വൃന്ദാ കാരാട്ടും ഇടതുബുദ്ധിജീവികളില്‍ ചിലരും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ട ഐ.ബി. റിപ്പോര്‍ടിന്റെ യഥാര്‍ഥ താത്പര്യം ചൂണ്ടിക്കാട്ടിയിട്ടും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ മുഖപത്രം റിപ്പോര്‍ടിനെ മുഖവിലയ്‌ക്കെടുത്തത് വലതുനേതൃത്വത്തിന്റെ പാര്‍ട്ടിയിലുള്ള അപ്രമാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്. വി.കെ. ബാബു എഴുതുന്നു.
ഒപ്പിനിയന്‍ | വി.കെ. ബാബു
'സമസ്ത വികസന പ്രവര്‍ത്തനങ്ങളേയും മരവിപ്പിച്ചു നിര്‍ത്തി രാജ്യത്തെ പിന്നോക്കാവസ്ഥയില്‍ എന്നന്നേക്കുമായി തളച്ചിടാന്‍ വിദേശത്തുനിന്ന് അച്ചാരം വാങ്ങി കേരളത്തിലടക്കം ചില പരിസ്ഥിതി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഐ.ബി. റിപ്പോര്‍ട്.' പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് എഴുതപ്പെട്ട ഒരു എഡിറ്റോറിയലിലെ ദേശസ്‌നേഹം തുളുമ്പുന്ന വാക്യങ്ങളാണിത്. എഡിറ്റോറിയല്‍ ജന്മഭൂമി പത്രത്തിലോ കേസരിയിലോ പ്രത്യക്ഷപ്പെട്ടതല്ല. 'പരിസ്ഥിതി സംരക്ഷണവും വികസനവും' എന്ന തലവാചകത്തില്‍ ദേശാഭിമാനം വിജൃംഭിതമായത് 26.05.2014 ലെ ദേശാഭിമാനിയിലാണ്.
'പരിസ്ഥിതിയുടെ പേരുപറഞ്ഞ് ഏതു വികസനപദ്ധതിയും മുടക്കാന്‍ സമൂഹത്തില്‍ ഇടപെടുന്ന ചിലര്‍ ഉണ്ടോ എന്ന സംശയം കേരളത്തില്‍ നേരത്തെ തന്നെ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പതാകയുമായി നടക്കുന്ന ചില വ്യാജ സംഘടനകള്‍ക്കും കപട വ്യക്തിത്വങ്ങള്‍ക്കും വിദേശഫണ്ട് ലഭിക്കുന്നതായുള്ള സൂചനകളും നേരത്തെ തന്നെ വന്നിരുന്നു. അങ്ങനെയുള്ള സംഘടനകള്‍ ഉണ്ട് എന്നത് ഐ.ബി. റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.' എഡിറ്റോറിയല്‍ കത്തിക്കയറുന്നത് ഇങ്ങനെ.
കേന്ദ്രത്തിലെ സംഘപരിവാര്‍ ഭരണകൂടം സ്ഥാപിത താല്‍പര്യത്തോടെ ലീക്ക് ചെയ്ത് പുറത്തുവിട്ട ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടാണ് തൊഴിലാളിവര്‍ഗ ജിഹ്വ നല്ല അവസരം എന്ന നിലയില്‍ പരിഗണിച്ച് ഇഷ്ടമില്ലാത്തവരെയെല്ലാം അടിക്കാനുള്ള വ്യവസ്ഥാപിതത്വത്തിന്റെ വടിയാക്കി ഉപയോഗിച്ചിരിക്കുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയും കൂടംകുളം ആണവനിലയത്തിന്റേയും ഒക്കെ കാര്യത്തിലെന്നപോലെ സി പി ഐ എം നിക്ഷിപ്തതാത്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കും ഒപ്പം ആണെന്ന് അടിവരയിടുന്നുണ്ട് എഡിറ്റോറിയല്‍.
എഡിറ്റോറിയലിലാകട്ടെ ഈ റിപ്പോര്‍ട് ചോര്‍ന്നുകിട്ടിയതിനെപ്പറ്റിയോ ഭരണകൂടം ചോര്‍ത്തിക്കൊടുത്തത് ആകാനുള്ള സാധ്യതയെപ്പറ്റിയോ ഒരക്ഷരവും ഇല്ല. നിരുപദ്രകരമായ ഒരു കാര്യം എന്ന നിലയിലാണ് പത്രം ഇതിനെ കാണുന്നത്. സര്‍ക്കാറിന്റെ തന്ത്രങ്ങളെക്കുറിച്ച് സാധാരണയായി വാചാലമാകുന്ന പത്രം ഇക്കാര്യത്തില്‍ വ്യവസ്ഥാപിത വ്യാഖ്യാനങ്ങളെ പൂര്‍ണ്ണവിശ്വാസത്തിലെടുക്കുകയാണ് ചെയ്യുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റേയും കൂടംകുളം ആണവനിലയത്തിന്റേയും ഒക്കെ കാര്യത്തിലെന്നപോലെ സി പി ഐ എം നിക്ഷിപ്തതാത്പര്യങ്ങള്‍ക്കും കോര്‍പ്പറേറ്റ് അജണ്ടകള്‍ക്കും ഒപ്പം ആണെന്ന് അടിവരയിടുന്നുണ്ട് എഡിറ്റോറിയല്‍. എതിര്‍പ്പുകളെ ഇല്ലാതാക്കി ആഗോളധനകാര്യസ്ഥാപനങ്ങള്‍ക്ക് നമ്മുടെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ പശ്ചാത്തലമൊരുക്കുന്നതിന്റെ മുന്നോടിയാണ് ഐ.ബി. റിപ്പോര്‍ട്ടെന്ന് ഇടതുപക്ഷമനോഭാവമുള്ളവര്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ വിഷമമില്ലെന്നിരിക്കെയാണ് ദേശാഭിമാനി നഗ്‌നമായി വേട്ടക്കാര്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ടിനെതിരെ എല്ലാ ബ്രാന്‍ഡിലുമുള്ള നിക്ഷിപ്ത താത്പര്യക്കാരെ സമാഹരിക്കുന്നതില്‍ നിസ്തുലമായി പ്രവര്‍ത്തിച്ച സി.പി.ഐ.എം നിലപാട് കൂടുതല്‍ തെളിമയോടെ വ്യക്തമാക്കിയിരിക്കുകയാണ് ഇതിലൂടെ.
തൂക്കമൊപ്പിക്കാന്‍ പരിസ്ഥിതി സംഘടനകളില്‍ ചില നല്ല സംഘടനകളുണ്ട് എന്നെല്ലാം തട്ടിയിട്ടുണ്ട് എഡിറ്റോറിയലില്‍. വൃന്ദാ കാരാട്ടും ഇടതുബുദ്ധിജീവികളില്‍ ചിലരും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ട ഐ.ബി. റിപ്പോര്‍ടിന്റെ യഥാര്‍ഥ താത്പര്യം ചൂണ്ടിക്കാട്ടിയിട്ടും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ മുഖപത്രം റിപ്പോര്‍ടിനെ മുഖവിലയ്‌ക്കെടുത്തത് വലതുനേതൃത്വത്തിന്റെ പാര്‍ട്ടിയിലുള്ള അപ്രമാദിത്വത്തെയാണ് സൂചിപ്പിക്കുന്നത്.
വിദേശമൂലധന താത്പര്യത്താല്‍ പ്രേരിതമായ വികസനപദ്ധതികളുടെ ഇരകളാകുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകളെയാണ് ഐ.ബി. റിപ്പോര്‍ട്ട് ലക്ഷ്യം വെയ്ക്കുന്നത് എന്ന് വ്യക്തമായിരിക്കേ റിപ്പോര്‍ടിന്റെ ഗുണവും ദോഷവും കാണുന്നു എന്ന വ്യാജേന ദേശാഭിമാനി നടത്തുന്ന മൂലധനസേവ കാണാതെ പോകുമെന്ന മൗഢ്യം പത്രാധിപര്‍ക്കുണ്ടാകാം. വിപരീതസ്വരങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് അജണ്ടകള്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രം മനസ്സിലാകുന്ന 'ഇരവാദികള്‍' ഇത് പ്രത്യക്ഷപ്പെട്ടത് ദേശാഭിമാനിയില്‍ ആയതുകൊണ്ട് മൗനത്തിലുമാകും. അതുകൊണ്ടുമാത്രം ജനങ്ങളെ കബളിപ്പിക്കാനാകും എന്ന് വ്യാമോഹിക്കാന്‍ എഡിറ്റോറിയല്‍ രചയിതാവിനുള്ള സ്വാതന്ത്ര്യത്തെ വകവച്ചുകൊടുക്കാം.
രാജ്യത്തെ കോര്‍പ്പറേറ്റ് രാജിലേക്ക് നയിക്കാനുള്ള വെമ്പലില്‍, വര്‍ഷങ്ങളായി അനുമതിക്കായി കാത്തുകിടക്കുന്ന മെഗാ പ്രൊജക്ടുകള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള നിലമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു റിപ്പോര്‍ട് എന്ന് കാണാനുള്ള ഇടതുബോധം ഇല്ലാത്തവരാണോ ദേശാഭിമാനിയുടെ ചുമതലക്കാര്‍? പരിസിഥിതി/ദളിത്/ഭൂപ്രശ്‌നം തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളോട് സംവാദാത്മകമായ ബന്ധം കാത്തുസൂക്ഷിക്കേണ്ടവര്‍ ഭരണകൂടത്തിന്റെ ഭാഷ്യങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നതിലെ വലതുപക്ഷവല്‍കരണം ഭീതിപ്പെടുത്തുന്ന ഒന്നാണ്.പ്രതിരോധപ്രസ്ഥാനങ്ങളെ ഭരണകൂടത്തിന്റേയോ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റേയോ ഉപകരണങ്ങള്‍ ഉപയോഗ്ച്ച് നേരിടുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലാത്ത അവസ്ഥയില്‍ പാര്‍ട്ടി എത്തി എന്നാണ് ഇതു കാണിക്കുന്നത്.
വിവിധ ദല്ലാള്‍ സാമ്പത്തികശക്തികളുമായുള്ള ചങ്ങാത്തമായിരിക്കും പുരോഗമനസ്വഭാവമുള്ള സംഘടനകളുമായുണ്ടായിരുന്ന ബന്ധത്തേക്കാള്‍ ലാഭകരം എന്നു വലതുനേതൃത്വത്തിന് തോന്നുന്നുണ്ടാകണം. ഇതിനൊക്കെ പാര്‍ട്ടി പരിപാടി ഉദ്ധരിച്ച് സാധൂകരണം നല്‍കാനും കഴിയും. വന്‍കിടബൂര്‍ഷ്വാ വിഭാഗമൊഴിച്ച് മറ്റെല്ലാവരും ജനകീയജനാധിപത്യമുന്നണിയിലേയ്ക്ക് വരേണ്ടവരാണ് എന്ന് അതില്‍ എഴുതിവച്ചിട്ടുണ്ടല്ലോ.
കൊച്ചി തൃശ്ശൂര്‍ കേന്ദ്രമാക്കി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന ഒരാളെക്കുറിച്ച് ഉദാഹരിക്കുന്നുണ്ട് കപട പരിസ്ഥിതി പ്രവര്‍ത്തനത്തെ ചൂണ്ടിക്കാനെന്നവണ്ണം ഇതില്‍. എന്നാല്‍ ആളുടെ പേര് പറയാനുള്ള ആര്‍ജവം കാട്ടുന്നില്ല.തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് നിലപാടുകള്‍ എടുക്കാത്ത അഭ്യുദയകാംക്ഷികളായ സംഘടനകളെപ്പോലും ഭരണവര്‍ഗസേവയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ പാര്‍ട്ടിയ്ക്കു മടിയില്ല. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് പോലും ദേശാഭിമാനിയുടെ എഡിറ്റോറിയലിനെ വിമര്‍ശിക്കേണ്ടിവന്നു.
വിവിധ ദല്ലാള്‍ സാമ്പത്തികശക്തികളുമായുള്ള ചങ്ങാത്തമായിരിക്കും പുരോഗമനസ്വഭാവമുള്ള സംഘടനകളുമായുണ്ടായിരുന്ന ബന്ധത്തേക്കാള്‍ ലാഭകരം എന്നു വലതുനേതൃത്വത്തിന് തോന്നുന്നുണ്ടാകണം. ഇതിനൊക്കെ പാര്‍ട്ടി പരിപാടി ഉദ്ധരിച്ച് സാധൂകരണം നല്‍കാനും കഴിയും. വന്‍കിടബൂര്‍ഷ്വാ വിഭാഗമൊഴിച്ച് മറ്റെല്ലാവരും ജനകീയജനാധിപത്യമുന്നണിയിലേയ്ക്ക് വരേണ്ടവരാണ് എന്ന് അതില്‍ എഴുതിവച്ചിട്ടുണ്ടല്ലോ. സൈദ്ധാന്തികമായും പ്രായോഗികമായും തൊഴിലാളിവര്‍ഗനേതൃത്വം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം അതു നടപ്പാക്കേണ്ടത് എന്നുകൂടി എഴുതിവച്ചിട്ടുണ്ടല്ലോ എന്ന് ചോദിക്കാന്‍ ആര്‍ക്കും ധൈര്യം ഉണ്ടാവില്ല എന്ന് നേതൃത്വത്തിന് തീര്‍ച്ചയുണ്ട്.
പരിസ്ഥിതി വിരുദ്ധവും ദളിത് വിരുദ്ധവും സ്ത്രീവിരുദ്ധവും ഒക്കെയായ വിജൃംഭിത ദേശീയബോധത്തെ കൂടെ നിര്‍ത്തിയായിരിക്കും സംഘപരിവാര്‍ ഭരണകൂടം കോര്‍പ്പറേറ്റ് അജണ്ടകളും ഫാഷിസ്റ്റ് അജണ്ടകളും നടപ്പാക്കുവാന്‍ പോകുന്നത് എന്നത് വ്യക്തമാണ്. എല്ലാ രാഷ്ട്രീയപ്പാര്‍ടികളിലും സംഘടനകളിലും സമാനബോധം അണികളില്‍ പകരാന്‍ നേതൃനിര തയ്യാറാകുന്നത് അവരുടെ ജോലി എളുപ്പമാക്കിത്തീര്‍ക്കും. മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തിന്റെ സര്‍ഗാത്മകപ്രയോഗങ്ങള്‍ക്ക് കെല്‍പ്പില്ലാതിരിക്കുകയും സംഘടനാസംവിധാനം എല്ലാറ്റിനും മുകളിലാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യവസ്ഥാപിതത്വത്തിന് കുടപിടിക്കുന്നതിലേയ്ക്കുമാത്രമേ ഏത് പാര്‍ടിയേയും നയിക്കുകയുള്ളൂ.സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കപ്പെടുക പ്രത്യക്ഷമായി സംഘപരിവാര്‍ പ്രത്യയശാസ്ത്രം സ്വാംശീകരിച്ചിട്ടുള്ള സംഘടനകളിലൂടെ മാത്രമായിരിക്കില്ല.മേലാള വര്‍ഗബോധവും വര്‍ണബോധവും ഉള്‍വഹിക്കുന്ന എല്ലാത്തരം പ്രസ്ഥാനങ്ങളിലൂടെയുമാവാം.
No comments:
Post a Comment