നാടുവാഴിത്തസമൂഹത്തിന്റെ ഉപരിഘടനയായി ജാതിയെ കാണുന്ന സമീപനമാണ് പല മാര്‍ക്‌സിസ്റ്റുകളും സ്വീകരിക്കുന്നത്. നാടുവാഴിത്തവ്യവസ്ഥയുടെ ആധിപത്യത്തില്‍ ഇടിവുകളുണ്ടായിട്ടുള്ള കേരളത്തില്‍ പോലും ജാതിവ്യവസ്ഥ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതും സമകാല അനുഭവമാണ്. നാടുവാഴിത്തവ്യവസ്ഥയ്ക്കു മുന്നേ തന്നെ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ നിലനിന്നിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു താനും. ജാതിയെ ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളോടു മാത്രമായി ചേര്‍ത്തുവച്ചു കാണുന്നതു മാത്രമല്ല പ്രശ്‌നം. ജാതിയെ ഉപരിഘടനയായി കാണുന്നതിനെ തന്നെ പ്രശ്‌നവല്ക്കരിക്കേണ്ടിയിരിക്കുന്നു. വി.വിജയകുമാര്‍ എഴുതുന്നു...
ഒപ്പിനിയന്‍ | വി.വിജയകുമാര്‍
ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായ ജാതിവ്യവസ്ഥയെ ശരിയായ രീതിയില്‍ സംബോധന ചെയ്യാന്‍ ഇന്നേ വരെയുള്ള മാര്‍ക്‌സിസ്റ്റുവിശകലനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു തീര്‍ച്ച! വ്യവസ്ഥാപിതമായ മാര്‍ക്‌സിസ്റ്റുനിലപാടുകളിലെ പരിമിതികളും ജാതിയുടേയും ജാതിവ്യവസ്ഥയുടേയും കീഴാളസമരങ്ങളുടേയും വിശകലനങ്ങളുമായി ബന്ധപ്പെട്ട് മുന്നോട്ടുവയ്ക്കപ്പെടുന്ന യാന്ത്രികസമീപനങ്ങളും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഈ സവിശേഷവ്യവഹാരത്തിന്റെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമിടയില്‍, പരസ്പരം സംവദിക്കാന്‍ വിസമ്മതിക്കുന്ന രീതിയില്‍ വഷളായ ബന്ധങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥയെ വര്‍ഗ്ഗവ്യവസ്ഥയുമായി ബന്ധിപ്പിക്കാനുതകുന്ന പ്രശ്‌നീകരണങ്ങളോടും സിദ്ധാന്തീകരണങ്ങളോടും കീഴാളചിന്തകര്‍ വിമനസ്‌ക്കരാകുന്നുവെന്ന വിമര്‍ശനം മാര്‍ക്‌സിസ്റ്റുകള്‍ ഉയര്‍ത്തുന്നു. ഒരുമിച്ചു നില്‌ക്കേണ്ട വിമോചനശക്തികളെ അകറ്റുകയും പ്രതിലോമശക്തികളെ സഹായിക്കുകയും ചെയ്യുന്ന ഈ അവസ്ഥ മാറ്റിത്തീര്‍ക്കപ്പെടേണ്ടതാണെന്ന് തുടക്കത്തിലേ പറയണം.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭവിഷ്യത്തുകളെ വിശകലനം ചെയ്യുന്ന കാള്‍ മാര്‍ക്‌സിന്റെ ലേഖനത്തില്‍ ജാതിവ്യവസ്ഥയെ കുറിച്ചു രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളാണ് പില്‍ക്കാലത്തെ മാര്‍ക്‌സിസ്റ്റു സിദ്ധാന്തീകരണങ്ങളുടെ മുഖ്യ അടിസ്ഥാനമായി നിന്നത്. മാര്‍ക്‌സ് എഴുതി: 'റെയില്‍വേയുടെ ഫലമായി ഉണ്ടാകാന്‍ പോകുന്ന ആധുനികവ്യവസായം ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്ക് അടിസ്ഥാനമായ പരമ്പരാഗത പ്രവൃത്തിവിഭജനത്തെ, ഇന്ത്യന്‍ പുരോഗതിയുടേയും ഇന്ത്യന്‍ സ്വാതന്ത്യത്തിന്റേയും മുന്നില്‍ കിടക്കുന്ന ആ വലിയ തടസ്സങ്ങളെ തട്ടിനീക്കും.'' സ്വയം വികസിക്കേണ്ട ഇന്ത്യയിലെ സാമൂഹികാവസ്ഥയെ ജാതിവ്യത്യാസങ്ങളും അടിമത്തവും മറ്റും ചേര്‍ന്ന് ഒരിക്കലും മാറ്റമില്ലാത്ത ഒരു സ്വാഭാവിക തലയിലെഴുത്താക്കി മാറ്റിയെന്ന്, മൃഗപ്രായമായ അവസ്ഥകളിലേക്കു നയിച്ചുവെന്ന് മറ്റൊരു ലേഖനത്തില്‍ മാര്‍ക്‌സ് എഴുതിയതിന്റെ തുടര്‍ച്ചയായി ഈ വാക്കുകളെ വായിക്കണം. മാര്‍ക്‌സിന്റെ ഇത്തരം നിരീക്ഷണങ്ങളെല്ലാം തന്നെ ഇന്ത്യയെ കുറിച്ച് അദ്ദേഹത്തിനു ലഭ്യമായിരുന്ന പരിമിതമായ അറിവുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളേയും സവിശേഷതകളേയും തൊട്ടടുത്തറിയാനുള്ള ഉപകരണങ്ങളൊന്നും മാര്‍ക്‌സിനു ലഭ്യമായിരുന്നില്ല. തനിക്കു ലഭിച്ച പരിമിതമായ വിവരങ്ങളുടെ അടിത്തറയില്‍, മാര്‍ക്‌സ് മുന്നോട്ടുവച്ച സാമാന്യനിരീക്ഷണങ്ങളെ പ്രസ്ഥാനത്തില്‍ മുന്‍കൈ നേടിയ സോവിയറ്റ് മാര്‍ക്‌സിസ്റ്റുകളുടെ നിലപാടുകളുടേയും സമീപനങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നതും സിദ്ധാന്തവല്‍ക്കരിക്കുന്നതുമാണ് പിന്നീടു നാം കാണുന്നത്.
നാടുവാഴിത്തസമൂഹത്തിന്റെ ഉപരിഘടനയായി ജാതിയെ കാണുന്ന സമീപനമാണ് പല മാര്‍ക്‌സിസ്റ്റുകളും സ്വീകരിക്കുന്നത്. നാടുവാഴിത്തവ്യവസ്ഥയുടെ ആധിപത്യത്തില്‍ ഇടിവുകളുണ്ടായിട്ടുള്ള കേരളത്തില്‍ പോലും ജാതിവ്യവസ്ഥ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതും സമകാല അനുഭവമാണ്. നാടുവാഴിത്തവ്യവസ്ഥയ്ക്കു മുന്നേ തന്നെ ജാതി-വര്‍ണ്ണവ്യവസ്ഥകള്‍ നിലനിന്നിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു താനും. ജാതിയെ ഫ്യൂഡല്‍ ഉല്പാദനബന്ധങ്ങളോടു മാത്രമായി ചേര്‍ത്തുവച്ചു കാണുന്നതു മാത്രമല്ല പ്രശ്‌നം. ജാതിയെ ഉപരിഘടനയായി കാണുന്നതിനെ തന്നെ പ്രശ്‌നവല്ക്കരിക്കേണ്ടിയിരിക്കുന്നു. ഉല്പാദനരീതിയോട് പ്രതിപ്രവര്‍ത്തിച്ചു കൊണ്ട് വര്‍ഗ്ഗങ്ങളെ തന്നെ രൂപപ്പെടുത്തുന്ന, ഉല്പാദനബന്ധങ്ങളെ തന്നെ മാറ്റിത്തീര്‍ക്കുന്ന ശക്തിയായി ജാതിവ്യവസ്ഥ പഴയകാലത്തു പ്രവര്‍ത്തിച്ചിട്ടുണ്ടാകണം. ജാതിവ്യവസ്ഥയുടെ അതിനിശിതമായ സ്വാധീനം ദളിതര്‍ക്കോ അടിസ്ഥാനജനവിഭാഗങ്ങള്‍ക്കോ മാത്രമല്ല, സമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗജനവിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും തന്നെ ഋണാത്മകമായ ഫലങ്ങളാണ് നല്കിയതെന്നും കാണണം. ഇന്ത്യയിലെ ശാസ്ത്രത്തിന്റെ തകര്‍ച്ചക്ക് ജാതിവ്യവസ്ഥ കാരണമായിരുന്നുവെന്ന് ഡോ: പി.സി.റേ കണ്ടെത്തുന്നുണ്ട്. കായികാദ്ധ്വാനം ആവശ്യമുളള ജോലികള്‍ ചെയ്യുന്ന സാങ്കേതികവിദഗ്ദ്ധരുടേയും കരകൗശലവിദഗ്ദ്ധരുടേയും മറ്റും സാമൂഹിക അന്തസ്സിന്റെ മേല്‍ ജാതിവ്യവസ്ഥ വലിയ തോതിലുളള പ്രഹരങ്ങളേല്പിച്ചിരുന്നു. കായികാദ്ധ്വാനത്തിന്റെ അന്തസ്സ് ഇടിഞ്ഞതും തൊഴിലുകള്‍ പാരമ്പര്യമനുസരിച്ച് ചെയ്യേണ്ടവയായി മാറിത്തീര്‍ന്നതും ബൗദ്ധികപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന സാമൂഹികവിഭാഗങ്ങളെ കായികാദ്ധ്വാനത്തിന്റെ മേഖലയില്‍ നിന്നും ഒഴിവാക്കുന്നതിലേക്കാണ് നയിച്ചത്. സുശ്രുതസംഹിത അനുസരിച്ച് മൃതശരീരത്തെ കീറിമുറിക്കുന്നതും ആന്തരികാവയവങ്ങളുടെ വിശദമായ നിരീക്ഷണങ്ങള്‍ നടത്തുന്നതും ഒരു ശസ്ത്രക്രിയാവിദ്യാര്‍ത്ഥിയുടെ പഠനത്തിന് അനുപേക്ഷണീയമായിരുന്നു.
വര്‍ഗ്ഗവ്യവസ്ഥയെ രൂപപ്പെടുത്താനുള്ള ജാതിവ്യവസ്ഥയുടെ ശേഷിയെ കാണാതിരിക്കുകയും സ്വേച്ഛാചലനങ്ങളില്ലാത്ത ഉപരിഘടനയായി അതിനെ കാണുകയും ചെയ്തുവെന്നതു മാത്രമല്ല, ഉപരിഘടനയെ കുറിച്ചുള്ള ഔദ്യോഗികമാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ തന്നെ അത്യന്തം യാന്ത്രികവും മാര്‍ക്‌സിസ്റ്റുവിരുദ്ധവുമായിരുന്നുവെന്നാണ് പറയേണ്ടത്.
ബുദ്ധിജീവിതത്തില്‍ ഇടപെടുന്ന ഉപരിവര്‍ഗങ്ങള്‍ക്ക് ശവശരീരത്തെ തൊടുന്നതും കീറിമുറിക്കുന്നതും ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ നിഷിദ്ധമായതോടെ, ശസ്ത്രക്രിയാശാസ്ത്രത്തിന്റെ രീതിശാസ്ത്രം തന്നെ നിരോധിക്കപ്പെടുകയായിരുന്നു. വാഗ്ഭടന്റെ കാലത്തിനു ശേഷം അനാട്ടമിയും സര്‍ജ്ജറിയും ഉപയോഗമില്ലാത്തവയായി തീര്‍ന്നുവെന്ന് പി.സി.റേ എഴുതുന്നു. മാനവികമൂല്യങ്ങള്‍ക്കെതിരായി മാത്രമല്ല, പുരോഗാമിയായ എല്ലാ മൂല്യങ്ങള്‍ക്കുമെതിരെയാണ് ജാതിവ്യവസ്ഥ നിലകൊള്ളുന്നതെന്നാണ് ഈ ചരിത്രം വെളിപ്പെടുത്തുന്നത്. ജാതിവ്യവസ്ഥ വര്‍ഗ്ഗവ്യവസ്ഥയേയും സാമൂഹികാവസ്ഥയേയും എങ്ങനെ സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നതിന് തെളിവായി പി.സി. റേയുടെ വിവരണങ്ങള്‍ മാറിത്തീരുന്നുമുണ്ട്. വര്‍ഗ്ഗവ്യവസ്ഥയെ തന്നെ രൂപപ്പെടുത്താന്‍ കഴിയുന്ന ജാതിവ്യവസ്ഥയെ വര്‍ഗ്ഗവ്യവസ്ഥയിലെ ഏകപക്ഷീയമായ മാറ്റങ്ങള്‍ കൊണ്ട്, അവ എത്ര വിപ്ലവകരമാണെങ്കില്‍ പോലും, ഇല്ലാതാക്കാന്‍ കഴിയുമെന്നു ശഠിക്കുന്നത് ആപത്ക്കരമായ അവിവേകമാണ്. പരസ്പരസ്വാധീനത്തിന്റേയും പരസ്പരപോഷണത്തിന്റേയും അതിസങ്കീര്‍ണ്ണമായ ബന്ധങ്ങളെ ലളിതസമവാക്യങ്ങളില്‍ എഴുതാനുള്ള ശ്രമം എതിര്‍ക്കപ്പെടേണ്ടതു തന്നെ! മാര്‍ക്‌സിസ്റ്റുകളുടെ അടിത്തറ - മേല്‍പ്പുര സിദ്ധാന്തത്തിന്റെ സര്‍ഗാത്മകശേഷിയെ ഉള്‍ക്കൊള്ളാനും ഉപയോഗപ്പെടുത്താനും അതിനെ യാന്ത്രികമായി വ്യാഖ്യാനിച്ചവര്‍ക്ക് കഴിയുകയുണ്ടായില്ല.
വര്‍ഗ്ഗവ്യവസ്ഥയെ രൂപപ്പെടുത്താനുള്ള ജാതിവ്യവസ്ഥയുടെ ശേഷിയെ കാണാതിരിക്കുകയും സ്വേച്ഛാചലനങ്ങളില്ലാത്ത ഉപരിഘടനയായി അതിനെ കാണുകയും ചെയ്തുവെന്നതു മാത്രമല്ല, ഉപരിഘടനയെ കുറിച്ചുള്ള ഔദ്യോഗികമാര്‍ക്‌സിസ്റ്റുകളുടെ ധാരണകള്‍ തന്നെ അത്യന്തം യാന്ത്രികവും മാര്‍ക്‌സിസ്റ്റുവിരുദ്ധവുമായിരുന്നുവെന്നാണ് പറയേണ്ടത്. ഉല്പാദനവ്യവസ്ഥയും സാമ്പത്തികഘടകങ്ങളും നിര്‍ണ്ണയിക്കുന്ന അടിത്തറയേയും അതിന്റെ കേവലമായ പ്രതിഫലനമായി ഉപരിഘടനയേയും കാണുന്ന അത്യന്തം ന്യൂനീകൃതവും യാന്ത്രികവുമായ സമീപനങ്ങളിലാണ് ഔദ്യാഗിക മാര്‍ക്‌സിസ്റ്റ് നേതൃത്വം നിലയുറപ്പിച്ചിരുന്നത്. ഭൗതികോല്പാദനത്തെ സവിശേഷമായ ചരിത്രയാഥാര്‍ത്ഥ്യം എന്ന നിലയ്ക്കു നോക്കിക്കാണണമെന്ന മാര്‍ക്‌സിന്റെ നിര്‍ദ്ദേശത്തെ ഉള്‍ക്കൊള്ളാന്‍ ശേഷിയില്ലാത്തിടത്തോളം സാമ്പത്തികനിര്‍ണ്ണയവാദത്തിലും ഏകപക്ഷീയതകളിലും അത് എത്തിപ്പെട്ടിരുന്നു. ഫ്രാന്‍സ് മെഹ്‌റിങിനും ജോസഫ് ബ്ലോഹിനും മറ്റും എഴുതിയ കത്തുകളില്‍, ഭൗതികവാദപരമായ ചരിത്രവീക്ഷണത്തില്‍ ഉല്പാദനത്തിനും പ്രത്യുല്പാദനത്തിനുമുള്ള നിര്‍ണ്ണായകസ്ഥാനങ്ങളെ കുറിച്ചു പറയുന്ന എംഗല്‍സ്, സാമ്പത്തികഘടകമാണ് ഏക നിര്‍ണ്ണായകഘടകമെന്നു പറയുന്നതിനെ അര്‍ത്ഥശൂന്യമെന്നു വിളിക്കുന്നതും ഉപരിഘടന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ അടിത്തറയെ മാറ്റിത്തീര്‍ക്കുന്നതിനെ കുറിച്ചു പറയുന്നതും കേള്‍ക്കാന്‍ കഴിയാത്തിടത്തോളം ഔദ്യാഗിക മാര്‍ക്‌സിസ്റ്റുകള്‍ ബധിരരായിരുന്നു.
ആധുനികവ്യവസായത്തിന്റെ വളര്‍ച്ചയും അത് കെട്ടഴിച്ചുവിട്ടേക്കാവുന്ന വര്‍ഗ്ഗസമരവും ജാതിവ്യവസ്ഥയ്ക്ക് വലിയ പ്രഹരങ്ങള്‍ ഏല്പിക്കുമെന്ന് മാര്‍ക്‌സ് പ്രതീക്ഷിച്ചിരുന്നു. ബ്രാഹ്മണന്റേയും ദളിതന്റേയും ശരീരങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം നിഷ്‌ക്കര്‍ഷിച്ചിരുന്ന ജാതിമൂല്യങ്ങളെ വിഗണിച്ച്, ദരിദ്രനായ ബ്രാഹ്മണനും ദളിതനും ഒരേ ബോഗിയിലെ ഇരിപ്പിടത്തിലെ യാത്രക്കാരാക്കി മാറ്റാന്‍ (വരേണ്യവല്ക്കരണം ഇതരരൂപങ്ങളില്‍ സ്ഥാപിച്ചുകൊണ്ടു തന്നെ)ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളിലൊന്നായി വികസിച്ച ഇന്ത്യന്‍ റെയില്‍വേക്കു കഴിഞ്ഞെങ്കിലും ജാതിവ്യവസ്ഥയുടെ മൂല്യവ്യവസ്ഥ ഏറെയൊന്നും ചോദ്യം ചെയ്യപ്പെടാതെ ഇന്ത്യന്‍ മനസ്സുകളില്‍ ഇപ്പോഴും നിലനില്ക്കുന്നു. ബ്രിട്ടീഷുകാരാണ് നമുക്കു സന്യാസം നല്കിയതെന്ന ശ്രീനാരായണന്റെ വാക്കുകളില്‍ യാഥാര്‍ത്ഥ്യത്തിന്റെ മൂലകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിന്നപ്പുറം ഇന്ത്യയില്‍ തങ്ങള്‍ സ്ഥാപിച്ച ഭരണയന്ത്രത്തോടും ചൂഷണയന്ത്രത്തോടും ജാതിയന്ത്രത്തെ സമര്‍ത്ഥമായി കൂട്ടിച്ചേര്‍ക്കുകയാണ് അധിനിവേശശക്തികള്‍ ചെയ്തത്. മുതലാളിത്തത്തിന്റെ സാമൂഹികപരിവര്‍ത്തനശേഷികളിലുപരിയായി അധിനിവേശതാല്പര്യങ്ങളാണ് ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണത്തില്‍ പ്രവര്‍ത്തനസജ്ജമായിരുന്നത്. ഇംഗ്ലണ്ടിലെ പ്രഭുത്വത്തോട് ബ്രിട്ടീഷ് മുതലാളിത്തം സ്വീകരിച്ച സമീപനത്തില്‍ നിന്നും വളരെ വ്യത്യസ്തമായ സമീപനമാണ് ഇന്ത്യയിലെ ഭൂപ്രഭുത്വത്തോടും നാടുവാഴിത്തത്തോടും അതു സ്വീകരിച്ചത്. ഇന്ത്യയിലെ നാടുവാഴിത്തത്തിന്റെ പ്രതിലോമമൂല്യങ്ങളോട് ബ്രിട്ടീഷ് കൊളോണിയലിസം സന്ധിയിലാകുകയും അതിനെ സ്വന്തം താല്പര്യങ്ങള്‍ക്കനുസൃതമായി ഉപയോഗിക്കുകയും ചെയ്തു. ബ്രിട്ടനിലെ പ്രഭുക്കന്മാരുടെ അഭിജാത അവകാശങ്ങള്‍ക്കെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടുചെയ്ത അതേ ആളുകള്‍ തന്നെ, തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങള്‍ക്കുവേണ്ടിയുളള ഒരു നയത്തിന്റെ ഭാഗമെന്ന നിലയില്‍, അതിനേക്കാള്‍ മോശമായ ഇന്ത്യയിലെ പ്രഭുക്കന്മാരേയും രാജാക്കന്മാരേയും നിലനിര്‍ത്തുന്നതിനുവേണ്ടി വോട്ടുചെയ്ത കാര്യം മാര്‍ക്‌സ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, കൊളോണിയലിസത്തെ 'രക്തമൂറ്റുന്ന പ്രക്രിയ'' എന്നു വിളിച്ചു വിമര്‍ശിക്കുമ്പോഴും മുതലാളിത്തത്തെ കൊളോണിയലിസവുമായി ബന്ധിപ്പിക്കുന്ന വലിയ വിശകലനങ്ങള്‍ മാര്‍ക്‌സില്‍ നിന്നും ഉണ്ടായില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് കൊളോണിയലിസത്തെ മുതലാളിത്തവുമായി ബന്ധിപ്പിക്കുന്ന സിദ്ധാന്തീകരണങ്ങളിലേക്ക് മാര്‍ക്‌സ് നീങ്ങിയിരുന്നുവെങ്കില്‍ ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹത്തിനു മുഴുകേണ്ടി വരുമായിരുന്നു!
ഉല്പാദനവ്യവസ്ഥയുമായി ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെടുന്നത് തൊഴില്‍വിഭജനത്തിലൂടെയാണ്. ഒരേ ജാതിയില്‍ പിറന്നവര്‍ ഒരേ തൊഴിലുകള്‍ ചെയ്യണം. നിലം ഉഴുകേണ്ടവര്‍, കൊട്ടയും പനമ്പും നെയ്യേണ്ടവര്‍, ലോഹപ്പണി ചെയ്യേണ്ടവര്‍, ക്ഷേത്രങ്ങളില്‍ പൂജ നടത്തേണ്ടവര്‍, തോട്ടിപ്പണി ചെയ്യേണ്ടവര്‍... എല്ലാം നിശിതമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് വിലക്കപ്പെടുന്നു. ജാതികള്‍ തൊഴിലുകളുടെ പേരില്‍ അറിയപ്പെടുന്ന സ്ഥിതി തന്നെ ഇതു സൃഷ്ടിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ജാതികള്‍ക്കിടയില്‍ തൊഴില്‍ വിഭജനത്തിലൂടെ ശ്രേണീബന്ധങ്ങള്‍ ഉറപ്പിക്കപ്പെടുന്നുമുണ്ട്.
ഉല്പാദനവ്യവസ്ഥയുമായി ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെടുന്നത് തൊഴില്‍വിഭജനത്തിലൂടെയാണ്. ഒരേ ജാതിയില്‍ പിറന്നവര്‍ ഒരേ തൊഴിലുകള്‍ ചെയ്യണം. നിലം ഉഴുകേണ്ടവര്‍, കൊട്ടയും പനമ്പും നെയ്യേണ്ടവര്‍, ലോഹപ്പണി ചെയ്യേണ്ടവര്‍, ക്ഷേത്രങ്ങളില്‍ പൂജ നടത്തേണ്ടവര്‍, തോട്ടിപ്പണി ചെയ്യേണ്ടവര്‍... എല്ലാം നിശിതമായി നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നു. അവര്‍ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് വിലക്കപ്പെടുന്നു. ജാതികള്‍ തൊഴിലുകളുടെ പേരില്‍ അറിയപ്പെടുന്ന സ്ഥിതി തന്നെ ഇതു സൃഷ്ടിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത ജാതികള്‍ക്കിടയില്‍ തൊഴില്‍ വിഭജനത്തിലൂടെ ശ്രേണീബന്ധങ്ങള്‍ ഉറപ്പിക്കപ്പെടുന്നുമുണ്ട്. പരമ്പരാഗതമായി കൈമാറപ്പെടുന്ന വിശ്വാസങ്ങളിലൂടെ, മിത്തുകളിലൂടെ, കല്പിതകഥകളിലൂടെ ജാതിവ്യവസ്ഥയ്ക്കുള്ള ന്യായീകരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സാമൂഹികവ്യവസ്ഥയുടെ എല്ലാ ഘടകങ്ങളുമായും ജാതിവ്യവസ്ഥ ഉദ്ഗ്രഥിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ജഡീകൃതവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയായി ഇതിനെ വ്യാഖ്യാനിക്കരുത്. സ്ഥായിയായ ചില ഘടകങ്ങള്‍ ഉണ്ടെന്നതില്‍ സന്ദേഹങ്ങള്‍ വേണ്ട. പരിണമിക്കുകയും പരിവര്‍ത്തിക്കുകയും ചെയ്യുന്ന ഘടകങ്ങളുമുണ്ടായിരുന്നു.
സവിശേഷമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ നേരിടേണ്ട പ്രശ്‌നമായി ജാതി മാറിത്തീരുന്നതെങ്ങനെയെന്ന് അതിന്റെ സങ്കീര്‍ണ്ണതകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. മുതലാളിത്തത്തിന്റെ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയും. സോഷ്യലിസ്റ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കുറെയേറെ ചെയ്യാന്‍ കഴിയും. എന്നാല്‍, ഈ സവിശേഷപ്രശ്‌നത്തിന്റെ നിര്‍ദ്ധാരണത്തിന് അതിന്റെ മൂല്യവ്യവസ്ഥയെ വെല്ലുവിളിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്ന സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ട്. ഏറ്റവും ആഴത്തിലും പരപ്പിലും ഈ ബോധത്തെ ഉള്‍ക്കൊണ്ട മലയാളികള്‍ ശ്രീനാരായണനും അയ്യങ്കാളിയുമായിരുന്നു. പൊതുവിടങ്ങള്‍ സൃഷ്ടിക്കാനുള്ള അയ്യങ്കാളിയുടെ പരിശ്രമങ്ങള്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഇളക്കാന്‍ പോന്നതായിരുന്നു. വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍ മുതല്‍ ഭൂമിക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള സമരങ്ങള്‍ വരെ അയ്യങ്കാളിയുടെ പ്രസ്ഥാനം ഉണര്‍ത്തിയെടുക്കുന്നുണ്ട്. എല്ലാ സമരമാര്‍ഗ്ഗങ്ങളിലൂടെയും ജാതിവ്യവസ്ഥയുടെ മൂല്യമണ്ഡലത്തെ അട്ടിമറിക്കാന്‍ ശ്രീനാരായണന്‍ ശ്രമിക്കുന്നു. വേദാന്തം മുതല്‍ യൂറോപ്യന്‍ നവോത്ഥാനചിന്തകള്‍ വരെ ഈ ശ്രമത്തിനുള്ള ഉപകരണങ്ങളായി ഗുരുവിന്റെ കൈകളില്‍ മാറിത്തീരുന്നതു നാം കാണുന്നു. 'പുണര്‍ന്നു പെറുമെല്ലാമൊരിനമാം' എന്ന് ഒരു ജീവശാസ്ത്രജ്ഞനെയെന്ന പോലെ ജാതിയെ നിര്‍വ്വചിക്കുകയും 'നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം'' എന്നു പ്രഖ്യാപിക്കുകയും ചെയ്ത ഗുരു, ജാതിവ്യവസ്ഥയുടെ അടിസ്ഥാനങ്ങളെ തന്നെയാണ് ചോദ്യം ചെയ്തത്. ബ്രാഹ്മണര്‍ക്കു മാത്രം അനുവദനീയമായിരുന്ന കാര്യങ്ങള്‍ കീഴ്ജാതിയിലുള്ളവര്‍ക്കും അപ്രാപ്യമല്ലെന്നു തെളിയിക്കുകയാണ് അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ഗുരു ചെയ്തത്. വിദ്യാഭ്യാസത്തിനും വ്യവസായത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളും സന്യാസവും പന്തിഭോജനവുമെല്ലാം ജാതിവ്യവസ്ഥക്കെതിരെ ശ്രീനാരായണന്‍ നടത്തിയ സവിശേഷമായ സമരങ്ങളായിരുന്നു. കേരളത്തിന്റെ പിന്നീടുള്ള ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍ അയ്യങ്കാളിയുടേയും ഗുരുവിന്റേയും നവോത്ഥാനപ്രസ്ഥാനങ്ങള്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. എന്നാല്‍, ഇത്തരം സവിശേഷപ്രവര്‍ത്തനങ്ങള്‍ അന്യം നിന്നു പോകുകയും 1959ലെ കുപ്രസിദ്ധമായ വിമോചനസമരത്തോടെ ജാതിമതശക്തികള്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരികയും അവ രാഷ്ട്രീയസമ്മര്‍ദ്ദഗ്രൂപ്പുകളായും വോട്ടുബാങ്കുകളായും പരിണമിക്കുകയും ചെയ്തതോടെ, ഒരു കാലത്ത് കേരളസമൂഹം അടക്കിയ ജാതിപ്രേതങ്ങള്‍ കുഴിയില്‍ നിന്നും എഴുന്നേറ്റു വരുന്ന പ്രതിലോമസന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കപ്പെടുകയായിരുന്നു. കേരളീയസമൂഹത്തിന്റെ ഈ തിരിച്ചു പോക്കു തന്നെ ജാതിപ്രശ്‌നം സവിശേഷമായ നിര്‍ദ്ധാരണങ്ങളെ ആവശ്യപ്പെടുന്നുവെന്നതിന്റെ തെളിവായി മാറിത്തീര്‍ന്നിട്ടുമുണ്ട്.
ജാതിപ്രശ്‌നത്തെ ശരിയായ രൂപത്തില്‍ അഭിസംബോധന ചെയ്യുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ കാര്യം ദലിത് സംഘടനകളുടെ ഐക്യമാണ്. ഏറെ വിഭജിതവും ശകലിതവുമായ ജാതിസ്വത്വങ്ങളിലെ വൈരുദ്ധ്യങ്ങളെ മൂര്‍ച്ഛിപ്പിക്കുന്ന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിച്ചു കൊണ്ട് ജാതിപ്രശ്‌നത്തെ പരിഹരിക്കാനേ കഴിയില്ല.
പ്രാന്തവല്‍ക്കൃതരുടെ പ്രശ്‌നങ്ങളെ സവിശേഷമായി ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഉത്തരാധുനികവ്യവഹാരങ്ങള്‍ സഹായകമായെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, കേവലമായി സ്വത്വവാദത്തില്‍ അഭിരമിക്കുന്ന ചില ഉത്തരാധുനികസമീപനങ്ങള്‍ പലപ്പോഴും ഈ വ്യവഹാരങ്ങളില്‍ മുന്നില്‍ നില്ക്കുന്നതു കാണാം. ശകലീകരണങ്ങളേയും വിഭാഗീയതയേയും പ്രോത്സാഹിപ്പിക്കുകയും യോജിച്ചു നില്‌ക്കേണ്ട ശക്തികളെ അകറ്റുകയും ചെയ്യുന്ന ഫലങ്ങളാണ് ഇതു നല്കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതിനു പകരം അധീശത്വവുമായി സമവായത്തിലെത്തുന്ന, സ്വയം വഞ്ചിക്കുന്ന സമീപനങ്ങളില്‍ ഇത് എത്തിച്ചേരാം.
മാര്‍ക്‌സിസ്റ്റുകളുടെ പ്രായോഗികപ്രവര്‍ത്തനങ്ങളില്‍ ജാതിവ്യവസ്ഥക്കെതിരായ, സാമൂഹികനീതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ എങ്ങനെയാണ് കണ്ണിചേര്‍ക്കപ്പെടേണ്ടത് എന്നത് വളരെ പ്രധാനമായ കാര്യമാണ്. ജാതിപ്രശ്‌നത്തെ സവിശേഷമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് ഉറപ്പിക്കപ്പെടുന്നത് സത്താവാദപരമായ സമീപനങ്ങളില്‍ നിന്നും വിമുക്തി നേടുന്നതിന്റെ ആദ്യപടിയാണ്. ജാതിപ്രശ്‌നമെന്ന പോലെ സ്ത്രീ, പരിസ്ഥിതി എന്നിങ്ങനെ സവിശേഷമാനങ്ങളുള്ള പ്രമേയങ്ങളെ അംഗീകരിക്കുന്നതിലുടെ, ഏതെങ്കിലും ഒരു അടിസ്ഥാനപ്രമേയത്തിലേക്ക് ഇതര പ്രമേയങ്ങളെ ചുരുക്കുകയും ന്യൂനീകരിക്കുകയും ചെയ്യുന്ന വീക്ഷണം തന്നെ ഉപേക്ഷിക്കപ്പെടുന്നു. ഉല്പാദനബന്ധങ്ങള്‍ക്ക് പ്രാമുഖ്യം കൈവരുന്ന സന്ദര്‍ഭങ്ങളുണ്ടെന്നു തിരിച്ചറിയുന്നതോടൊപ്പം ഉല്പാദനബന്ധങ്ങളേക്കാളുപരിയായി പ്രത്യുല്പാദനബന്ധങ്ങള്‍ക്കോ ജാതിപ്രശ്‌നത്തിനോ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കോ പ്രാധാന്യം കൈവരുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാമെന്നു മനസ്സിലാക്കപ്പെടുകയാണ്. എല്ലാക്കാലത്തേക്കും യോജിച്ച സിദ്ധാന്തങ്ങളും പ്രയോഗങ്ങളും കൊണ്ടു നിര്‍മ്മിക്കപ്പെട്ട സ്ഥിതമായ ഘടനകളില്‍ അധിഷ്ഠിതമായ രാഷ്ട്രീയപ്രവര്‍ത്തനത്തെ കുറിച്ചുള്ള സങ്കല്പനങ്ങള്‍ ഉപേക്ഷിക്കപ്പെടണം. അതു നിരന്തരപരിണാമിയും നിരന്തരം നവീകരിക്കുന്നതും നിര്‍ണ്ണയവാദങ്ങളില്‍ നിന്നു വിമുക്തി നേടുന്നതും ആയിത്തീരണം. ജനാധിപത്യപൊതുമണ്ഡലത്തെ സ്വയം പര്യാപ്തമായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനു സഹായകമായ പ്രവര്‍ത്തനങ്ങളിലായിരിക്കണം മാര്‍ക്‌സിസ്റ്റുകള്‍ ഇടപെടേണ്ടത്.ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിനും പൊതുമണ്ഡലത്തിന്റെ വികാസം അനുപേക്ഷണീയമാണ്.
കടപ്പാട്: വിദ്യാര്‍ത്ഥി മാസിക, ജനുവരി, 2014
No comments:
Post a Comment