്മണീയ ക്ഷേത്രങ്ങില്‍ നിന്നും ഒരു പുരുഷനെയോ സ്ത്രീയെയൊ ഉയര്‍ത്തിക്കാണിക്കുന്നതിലായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് താല്‍പര്യം. അതുകൊണ്ട് തന്നെ അവര്‍ എല്ലായ്‌പ്പോഴും അംബേദ്കറോട് വെറുപ്പ് വെച്ചുപുലര്‍ത്തിയിരുന്നു. (ഐലയ്യ, 2000)
പത്രങ്ങള്‍ ഓരോ പ്രശ്‌നവും അവതരിപ്പിക്കുന്ന രീതിയും അവയ്ക്ക് കൊടുക്കുന്ന സ്ഥലവും അവര്‍ ഉള്ളടക്കത്തിനായി ഉപയോഗിച്ചിരുന്ന ഭാഷയുമൊക്കെ നോക്കിയാല്‍ നമുക്ക് അവരുടെ പ്രത്യയശാസ്ത്രവും അവരുടെ പക്ഷപാതവും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. മേല്‍ പറഞ്ഞ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംബേദ്കറിനെ പറ്റിയുള്ള വാര്‍ത്തകള്‍ പരിശോധിച്ചാല്‍  അദ്ദേഹത്തിന് യാതൊരു പ്രാധാന്യവും നല്‍കിയിരുന്നില്ലെന്ന് കാണാനാവുന്നതാണ്.
ഒരു ദലിത് മാസികയായ സമത്വത്തിന്റെ 17-ാമത്തെ ലക്കത്തിന്റെ എഡിറ്റോറിയല്‍ സ്വദേശമിത്രമെന്ന പത്രത്തിന്റെ പക്ഷപാതിത്വത്തെ അപലപിക്കുന്നുണ്ട്. മദ്രാസ് പ്രസിഡന്‍സി സന്ദര്‍ശിക്കാനായി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ വന്ന സമയത്ത് അത് പ്രസിദ്ധീകരിക്കാനായി ആ പത്രം വളരെയധികം ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അംബേദ്കര്‍ സന്ദര്‍ശിക്കുന്ന സമയത്ത് അവര്‍ യാതൊരു താല്‍പര്യവും കാണിച്ചിരുന്നുമില്ല. എന്തിന് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കൊടുക്കാന്‍ പോലും ആ പത്രം വിസമ്മതിച്ചു (സമത്വം). അംബേദ്കഅംബേദ്കറുടെ പ്രസംഗത്തിന് നല്‍കിയിരുന്ന സ്ഥലമോ വളരെ പരിമിതവും. ഇതില്‍ നിന്നും നമുക്ക് മനസിലാക്കാനാവുന്നത്,  പ്രധാനപ്പെട്ട മാധ്യമങ്ങള്‍ അദ്ദേഹത്തന് വേണ്ടത്ര പരിഗണന നല്‍കിയിരുന്നില്ലെന്നുതന്നെയാണ്.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരനായ ബുക്കര്‍ ടി. വാഷിങ്ടണ്ണിന് വെള്ളകാരുടെ മാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നിരുന്ന പോലുള്ള അവഗണനയാണ് അധിനിവേശ-അധിനിവേശാനന്തര ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നും  അംബേദ്ക്കറിനും നേരിടേണ്ടി വന്നിരുന്നത്.

അമേരിക്കന്‍ കറുത്തവര്‍ഗക്കാരനായ ബുക്കര്‍ ടി. വാഷിങ്ടണ്ണിന് വെള്ളകാരുടെ മാധ്യമങ്ങളില്‍ നിന്നും നേരിടേണ്ടിവന്നിരുന്ന പോലുള്ള അവഗണനയാണ് അധിനിവേശ-അധിനിവേശാനന്തര ഇന്ത്യയിലെ മാധ്യമങ്ങളില്‍ നിന്നും  അംബേദ്ക്കറിനും നേരിടേണ്ടി വന്നിരുന്നത്. വന്‍  ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് വാഷിങ്ടണ്‍ നടത്തിയ പ്രസംഗങ്ങള്‍ പത്രത്തിന്റെ മുന്‍ പേജില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്രങ്ങളുടെ അവസാന പുറങ്ങളിലെ ഏതാനം ഇഞ്ച് സ്ഥലങ്ങളില്‍ ഒതുക്കപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം വിലപിക്കുന്നുണ്ട്. മാത്രവുമല്ല മുന്‍ പേജുകള്‍ മാറ്റി വെച്ചിരുന്നത്, കറുത്തവന്‍ നടത്തിയിരുന്ന നിസ്സാരങ്ങളായ കുറ്റ കൃത്യങ്ങളെകുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കുത്തി നിറയ്ക്കാനും (വില്‍സന്‍ ആന്റ് ഗുത്തീറെസ്, 1985).
അക്കാലത്തൊരിക്കലും പപത്രങ്ങള്‍ അംബേദ്കറുടെ ഭാഗത്ത് നിന്നിരുന്നേയില്ല. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ വസ്തുനിഷ്ഠമായോ ആത്മാര്‍ത്ഥമായോ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. വട്ടമേശ സമ്മേളനങ്ങളില്‍ തന്റെ ആള്‍ക്കാരുടെ രാഷ്ട്രീയാവകാശങ്ങള്‍ക്കായി അദ്ദേഹം വാദിക്കുമ്പോഴും അദ്ദേഹത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് ചതിയനായിട്ടായിരുന്നു. ഇതിനെ അടിച്ചമര്‍ത്തപ്പെടുന്നവന്റെ പ്രശ്‌നങ്ങളുമായി അവര്‍ ഒരിക്കലും കൂട്ടിയോചിപ്പിച്ച് കണ്ടില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ വീക്ഷണത്തോടെ ഇവയെ വിശകലനം ചെയ്യാന്‍ അവര്‍ തയ്യാറായതുമില്ല. വ്യക്തമായും ഇവ വര്‍ണ ഹിന്ദു സമീപനത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. ഇത് അമേരിക്കയില്‍ നടന്ന ആഭ്യന്തര കലാപത്തെ മാധ്യമങ്ങള്‍ ചിത്രീകരിച്ചതിനെ ഓര്‍മിപ്പിക്കുന്നു.  1967ല്‍ അമേരിക്കയിലെ ആഭ്യന്തര ആക്രമണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കെര്‍ണ്ണര്‍ കമ്മീഷന്‍ പറഞ്ഞത്, ‘മാധ്യമങ്ങള്‍ വെളുത്തവന്റെ ലോകത്തിനു പിന്നാലെയായിരുന്നു. അവരിലേയ്ക്കാണ് ഉറ്റു നോക്കിയിരുന്നത്. വെളുത്തവന്റെ കണ്ണുകളിലൂടെ, അവന്റെ വീക്ഷണകോണിലൂടെയാണ് പ്രശ്‌നത്തെ അവര്‍ സമീപിച്ചത്’ എന്നാണ്.
അംബേദ്കറെ പരിഗണക്കുന്നതില്‍ ബ്രിട്ടീഷ് പത്രങ്ങളെ അനുകരിക്കുകയായിരുന്നു നമ്മുടെ പ്രാദേശിക പത്രങ്ങളൊക്കെ ചെയ്തത്. അംബേദ്കര്‍ പ്രത്യേക ഇലക്ടറേറ്റ് സ്വീകരിക്കുന്നതിലും അടിച്ചമര്‍ത്തപ്പെടുന്ന വര്‍ഗങ്ങള്‍ക്കായി വേട്ടു നേടുന്നതിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും മാധ്യമങ്ങളും ദേശീയവാദികളും അദ്ദേഹത്തെ പഴിക്കുകയാണ് ചെയ്തത്. വട്ടമേശ സമ്മേളനത്തിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ തമിഴ് മാധ്യമങ്ങള്‍ അപലപിച്ചു. വികതന്റെ എഡിറ്റോറിയല്‍ അദ്ദേഹത്തെ നിന്ദിച്ചു. വട്ടമേശ സമ്മേളനത്തെ ഇല്ലാതാക്കിയത് അദ്ദേഹമാണെന്നുപോലും അത് ആരോപിച്ചു. ഭൂരിപക്ഷത്തെ അദ്ദേഹം ചതിച്ചുവെന്നു കൂടി അത് പറഞ്ഞുവെച്ചു. തൊട്ടുകൂടാത്തവന്റെ ശത്രുവാണ് ഗാന്ധിയെന്ന് പ്രചരിപ്പിക്കുന്നുവെന്ന് അദ്ദേഹത്തെ വിമര്‍ശിച്ചു. (ജഗനാഥന്‍ 2006)
അതേ ലക്കത്തില്‍ തന്നെ സേത്ജമനെവാള്‍ എഴുതിയ ‘കഥംബം’ എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘അംബേദ്കര്‍ തീണ്ടിക്കൂടാത്തവര്‍ക്കായി ഒരു കിണര്‍ കുഴിക്കുകയാണ്. ജലം ലഭിക്കാനല്ല ഈ ഉദ്യമം. തീണ്ടിക്കൂടാത്തവരെ തലകീഴായി അതില്‍ മുക്കാനാണ്. ആ കിണറിന്റെ പേരാണ് പ്രത്യേക ഇലക്ടറേറ്റ്’ എന്ന് അതില്‍ അംബേദ്കറെ വിമര്‍ശിക്കുന്നു. (ജഗനാഥന്‍ 2006)
അംബേദ്കറിനെ ഭീകരനെന്നും ചതിയനെന്നും കൂലിയെഴുത്തുകാരനെന്നുമൊക്കെ ഇവര്‍ വിളിച്ചു. ദേശീയ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കളെ ന്യൂനപക്ഷമാക്കി ചുരുക്കിയതിനാണ് ഈ അവാര്‍ഡ് നല്‍കിയതെന്നാണ് ബോംബെ ക്രോണിക്കിള്‍ പറയുന്നത്. (കീര്‍ 1954). അവര്‍ മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങളാണ് ആവര്‍ത്തിച്ചിരുന്നത്. ബോംബെ ക്രോണിക്കിളില്‍ വളരെ പ്രകോനപരമായ ഒരു ലേഖനം ബി.ജി ഹോര്‍ണിമാന്‍  എഴുതുകയുണ്ടായി, ബോംബെ സമ്മേളനത്തിന്റെ തലേന്ന്. അതില്‍ പറയുന്നത്. ഈ ഡോക്ടര്‍ സ്വന്തം രാജ്യത്തിലെ പൗരന്‍മാരെ മനസിലാക്കേണ്ടതുണ്ട്. അല്ലാതെ ഈ രാജ്യത്തെ നയിക്കാനുള്ള പദവിയിലിരുന്ന് തന്റെ ഉയര്‍ന്ന അകല്‍ച്ച പ്രകടിപ്പിക്കുകയല്ല ചെയ്യേണ്ടത്. (കീര്‍ 1954).
സമത്വം സാമൂഹ്യനീതി എന്ന മുദ്രാവാക്യ മുയര്‍ത്തിക്കൊണ്ട് എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ ക്കുമെതിരെ പോരാട്ടം നടത്തിയ അദ്ദേഹത്തിന് ഇന്നും മാധ്യമങ്ങള്‍ നീതി നല്‍കിയിട്ടില്ല.
പൂനാ പാക്ടിനെ തുടര്‍ന്ന് ഗാന്ധി ക്ഷേത്രപ്രവേശന പ്രസ്ഥാനത്തെ പിന്തുണച്ചപ്പോള്‍ അംബേദ്കര്‍ അതിനെ എതിര്‍ത്തിരുന്നു. അദ്ദേഹം പറഞ്ഞത് തൊട്ടുകൂടാത്തവന് ഇതിനെ പിന്തുണയ്ക്കാനാവില്ല. കാരണം ഈ ബില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഭൂരിപക്ഷ തത്വങ്ങളെയാണ്. മാത്രവുമല്ല ബില്ല് തൊട്ടുകൂടായ്മയെ ഒരു പാപമായി കാണുന്നുമില്ല. ഭൂരിപക്ഷം തൊട്ടുകൂടായ്മയെ പിന്തുണയ്ക്കുന്നുവെങ്കിലും അതിനെ യാതൊരുപാധിയുമില്ലാതെ നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ അംബേദ്കറിനൊപ്പം തനിക്ക് നില്‍ക്കാനാവില്ലെന്നും എന്തെന്നാല്‍ അദ്ദേഹം വര്‍ണാശ്രമധര്‍മം ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിശ്വസിക്കുന്നെന്നുമാണ് ഗാന്ധി അംബേദ്കറിന് മറുപടി നല്‍കിയത്.

‘എന്തായിരുന്നു അംബേദ്കറുടെ പ്രസ്ഥാവനയോടുള്ള  മാധ്യമങ്ങളുടെ പ്രതികരണം? അംബേദ്കര്‍ പറഞ്ഞ കയ്‌പ്പേറിയ വസ്തുതകള്‍ കേട്ടപ്പോള്‍ അതില്‍ കലിപൂണ്ട ദേശീയ മാധ്യമങ്ങള്‍, അതിന്റെ എല്ലാ ശ്രേണികളും അംബേദ്കറിനെതിരെ വിദ്വേശം വളര്‍ത്തുന്ന ഒരു പ്രചരണ വേല തന്നെ ഏറ്റെടുത്തു. ചിലര്‍ അദ്ദേഹത്തെ പിശാചായ ഭീമാസുരനെന്ന് വിളിച്ചു. ഒരു ബോംബെ മറാത്തി പത്രം അദ്ദേഹത്തെ ബ്രഹ്മദ്വഷ്ട എന്ന് വിളിച്ചു. ‘ (കീര്‍, 1954)


1946ല്‍ രാജ്യം ഒരു വിഭജനത്തിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നപ്പോള്‍ അംബേദ്കര്‍ പട്ടികജാതിക്കാര്‍ക്കായി മൂന്നാമതൊരു രാഷ്ട്രം വേണമെന്നായിരുന്നു  ആഗ്രഹിച്ചത് എന്ന് 1946 മുതല്‍ 48 വരെയുള്ള പട്ടിക ജാതി ഫെഡെറേഷനെയും ദലിത് രാഷ്ട്രീയത്തെയും കുറിച്ചുള്ള ഒരു പഠനം വെളിപ്പെടുത്തുന്നു. മുസ്‌ലിം ലീഗിന്റെ പ്രത്യേക രാഷ്ട്രം വേണമെന്ന വാദത്തെ അംബേദ്കര്‍ പിന്തുണച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു പത്രം അദ്ദേഹത്തിന്റെ പ്രസംഗം നിരാകരിച്ചു. വര്‍ത്തമാന്‍ പത്രം അംബേദ്കറുടെ പ്രസംഗം ‘പിന്തിരിപ്പന്‍ മാത്രമല്ല ഇന്ത്യന്‍ ദേശീത എന്ന ആശയത്തിന് വിരുദ്ധമാണെന്നും’ എഡിറ്റോറിയല്‍ എഴുതി.

മാധ്യമങ്ങള്‍ക്ക് കോണ്‍ഗ്രസ്സായിരുന്നു ദേശീയതയുടെയും ദേശീയ ഐക്യത്തിന്റെയും പ്രതീകം. എന്താണ് ദേശീയതയെ സൃഷ്ടിക്കുന്നതെന്ന് പത്രാധിപര്‍മാര്‍ക്ക് വ്യക്തവുമായിരുന്നു. അതുകൊണ്ട് തന്നെ എന്തായിരിക്കണം ‘ഇന്ത്യന്‍ രാഷ്ട്രീയമെന്നും’ എന്താണ് ‘ദേശ വിരുദ്ധ’മെന്നും ‘വര്‍ഗീയ’ രാഷ്ട്രീയമെന്നും അവര്‍ നിശ്ചയിച്ചിരുന്നു. അംബേദ്കറെ അവര്‍ കരുത്തുറ്റ ‘ഖ്വയ്ദ് ഇ ആസാം’ എന്നും വിളിച്ചു. പ്രത്യക ഇലക്ടറേറ്റ് വേണമെന്ന എസ്.സി.എഫിന്റെ ആവശ്യം അദ്ദേഹം ഉയര്‍ത്തിയിരുന്നില്ല എന്ന വസ്തുത നിലനിന്നിട്ടുകൂടി ദേശീയതയുടെ അംബേദ്കറിസ്റ്റ് രാഷ്ട്രീയത്തിന് അവര്‍ വിലക്കേര്‍പ്പെടുത്തി.
മുസ്‌ലിം ലീഗിന്റെ പ്രത്യേക രാഷ്ട്രം വേണമെന്ന വാദത്തെ അംബേദ്കര്‍ പിന്തുണച്ചിരുന്നു.
അംബേദ്കര്‍ എസ്.സി.എഫിന് സത്യാഗ്രഹം എന്ന സമരമാര്‍ഗം ശിപാര്‍ശ ചെയ്തു. ഗാന്ധിയുടെ സത്യാഗ്രഹത്തെ പൂഴ്ത്തുന്ന പത്രങ്ങള്‍ തന്നെ അംബേദ്കറിന്റെ സത്യാഗ്രഹത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി  (വര്‍ത്തമാന്‍, ഹിന്ദി ദിനപ്പത്രം, ജൂലൈ 22, 1946).  ഗാന്ധിയുടെ സത്യാഗ്രത്തെ ഡോ.അംബേദ്ക്കര്‍ തന്റെ രാഷ്ട്രീയ പ്രഹസനങ്ങള്‍ക്ക് സാധുത ലഭിക്കാനാണുപയോഗിച്ചതെന്ന് വര്‍ത്തമാന്‍ എഡിറ്റോറിയലില്‍ തന്നെ വാദിച്ചു. അവരൊരിക്കലും അംബേദ്കറുടെ അഹിംസാത്മക സമരത്തെ സത്യാഗ്രഹമായി അംഗീകരിച്ചില്ല. അദ്ദേഹം നടത്തിയ മഹദ് പോരാട്ടത്തെയും നാസിക് ക്ഷേത്രപ്രവേശന പ്രസ്ഥാനത്തെയും മുഖ്യധാര മാധ്യമങ്ങള്‍ സത്യാഗ്രഹമായി കരുതിയിരുന്നുമില്ല.
അംബേദ്കറിനെ പരാമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ഭാഷ പോലും വളരെയധികം നിന്ദാര്‍ഹമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്ക് മാധ്യമങ്ങളില്‍ നിന്നും എത്രമാത്രം അപമാനമാണ് നേരിടേണ്ടി വന്നത് എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്.
അദ്ദേഹത്തിന്റെ 50-ാം ചരമവാര്‍ഷികത്തിന് ശേഷം പോലും മാധ്യമങ്ങളുടെ സമീപനത്തില്‍ ഒരു മാറ്റം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ ആ വ്യക്തിത്വം ഇന്നും മാധ്യമങ്ങളില്‍ നിന്നും വിവേചനം നേരിടുന്നു. സമത്വം സാമൂഹ്യനീതി എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് എല്ലാതരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരെ പോരാട്ടം നടത്തിയ അദ്ദേഹത്തിന് ഇന്നും മാധ്യമങ്ങള്‍ നീതി നല്‍കിയിട്ടില്ല.

സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ദലിതുകളുടെ പോരാട്ടങ്ങളെ ഒരു വന്‍ സമൂഹം മറക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നുവെന്ന യാഥാര്‍ത്യത്തെ ഓര്‍മിക്കാനുള്ള സമയം കൂടിയാണ് അംബേദ്കറുടെ 50-ാം ചരമ വാര്‍ഷികം.  അംബേദ്കറുടെ വാര്‍ഷികാചരണത്തെ വക്രീകരിച്ചു കാണിക്കുന്ന അഭിമുഖങ്ങള്‍ ശിവാജി പാര്‍ക്കിനെ ടോയ്‌ലറ്റാക്കുന്നു എന്ന് പരാതിപ്പെടുന്നവരുമായുള്ളതാണ്. അല്ലെങ്കില്‍ മലിനീകരണത്തെ കുറിച്ചും ട്രാഫിക് ജാമിനെ കുറിച്ചും സംസാരിക്കുന്നവരുമായുള്ളതാണ് (സായ് നാഥ് 2006). മാധ്യമങ്ങള്‍ ജനങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ദാദാറിന് (ശിവാജി പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം) അരികിലേയ്ക്കു പോലും പോകരുതെന്നാണ് ഇവര്‍ ജനങ്ങളെ ഉപദേശിക്കുന്നത്.  പത്രങ്ങളില്‍ വന്ന അഭിമുഖങ്ങളൊക്കെത്തന്നെ അംബേദ്കറിന് ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയ ദലിത് ഐക്യത്തെ ഉപദ്രവമായാണ് ചിത്രീകരിക്കുന്നത്. ‘പാര്‍ക്കിലും റോഡിലും നിറയെ ആളുകളായിരുന്നുവെന്ന് മാത്രമല്ല, (അതുകൊണ്ട് തന്നെ എനിക്ക് സായാഹ്ന സവാരി നടത്താന്‍ കഴിഞ്ഞില്ല, എന്റെ നായയ്ക്ക് നടക്കാനായില്ല, ഒരാള്‍ക്കും എന്റെ റെസ്‌റ്റോറന്റിലേയ്‌ക്കോ  ക്ലിനിക്കിലേയ്‌ക്കോ കടന്നുവരാനുമായില്ല.) പ്രധാന പ്രശ്‌നം അവിടെ ആളുകള്‍ കുളിക്കുന്ന തുറന്ന സ്ഥലമായി മാറി എന്നതാണ്.’ വൈരുദ്ധ്യമെന്നു പറയട്ടെ 21കാരനായ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് ഈ കാഴ്ച്ച വളരെ ‘അസ്വസ്ഥത’ഉണ്ടാക്കിയിരിക്കുന്നത്. (പുന്‍വാനി, 2006)

മാധ്യമങ്ങളെ കുറിച്ചുള്ള അംബേദ്കറുടെ നിരീക്ഷണം.
തന്റെ കൃതികളില്‍ അംബേദ്കര്‍ മാധ്യമങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവന്‍ ഈ പത്രങ്ങളില്‍ പ്രതിനിധീകരിക്കപ്പെടുന്നില്ല എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. തന്റെയും തന്റെ ആള്‍ക്കാരുടെയും വീക്ഷണങ്ങളോട് പത്രങ്ങള്‍ മൗനമവലംബിക്കുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. ‘ഞങ്ങള്‍ക്ക് മതിയായ സ്രോതസ്സില്ലാത്തതുകൊണ്ട് അവര്‍ ഞങ്ങളെ അടിച്ചമര്‍ത്തുകയാണ്. ഓരോ ദിസവും നമ്മുടെ ആള്‍ക്കാര്‍ യാതൊരു പരിഗണനയും ലഭിക്കാതെ അപ്രമാദിത്വത്തിന്റെയും വിവേചനത്തിന്റെയും ദുഷ്ഫലമനുഭവിക്കുകയാണ്. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ വീക്ഷണങ്ങളെ കുറിച്ച് പരിപൂര്‍ണമായ നിശബ്ദത പാലിക്കാന്‍ പത്രങ്ങള്‍ ആസൂത്രിതമായ ഒരു ഗൂഢാലോചന തന്നെ നടത്തിയിട്ടുണ്ട്.’ (അംബേദ്കര്‍ 1993)
അടിച്ചമര്‍ത്തപ്പെടുന്നവരെ കുറിച്ചുള്ള ഒരു വാര്‍ത്തയും പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ജാതി സംഘര്‍ഷങ്ങളെകുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും തീണ്ടിക്കൂടായ്മമൂലം അടിച്ചമര്‍ത്തപ്പടുന്നവനനുഭവിക്കുന്ന യാതനകളെ കുറിച്ചും സംസാരിക്കാന്‍ ഇന്ത്യന്‍ പത്രങ്ങള്‍ തയ്യാറെടുത്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ദിനവും ഓരോ ഗ്രാമങ്ങളിലും ഹിന്ദുക്കളും ദലിതരും തമ്മില്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നുവെന്ന് തന്റെ കൃതികളുടെ 17-മത്തെ വോളിയത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ ആര്‍ക്കുമറിഞ്ഞുകൂടാ. അവയില്‍ മാധ്യമങ്ങള്‍ ശ്രദ്ധകൊടുത്തിരുന്നുമില്ല.
മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെടുന്നവന് പ്രാതിനിധ്യം നല്‍കാതിരുന്നതെന്നും അദ്ദേഹം കണ്ടെത്തുന്നു. ‘അടിച്ചമര്‍ത്തപ്പെടുന്നവന് ഒരു മാധ്യമവുമില്ല. കോണ്‍ഗ്രസ് അനുകൂല മാധ്യമലോകം അവര്‍ക്കു മുന്നില്‍ വാതിലടച്ചിരിക്കുന്നു. അവര്‍ക്ക് ചെറിയൊരു പ്രസിദ്ധിപോലും നല്‍കരുതെന്ന് അത് തീരുമാനിച്ചുറച്ചുകഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് അവരുടേതായ ഒരു പത്രം നടത്താന്‍ കഴിയാത്തതിനും കാരണമുണ്ട്. പരസ്യവരുമാനമില്ലാതെ ഒരു പത്രത്തിനും അതിജീവിക്കാനാവില്ല.’ (അംബേദ്കര്‍ 1993)
അംബേദ്കറിന്റെ അഭിപ്രായത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാത്തതിനു കാരണം അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് പത്രങ്ങളില്‍ ആവശ്യത്തിന് ആള്‍ക്കാരില്ല എന്നതാണ്. വാര്‍ത്തകള്‍ നിശ്ചയിക്കുന്നതില്‍ പത്ര ഉടമകള്‍ക്കുള്ള പങ്കും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പത്രത്തിന്റെ വീക്ഷണം, ലക്ഷ്യം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം എന്നിവ രൂപീകരിക്കുന്നതില്‍ ഉടമകള്‍ക്കുള്ള പങ്കും അദ്ദേഹത്തിനറിയാമായിരുന്നു.

അംബേദ്കറിന്റെ അഭിപ്രായത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവന്റെ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാത്തതിനു കാരണം അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഭാഗത്ത് നിന്ന് പത്രങ്ങളില്‍ ആവശ്യത്തിന് ആള്‍ക്കാരില്ല എന്നതാണ്.


മാധ്യമങ്ങളിലെ വിവേചനങ്ങളുടെ മറ്റൊരു കാരണം അവിടെ നിലനില്‍ക്കുന്ന ഉന്നത ജാതി കോയ്മയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം പറയുന്നു; ഇന്ത്യയിലെ മുഖ്യ വാര്‍ത്താ വിതരണ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയില്‍ ഭൂരിപക്ഷവും മദ്രാസ് ബ്രാഹ്മണാരായിരുന്നു.  പ്രസ് മൊത്തം അവരുടെ കൈവശമായിരുന്നു. അവരാകട്ടെ കോണ്‍ഗ്രസ് അനുകൂലികളായതുകൊണ്ടുതന്നെ കോണ്‍ഗ്രസ് വിരുദ്ധമായ ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കുന്നതിന് അനുവദിച്ചിരുന്നില്ല. തൊട്ടുകൂടാത്തവന്റെ മേലുള്ള നിയന്ത്രണത്തിന്റെ കാരണം ഇതാണ്. (അംബേദ്കര്‍ 1993).

ഉപസംഹാരം

അടിച്ചമര്‍ത്തപ്പെടുന്നവനെ കുറിച്ചുള്ള വാര്‍ത്തകളും ജനങ്ങള്‍ക്കുവേണ്ടി പോരാടിയിട്ടുള്ള നേതാക്കന്‍മാരെ കുറിച്ചുള്ള വാര്‍ത്തകളും അന്നത്തെ പത്രങ്ങല്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടലും അടിച്ചമര്‍ഡത്തലും ഏറ്റുവാങ്ങിയ അടിച്ചമര്‍ത്തപ്പെടുന്നവന്‍ അതേകാര്യങ്ങള്‍ മാധ്യമലോകത്തു നിന്നു കൂടി ഏറ്റു വാങ്ങിയിരുന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെ പോരാടിയ അംബേദ്കറെ ഇന്ത്യന്‍ സമൂഹത്തിനെതിരായ ഭീമാസുരന്‍ എന്നു ചിത്രീകരിച്ചു. അദ്ദേഹത്തെകുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മാറ്റിവെച്ചിരുന്ന സ്ഥലം പിരിമിതമായിരുന്നെന്നു മാത്രമല്ല, അവയുടെ ഭാഷ മോശവും പ്രതിലോമപരവുമായരുന്നു.
മാര്‍ക്‌സ്യന്‍ മാധ്യമ വിശകലനപ്രകാരം മാധ്യമ സ്ഥാപനങ്ങള്‍ അധികാര ഘടനയില്‍ തളയ്ക്കപ്പെട്ടതാണ്. സ്വാഭാവികമായും സമൂഹത്തിലെ ആധിപത്യ സ്ഥാപനങ്ങളുമായി അത് ചേര്‍ന്നുനില്‍ക്കുന്നു. അതുകൊണ്ട് തന്നെ ആ ആധിപത്യ സ്ഥാപനത്തിന്റെ നിലപാടുകളെ പുനരുല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. അതും സമൂഹത്തിലെ വിവിധ വീക്ഷണങ്ങളില്‍ ഒന്നെന്ന രൂപത്തിലല്ല, മറിച്ച് കേന്ദ്രം, ‘വ്യക്തമായ’, ‘സ്വാഭാവികമായ’ വീക്ഷണമെന്ന നിലയ്ക്ക്.  (കുറാനും സംഘവും 1982). ഇന്ത്യന്‍ പത്രങ്ങള്‍ ജാതി ഹിന്ദുക്കളുടെ വീക്ഷണങ്ങളാണ് പുനരുല്‍പാദിപ്പിച്ചുകൊണ്ടിരുന്നത്. അവര്‍ ജാതിഘടനയിലാണ് തളച്ചിടപ്പെട്ടത്.
 
ഹിന്ദു സമൂഹത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളായ അടിച്ചമര്‍ത്തപ്പെടുന്ന ജനതയെ ഇന്ത്യന്‍ മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം മാത്രമായിരുന്നു. കോണ്‍ഗ്രസിനെ മാത്രമേ സ്വാതന്ത്ര്യ സമരവുമായി അത് കണ്ണിചേര്‍ത്തിരുന്നുള്ളു. അതുകൊണ്ട് തന്നെ അതിനു മാത്രമേ പ്രാധാന്യം നല്‍കിയിരുന്നുള്ളു. അടിച്ചമര്‍ത്തപ്പെടുന്നവന്റെ ജീവിത നിലവാരത്തെക്കുറിച്ച് അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവന്റെ മേല്‍ നിഷ്ഠൂരമായി അടിച്ചേല്‍പ്പിച്ച തൊട്ടുകൂടായ്മയെ കുറിച്ച് അവര്‍ക്ക് താല്‍പ്പര്യമുണ്ടയിരുന്നില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്ന അംബേദ്കറിലും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

മാധ്യമങ്ങളുടെ സാമൂഹിക സംവിധാനവും അംബേദ്കറുടെ കാലത്തില്‍ നിന്നും വ്യത്യാസമില്ലാതെ തുടരുന്നു. സി.എസ്.ഡി.എസ്-ലെ യോഗേന്ദ്ര യാദവും അനില്‍ ചമാരിയയും ജിതേന്ദ്ര കുമാറും ഒരുമിച്ച് നടത്തിയ സര്‍വേ പറയുന്നത് ദേശീയ മാധ്യമങ്ങള്‍ സാമൂഹ്യവൈവിധ്യങ്ങളെ അവഗണിക്കുന്നുവെന്നും അതൊരിക്കലും രാജ്യത്തിന്റെ വ്യക്തമായ രൂപത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നുമാണ്. തീരുമാനമെടുക്കുന്നവരുടെ ഇടയില്‍ ദലിതരും ആദിവാസികളുമായിട്ടുള്ളവര്‍ ഇല്ലെന്നത് സ്പഷ്ടമാണെന്നും പഠനം ചൂണ്ടക്കാട്ടുന്നു. 315 തീരുമാനമെടുക്കുന്നവരില്‍ ഒരാള്‍ പോലും പട്ടിക ജാതി പട്ടിക വിഭാഗത്തില്‍ പെടുന്നവരല്ല.

(മിസ്സോറാം സര്‍വ്വകലാശാലയിലെ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസ്സിസ്റ്റന്റ് പ്രഫസറാണ് ലേഖിക)
കടപ്പാട്: countercurrents.org

അവലംബം
SAGE Publications has published a book titled ‘Practising Journalism – Values, Constraints, Implications’. (2005) , Quoted by Punitha pandian
B.R. Ambedkar, ‘Plea to the Foreigner‘ from ‘What Congress and Gandhi have done to the Untouchables.
Babasaheb Dr. Ambedkar’s Book collection: Volume 17, 1993, Government of India.
Babasaheb Dr. Ambedkar’s Book collection: Volume 2, 1993, Government of India.
Curran, James, Michael Gurevitch & Janet Woollacott (1982): ‘The study of the media: theoretical approaches’. In Gurevitch et al. (Eds.), op. cit. [very useful]
Jeganathan. A., Probing into Double vote system, 2006, Kavin friends, Madurai.
Jyoti Punwani, 2006 Khairlanji and the English press: Online: www.thehoot.org, 2006, Available From: (http://www.thehoot.org/story.asp?storyid=Web5917613135Hoot124952%20AM2424&pn=1 [Accessed in November 2006]
KANCHA ILAIAH, 2000 If Laxman plays Hanuman Available From: Ihttp://www.sabrang.com/cc/comold/sep00/cover3.htm [Accessed in December 2006]
Keer , Dhananjay (1954) Dr.Ambedkar Life and Mission, Popular Prakashan Private limited, Mumbai.
Mazumdar, Aurobindo (1993) Indian press and Freedom struggle 1937-42, Orient Longman limited, Calcutta, pp117
Narayan, B. (2005) DomiNation: How the Fragments Imagine the Nation: Perspectives from Some North Indian Villages, Dialectical Anthropology (2005) 29:123–140 : Springer
Partition Politics and Achhut Identity: A Study of the Scheduled Castes Federation and Dalit Politics in U.P., 1946-48. Ramnarayan Singh Rawat??’This is 1946, not 1932′.
Sainath (2006) The fear of democracy of the privileged http://www.hindu.com/2006/12/08/stories/2006120804231000. accessed on
The editorial published in Samathuvam – jpUe;Jkh? Quoted in the book Dalits printing initiatives in the twentieth century, Stalin Rajangam PP 31-32
Venkatesh, (2006) Letters to the editor, The Hindu, accessed on 12 November, 2007, Available at http://www.hindu.com/2006/12/09/stories/2006120908301000.htm
Wilson, C. & Gutierrez, F (1985) Minorities and Media. Beverly Hill: Sage Publications.
Ratna Mala is Assistant Professor, Department of Mass Communication, at Mizoram University.



Plea to the Foreigner Dr BR Ambedkar Books